അഞ്ചുമാസത്തിനിടെ സംസ്ഥാനത്തെ വനമേഖലയിൽ ചരിഞ്ഞത് 40 കാട്ടാനകൾ

എം സനോജ്
Published on Nov 03, 2026, 03:53 PM | 1 min read
നിലമ്പൂർ : സംസ്ഥാനത്ത് അഞ്ചുമാസത്തിനിടെ ചരിഞ്ഞത് 40 കാട്ടാനകൾ. ഇവയിൽ എട്ടെണ്ണം ചരിഞ്ഞത് അസ്വാഭാവിക കാരണങ്ങളാൽ. 2026 മെയ് 18 മുതൽ ഒക്ടോബർ 20 വരെയുള്ള കണക്കാണിത്. അടിമാലി, ആറളം, അതിരപ്പിള്ളി, ഉടുമ്പഞ്ചോല, കരിമല, കരുളായി, കടമ്പുഴ, കുളത്തൂപ്പുഴ, കൊട്ടിയൂർ, കോതമംഗലം, കോന്നി, പുനലൂർ, ചിന്നാർ, പെരിയാർ തുടങ്ങിയ മുപ്പത് വനം റേഞ്ചുകളിലെ വനമേഖലകളിലാണ് കാട്ടാനകൾ ചരിഞ്ഞത്. സുൽത്താൻ ബത്തേരി റേഞ്ചിലാണ് ഏറ്റവും കൂടുതൽ കാട്ടാനകൾ ചരിഞ്ഞത്. മൂന്ന് കാട്ടാനകളാണ് സുൽത്താൻ ബത്തേരിയിൽ അഞ്ചുമാസത്തിനിടെ ചരിഞ്ഞത്.
2015 ജൂൺ ആറുമുതൽ 2026 മെയ് 15 വരെ 11 വർഷത്തിനിടെ 113 കാട്ടാനകൾ അസ്വാഭാവിക കാരണങ്ങളാൽ ചരിഞ്ഞിരുന്നു. 65 കൊമ്പൻമാരും 47 പിടിയാനകളും ലിംഗവ്യക്തമല്ലാത്ത ഒരുആനയുമാണ് ചരിഞ്ഞത്. ഇതിൽ 59 കാട്ടാനകൾ വൈദ്യുതി ആഘാതത്തിലാണ് ചരിഞ്ഞത്. വൈദ്യുതി ആഘാതത്തിനുപുറമെ അസ്വാഭാവിക കാരണങ്ങളാൽ 21 കാട്ടാനകളും, വാഹനമിടിച്ച് 12 എണ്ണവും, വേട്ടയാടലിനെ തുടർന്ന് 10 എണ്ണവും, സ്ഫോടകവസ്തുക്കൾമൂലം ഒമ്പത് എണ്ണവും, വിഷബാധയേറ്റ് രണ്ടെണ്ണവും ചരിഞ്ഞതായി റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ട്രെയിൻതട്ടി ചരിഞ്ഞ കാട്ടാനകളുടെ കണക്ക് വനംവകുപ്പ് പ്രത്യേകം രേഖപ്പെടുത്തിയിട്ടില്ല. മുൻ വർഷങ്ങളിൽ മൂന്നാർ വനം ഡിവിഷന് കീഴിലാണ് ഏറ്റവും കൂടുതൽ കാട്ടാനകൾ കൊല്ലപ്പെട്ടിട്ടുള്ളത്. 16 കാട്ടാനകളാണ് അസ്വാഭാവിക മരണങ്ങളാൽ മൂന്നാർ ഡിവിഷന് കീഴിൽ ചരിഞ്ഞത്. കാട്ടാന മരണങ്ങളിൽ വലിയൊരു പങ്കും മനുഷ്യ ഇടപെടലുകളുമായി ബന്ധപ്പെട്ട കാരണങ്ങളിലാണ്. വൈദ്യുതി ആഘാതം, വാഹനമിടി, വേട്ട, സ്ഫോടകവസ്തു, വിഷബാധ തുടങ്ങിയ കാരണങ്ങൾ സ്വാഭാവികമായുണ്ടാകുന്ന പ്രതിഭാസങ്ങളല്ലെന്നത് കണക്കുകളുടെ ഗൗരവം വർധിപ്പിക്കുന്നു.









0 comments