ഇന്ത്യയ്ക്ക് മേലുള്ള സമ്മർദം യുഎസിന് തിരിച്ചടിയാവും; സൗഹൃദ രാജ്യങ്ങളോടുള്ള ഭീഷണിക്ക് മറുപടി നൽകി പുടിൻ

മോസ്കോ: റഷ്യൻ ക്രൂഡോയിൽ വാങ്ങരുതെന്നടക്കമുള്ള നിർദ്ദേശങ്ങളുമായി ഇന്ത്യയെയും ചൈനയെയും സമ്മർദ്ദത്തിലാക്കാനുള്ള അമേരിക്കയുടെ ശ്രമങ്ങളെ രൂക്ഷമായി വിമർശിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. അമേരിക്കയുടെ താരിഫ് ഭീഷണി അവർക്ക് തന്നെ തിരിച്ചടിയാവുമെന്നും അദ്ദേഹം കൂട്ടിചേർത്തു. യുക്രൈയ്ൻ യുദ്ധത്തിന് പണം കണ്ടെത്തുന്നത് തടയാൻ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താൻ യൂറോപ്പ്, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളോട് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുടിൻ്റെ ഈ പ്രതികരണം.
റഷ്യയുടെ വ്യാപാര പങ്കാളികൾക്ക് ഉയർന്ന താരിഫ് ഏർപ്പെടുത്തിയാൽ അത് രാജ്യാന്തര തലത്തിൽ വില വർധനയ്ക്ക് കാരണമാവും. ഒപ്പം പലിശനിരക്ക് ഉയർന്ന നിലയിൽ നിർത്താൻ യുഎസ് ഫെഡറൽ റിസർവ് നിർബന്ധിതരാവും. റഷ്യൻ ഊർജ്ജ വിതരണം തടസ്സപ്പെട്ടാൽ ആഗോള സമ്പദ്‌വ്യവസ്ഥയെ അത് സാരമായി ബാധിക്കും. എണ്ണവില ബാരലിന് 100 ഡോളറിന് മുകളിലേക്ക് ഉയരും.
ഇന്ത്യയെ ആരുടെയും മുന്നിൽ അപമാനിക്കാൻ കഴിയില്ലെന്നും, അത്തരം ശ്രമങ്ങൾ രാജ്യം അനുവദിക്കില്ലെന്നും പുടിൻ വ്യക്തമാക്കി. ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തെ ജനങ്ങൾ രാഷ്ട്രീയ നേതൃത്വത്തിൻ്റെ തീരുമാനങ്ങൾ ശ്രദ്ധയോടെ നിരീക്ഷിക്കും. ആരുടെയും മുന്നിൽ അപമാനിക്കപ്പെടാൻ അവർ ഒരിക്കലും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യയ്‌ക്ക് ആവശ്യമായ ക്രൂഡോയിലിന്റെ ഏതാണ്ട് 90 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. 2024–25 സാമ്പത്തികവർഷത്തിൽ രാജ്യത്തിന്റെ ആകെ ക്രൂഡോയിൽ ഇറക്കുമതിയുടെ 35 ശതമാനവും റഷ്യയിൽ നിന്നാണ്. നടപ്പു സാമ്പത്തികവർഷം ഇത് 50 ശതമാനത്തോളമായി ഉയരുമെന്നാണ് റിപ്പോർട്ട്. 2022മുതലാണ് റഷ്യൻ ക്രൂഡോയിൽ ഇന്ത്യ കൂടുതലായി വാങ്ങിതുടങ്ങിയത്. റഷ്യൻ ക്രൂഡോയിലിന് ബാരലിന് 10 ഡോളർ വരെ ലാഭമുണ്ട്. 2022 മുതൽ ഈ ഇനത്തിൽ ഇന്ത്യയ്ക്ക് ഒന്നര ലക്ഷം കോടി രൂപയുടെ നേട്ടമുണ്ടാക്കാനായി. നിലവിൽ പ്രതിദിനം 20 ലക്ഷം ബാരൽ എണ്ണയാണ് റഷ്യയിൽ നിന്ന് ഇന്ത്യ വാങ്ങുന്നത്. റഷ്യൻ ക്രൂഡോയിൽ ഒഴിവാക്കിയാൽ നടപ്പുവർഷം മാത്രം എൺപതിനായിരം കോടിയോളം രൂപയുടെ നഷ്ടമുണ്ടാകും. അടുത്ത സാമ്പത്തികവർഷം നഷ്ടം ഒരു ലക്ഷം കോടിയാകും.








0 comments