print edition പശ്ചിമേഷ്യൻ സംഘർഷത്തിന് ആറുമാസം; സമാധാനം അകലെ

തെഹ്‌റാൻ/ വാഷിങ്‌ടൺ: ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള ഖമനേയിയുടെ കൊലപാതകത്തോടെ ഇറാനെ ചോരക്കളമാക്കി മാറ്റിയ അമേരിക്കൻ – -ഇസ്രയേൽ സൈനിക നീക്കങ്ങൾക്ക് ശനിയാഴ്ച ആറുമാസം തികഞ്ഞു. സമാധാന ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും അമേരിക്കയുടെ സാമ്രാജ്വത്യ ധാർഷ്‌ട്യം ലോകരാജ്യങ്ങളെ വൻ എണ്ണ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടത്.
ഗൾഫ് മേഖലകളിലെ യുഎസ് സൈനിക താവളങ്ങൾ ഇറാൻ ആക്രമിച്ചതോടെ സംഘർഷം ഗൾഫ് രാജ്യങ്ങളിലേക്കും വ്യാപിച്ചു. ലെബനനിലെ ഹിസ്‌ബുള്ളയും യുദ്ധത്തിൽ പങ്കാളികളായി ഇസ്രയേലിനെ തിരിച്ചടിച്ചു. ഇറാൻ കപ്പലുകൾക്കും തുറമുഖങ്ങൾക്കും അമേരിക്ക ഉപരോധം ഏർപ്പെടുത്തിയതോടെ ഹോർമുസ് കടലിടുക്ക് ഇറാൻ അടിച്ചിട്ടത് ആഗോള എണ്ണ പ്രതിസന്ധിയ്ക്ക് വഴിവച്ചു. ഇതോടെ, അമേരിക്ക ജൂൺ 17ന് സമാധാന ഉടന്പടി മുന്നോട്ടുവച്ചു. എന്നാൽ പ്രകോപനമില്ലാതെ വീണ്ടും ജൂലൈ ഏഴോടെ അമേരിക്ക ഇറാനെ ആക്രമിച്ചു. ഇതിനു ശേഷം നിരവധി തവണ ചർച്ചകൾക്ക് ശ്രമം ഉണ്ടായെങ്കിലും അമേരിക്ക യുദ്ധത്തിൽ നിന്ന് പിന്മാറാതെ കടലിടുക്ക് തുറക്കില്ലെന്ന നിലപാടിലാണ് ഇറാൻ.
കൊല്ലപ്പെട്ടത് 7900 പേർ
കണക്കുകൾ അനുസരിച്ച് ഇതുവരെ ലബനനിൽ മാത്രം 4350 പേർ കൊല്ലപ്പെട്ടു. ഇറാനിൽ 3527ഉം വിവിധ ഗൾഫ് രാജ്യങ്ങളിലായി 28 പേരും. ഇറാന്റെയും ഹിസ്‌ബുള്ളയുടെയും പ്രത്യാക്രമണത്തിൽ 60 ഇസ്രയേലികളും 18 യുഎസ് സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. 3580 തവണയാണ് അമേരിക്കയും ഇസ്രയേലും ഇറാനെ ആക്രമിച്ചതത്. ഇറാൻ 2053 തവണ തിരിച്ചടി നടത്തി.
ഹോർമുസ് കടക്കുന്നത് 5 കപ്പലുകൾ
യുദ്ധത്തിന് മുൻപ് പ്രതിദിനം 100 കപ്പലുകൾ സഞ്ചരിച്ച ഹോർമുസ് കടലിടുക്കിലൂടെ ഇപ്പോൾ കടന്നുപോകുന്നത് അഞ്ച് കപ്പല്‍ മാത്രം. യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത് നൽകിയ വിവരമനുസരിച്ച് അമേരിക്കയുടെ യുദ്ധച്ചെലവ് 37.5 ബില്യൺ ഡോളറായി ഉയർന്നു. എന്നാൽ യഥാർഥ ചെലവ് 80 മുതൽ 100 ബില്യൺ ഡോളർ വരെയാകാമെന്നാണ് കണക്ക്. അമേരിക്കയില്‍, ഡോണൾഡ് ട്രംപിന്റെ ജനപ്രീതി 33ശതമാനമായി കൂപ്പുകുത്തിയെന്നും റിപ്പോര്‍ട്ടുണ്ട്.










0 comments