ഇന്നും ആശങ്കയായി രണ്ട് തുടർ ചലനങ്ങൾ
മ്യാൻമറിലും തയ്‌ലാൻഡിലും മരണ സംഖ്യ ഉയരുന്നു, രക്ഷാ പ്രവർത്തനവും തടസപ്പെട്ടു

വെള്ളിയാഴ്ച്ച ഉണ്ടായ ശക്തമായ ഭൂകമ്പത്തിനു പിന്നാലെ ശനിയാഴ്ച രാവിലെയും ഉച്ചയ്ക്കും തുടർപ്രകമ്പനങ്ങൾ മ്യാൻമറിൽ രക്ഷാ പ്രവർത്തനത്തെ ബാധിച്ചു. ഉച്ചയ്ക്ക് പ്രദേശികസമയം 2.50ന് റിക്ടർ സ്‌കെയിലിൽ 5.1 രേഖപ്പെടുത്തിയ തുടർപ്രകമ്പനവും രാവിലെ 11.53ന് റിക്ടർ സ്‌കെയിലിൽ 4.3 രേഖപ്പെടുത്തിയ മറ്റൊരു തുടർപ്രകമ്പനവും സംഭവിച്ചു.
മരണ സംഖ്യ ഇനിയും ഉയർന്നേക്കാം എന്ന ആശങ്ക തുടരുകയാണ്. ആയിരകണക്കിന് ആളുകളെ ഇനിയും കണ്ടെത്താൻ ഉണ്ടെന്നാണ് കണക്ക്. ഭൂകമ്പത്തിന്റെ ശക്തിയും ബാധിച്ച പ്രദേശത്തെ ജനസാന്ദ്രതയും പരിഗണിച്ച് പതിനായിരത്തോളം പേർക്ക് ജീവഹാനി സംഭവിക്കാമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ (യു എസ് ജി എസ്) മുന്നറിയിപ്പ് നല്‍കി.
ഭൂകമ്പത്തിൽ ആയിരത്തിലധികം പേർ മരിച്ചതായി ഇതേ ഏജൻസിയാണ് തുടക്കത്തിൽ റിപ്പോർട്ട് ചെയ്തത്. മാന്‍ഡലെയിലാണ് ഭൂകമ്പം കനത്തനാശംവിതച്ചത്. ഇവിടെ ഒട്ടേറെ കെട്ടിടങ്ങളും ഇരവതി നദിക്കുകുറുകെയുള്ള പഴയപാലവും അണക്കെട്ടും തകര്‍ന്നു. ദേശീയപാതകള്‍ രണ്ടായി മുറിഞ്ഞു.

വെള്ളിയാഴ്ച പ്രാദേശികസമയം ഉച്ചയ്ക്ക് 12.50ഓടെയാണ് 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. അന്നു തന്നെ 6.8 ത്രീവ്രത രേഖപ്പെടുത്തിയതുള്‍പ്പെടെ ആറ് തുടര്‍ചലനങ്ങളുമുണ്ടായി.
മരിച്ചവരുടെ എണ്ണം 1,002 ആയി ഉയര്‍ന്നതായും 2,376 പേര്‍ക്ക് പരിക്കേറ്റതായും മ്യാൻമറിലെ ഔദ്യോഗിക ഏജൻസിളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അയല്‍രാജ്യമായ തയ്‌ലാൻഡിൽ ഭൂകമ്പത്തില്‍ 10 പേര്‍ മരിച്ചു. ബാങ്കോക്കിലെ ചതുചാക്ക് മാര്‍ക്കറ്റിന് സമീപം നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നാണ് മരണം.

കെട്ടിടാവശിഷ്ടങ്ങളിലും മറ്റും ആളുകള്‍ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തില്‍ മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്. തലസ്ഥാനമായ നയ്പിഡോ ഉള്‍പ്പെടെ മ്യാന്‍മറിലെ ആറ് പ്രവിശ്യകളില്‍ പട്ടാളഭരണകൂടം ദുരന്തകാല അടിയന്തരാവസ്ഥ ഏർപ്പെടുത്തിയിരിക്കയാണ്.









0 comments