print edition വിബിജി ആര്‍എഎം ജിയിലെ നിർബന്ധിത ഇ–കെവൈസി; 57 ലക്ഷം തൊഴിലാളികൾ പുറത്ത്

ന്യൂഡൽഹി: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച് കേന്ദ്ര സർക്കാർ നടപ്പാക്കിയ വിബിജി ആര്‍എഎം ജി പദ്ധതിയിൽ നിർബന്ധിത ഇ–കെവൈസി ഏർപ്പെടുത്തിയത് പാവപ്പെട്ട തൊഴിലാളികുടുംബങ്ങളെ പട്ടിണിയിലേക്ക് തള്ളിവിടുന്നു. നിർബന്ധിത ഇ–കെവൈസിയിൽനിന്ന് 57 ലക്ഷം സജീവതൊഴിലാളികൾ പുറത്തായി. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഇ–കെവൈസി പൂർത്തിയാക്കി തൊഴിലെടുത്തുവന്നവരെയാണ് കേന്ദ്രം വെട്ടുന്നത്. ആകെ രജിസ്റ്റർചെയ്ത തൊഴിലാളികളിൽ 71 ശതമാനം പേർക്ക് മാത്രമാണ് നിലവിൽ ഇ-കെവൈസി പൂർത്തിയാക്കാനായത്. തൊഴിലുറപ്പ് പദ്ധതി പ്രകാരം 94.88 ശതമാനം സജീവ തൊഴിലാളികൾ രാജ്യത്തുണ്ട്. പുതിയ പദ്ധതിയിലൂടെ ആർക്കും തൊഴിൽ നിഷേധിക്കപ്പെടില്ലെന്ന കേന്ദ്രസർക്കാർ വാദം ഇതോടെ പൊളിഞ്ഞു.
പദ്ധതിമാറ്റത്തോടെ രാജ്യത്തുടനീളം തൊഴിൽലഭ്യത കുറഞ്ഞു. 2025 ജൂലൈയിൽ തൊഴിലുറപ്പ് പദ്ധതിവഴി 15.33 കോടി തൊഴിൽദിനങ്ങൾ ലഭിച്ചെങ്കിൽ ഈ ജൂലൈയിൽ വിബിജി ആര്‍എഎം ജി വഴി 7.67 കോടി തൊഴിൽദിനങ്ങൾ മാത്രമാണ് ലഭ്യമായത്. 49.94 ശതമാനത്തിന്റെ കുറവ്. ഇതിനുപുറമെ ജൂൺ 29-നും ജൂലായ് 15-നുമിടയിൽ 67.6 ലക്ഷം തൊഴിലാളികൾ കൊഴിഞ്ഞുപോയെന്ന റിപ്പോർട്ട് മുമ്പ് പുറത്തുവന്നിട്ടുണ്ട്.
കൂടുതൽ തൊഴിലാളികളുള്ള ബിഹാർ, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഇ– കെവൈസി പൂർത്തിയാക്കാനാകാതെ പുറത്തായവരിൽ ഭൂരിഭാഗവും.










0 comments