ad
Deshabhimani

പശ്ചിമേഷ്യൻ സംഘർഷം തിരിച്ചടിയായി; ദുബായ് വിമാനത്താവളത്തിൽ യാത്രാത്തിരക്ക് കുറഞ്ഞു

Dubai Airport

ദുബായ് അന്താരാഷ്ട്ര വിമാനത്താവളം | Photo Credit: Hamad I Mohammed / REUTERS

വെബ് ഡെസ്ക്

Published on May 04, 2026, 06:44 PM | 1 min read

ദുബായ് : പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് യുഎഇക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങൾ ദുബായ് വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു. മാർച്ചിലെ കണക്കുകൾ പ്രകാരം യാത്രക്കാരുടെ എണ്ണത്തിൽ മൂന്നിൽ രണ്ട് കുറവുണ്ടായതായി ദുബായ് മീഡിയ ഓഫീസ് തിങ്കളാഴ്ച അറിയിച്ചു. അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ദുബായിൽ മാർച്ചിൽ 25 ലക്ഷം യാത്രക്കാർ മാത്രമാണ് എത്തിയത്. മുൻവർഷത്തെ അപേക്ഷിച്ച് 66 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.


അമേരിക്കൻ - ഇസ്രയേൽ സഖ്യത്തിന്റെ ആക്രമണങ്ങൾക്ക് തിരിച്ചടിയായി ഇറാൻ നടത്തിയ നീക്കങ്ങളിൽ യുഎഇക്ക് വലിയ ആഘാതമാണ് നേരിടേണ്ടി വന്നത്. യുദ്ധത്തിനിടെ പലതവണ ദുബായ് വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണങ്ങളുമുണ്ടായി. ഇത് വ്യോമപാതയുടെ സുരക്ഷയെയും വിമാനങ്ങളുടെ സമയക്രമത്തെയും സാരമായി ബാധിച്ചു.


2026ന്റെ ഒന്നാം പാദത്തിൽ യാത്രാത്തിരക്ക് 21 ശതമാനം ഇടിഞ്ഞ് 1.86 കോടിയായി. കഴിഞ്ഞ വർഷം 9.52 കോടി യാത്രക്കാരെ കൈകാര്യം ചെയ്ത വിമാനത്താവളം ഈ വർഷം 9.95 കോടി കടക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ യുദ്ധസാഹചര്യം ഈ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചു.


നിലവിൽ യുഎഇയുടെ വ്യോമപാത പൂർണമായി പുനഃസ്ഥാപിച്ചിട്ടുണ്ട്. ലഭ്യമായ പ്രാദേശിക റൂട്ടിങ്ങിനനുസരിച്ച് വിമാന സർവീസുകൾ വർധിപ്പിച്ചുകൊണ്ട് പ്രവർത്തനങ്ങൾ സജീവമാക്കാനുള്ള നീക്കത്തിലാണ് ദുബായ് വിമാനത്താവള അധികൃതർ. പശ്ചിമേഷ്യയിലെ പ്രതിസന്ധികൾക്കിടയിലും വിപണി തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home