ad
Deshabhimani

print edition പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം; ആശങ്കയിൽ ഗൾഫ്‌

us iran bahrain

photo credit: AFP

വെബ് ഡെസ്ക്

Published on Sep 03, 2026, 01:05 AM | 2 min read

തെഹ്‌റാൻ/റിയാദ്‌/കുവൈത്ത്‌ സിറ്റി : അമേരിക്കയുടെ വ്യോമാക്രമണത്തിൽ ഇറാനിൽ 24 മണിക്കൂറിനിടെ 18 പേർ കൊല്ലപ്പെട്ടു. തിരിച്ചടി ശക്തമാക്കിയ ഇറാൻ ഗൾഫ് മേഖലയിലെ യുഎസ്‌ ആസ്‌തികളും സൈനികതാവളങ്ങളും ലക്ഷ്യമിട്ട്‌ പ്രത്യാക്രമണം നടത്തി. ഇടവേളക്കുശേഷം വീണ്ടും സംഘർഷം ആരംഭിച്ചതോടെ പ്രവാസിസമൂഹവും ആശങ്കയിലായി. വിവിധ ഗൾഫ് രാജ്യങ്ങളിൽ വേനലവധി കഴിഞ്ഞ് ഇന്ത്യൻ സ്‌കൂളുകൾ ഉൾപ്പെടെ ബുധനാഴ്ചയാണ് തുറന്നത്. ബുധൻ പുലർച്ചെ മുതൽ നിരവധി തവണ മൊബൈൽഫോണുകളിൽ ജാഗ്രതാസന്ദേശം എത്തി.


കുവൈത്തിലെയും ബഹ്‌റൈനിലെയും ജോർദാനിലെയും കേന്ദ്രങ്ങളിലേക്ക്‌ ഡ്രോണുകൾ എത്തി. കുവൈത്ത്‌ സിറ്റിയിലെ ജനവാസ കേന്ദ്രത്തിൽ ഡ്രോൺ പതിച്ചു. ആളപായമില്ല. സൗദി അറേബ്യയിലുള്ള തങ്ങളുടെ പൗരന്മാർക്ക് യുഎസ്‌ എംബസി ജാഗ്രതാനിർദേശം നൽകി. ഇറാഖിലെ അർബീലിലുള്ള അമേരിക്കൻ കേന്ദ്രങ്ങൾ ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടു. ഇറാഖിലെ കുർദിസ്ഥാനിലെ ഇർബിലിലുള്ള യുഎസ് താവളങ്ങൾക്ക് നേരെയും മിസൈൽ-ഡ്രോൺ ആക്രമണം നടത്തിയതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർന റിപ്പോർട്ട് ചെയ്തു.

തെക്കൻ ഇറാനിലെ കുഹെസ്‌തകിൽ വിവാഹച്ചടങ്ങ് നടന്ന വീടിനുനേരെ അമേരിക്ക നടത്തിയ ആക്രമണത്തിൽ കുഞ്ഞുങ്ങളടക്കം അഞ്ചുപേർ കൊല്ലപ്പെട്ടു. ഇത് പരസ്യമായ യുദ്ധക്കുറ്റമാണെന്ന് ഇറാൻ ചൂണ്ടിക്കാട്ടി.


ഇറാൻ തിരിച്ചടിച്ചാൽ മുമ്പത്തേക്കാൾ കഠിനമായ ആക്രമണങ്ങൾ നേരിടേണ്ടി വരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണിമുഴക്കി. ഇറാന് പിന്തുണ നൽകുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് യുഎസ്‌ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് മുന്നറിയിപ്പ് നൽകി. വ്യോമയാനം, സമുദ്ര ഗതാഗതം, ഡിജിറ്റൽ ആസ്തികൾ എന്നിവയിലൂടെ ഇറാനിലേക്കെത്തുന്ന സഹായങ്ങൾ തടയുമെന്നും അദ്ദേഹം വ്യക്തമാക്കി.


ഹോർമുസ് കടലിടുക്കിൽ രണ്ട് എണ്ണ ടാങ്കറുകൾ കടൽമൈനുകളിൽ തട്ടി തീപിടിച്ചതായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് അറിയിച്ചു. രണ്ട് ഫിലിപ്പിനോ ജീവനക്കാർ കൊല്ലപ്പെട്ടതായി സൗദി അറേബ്യൻ കപ്പൽ കമ്പനിയായ ബാഹ്‌രി സ്ഥിരീകരിച്ചു. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത സുരക്ഷ ഉറപ്പാക്കാൻ പശ്ചിമേഷ്യൻ രാജ്യങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കാൻ തയ്യാറാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഈജിപ്ത് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയിൽ പറഞ്ഞു. ഗൾഫ് മേഖലയിൽ വിദേശശക്തികളുടെ ഇടപെടലും ഇരട്ടത്താപ്പും അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുവൈത്ത്‌, ബഹ്‌റൈൻ, ജോർദാൻ എന്നീ രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന ആക്രമണം പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ഗൾഫ് സഹകരണ കൗൺസിൽ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home