യുഎസിലെ വിമാനാപകടം; നദിയിൽ നിന്ന് 18 മൃതദേഹങ്ങൾ കണ്ടെടുത്തതായി വിവരം

വാഷിങ്ടൺ : വാഷിങ്ടൺ ഡിസിയിൽ യാത്രാവിമാനവും ഹെലികോപ്റ്ററും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 18 പേരുടെ മൃതദേഹം പോട്ടോമാക് നദിയിൽ നിന്ന് കണ്ടെടുത്തതായി വിവരം. നദിയിലും പരിസര പ്രദേശങ്ങളിലും വ്യാപക തിരച്ചിൽ തുടരുകയാണ്. പ്രാദേശിക സമയം രാത്രി 9 മണിയോടെയാണ് ആകാശത്തുവെച്ച് യാത്രാവിമാനവും സൈനിക ഹെലികോപ്റ്ററും കൂട്ടിയിടിച്ചത്.
വിമാനവും ഹെലികോപ്റ്ററും പോട്ടോമാക് നദിയിൽ തകർന്നുവീഴുകയായിരുന്നു.
ലാൻഡ് ചെയ്യാനായി എത്തുന്നതിനിടെ യാത്രാവിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിക്കുകയായിരുന്നു. 60 യാത്രക്കാരും 4 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. 3 പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. അമേരിക്കൻ പ്രാദേശിക എയർലൈനായ പിഎസ്എ എയർലൈനിന്റെ ബൊംബാർഡിയർ സിആർജെ 700 ജെറ്റാണ് സിറോസ്കി എച്ച്- 60 ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചത്. കൻസാസിലെ വിഷ്യയിൽ നിന്നാണ് അമേരിക്കൻ എയർലൈൻസ് വിമാനം പുറപ്പെട്ടത്. റൊണാൾഡ് റീഗൻ എയർപോർട്ടിലേക്ക് ലാൻഡ് ചെയ്യാനെത്തുന്നതിനിടെയായിരുന്നു അപകടം.
അപകടത്തിന്റെ കാരണം വ്യക്തമല്ല. അപകടത്തെത്തുടർന്ന് റൊണാൾഡ് റീഗൻ എയർപോർട്ടിൽ നിന്നുള്ള വിമാനസർവീസുകൾ നിർത്തിവച്ചു.









0 comments