യുഎസ് ശിക്ഷാതീരുവയിൽ സഹായം
ഇന്ത്യ–റഷ്യ വ്യാപാര അസന്തുലിതാവസ്ഥ പരിഹരിക്കും : പുടിന്‍

മോസ്‌കോ
അമേരിക്കയുടെ ഉപരോധ സാഹചര്യത്തിൽ ഇന്ത്യയുമായുള്ള വ്യാപാര അസന്തുലിതാവസ്ഥ ലഘൂകരിക്കുന്നതിന് നടപടികൾ ആവിഷ്കരിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഉത്തരവിട്ടു. ഇന്ത്യയിൽനിന്ന് കൂടുതൽ കാർഷിക ഉൽപ്പന്നങ്ങളും മരുന്നുകളും റഷ്യ വാങ്ങും. ഡിസംബർ ആദ്യം ഇന്ത്യയിലേക്കുള്ള തന്റെ യാത്രയ്ക്കും പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കും താൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് സോച്ചിയിൽ 140 രാജ്യങ്ങളിൽ നിന്നുള്ള സുരക്ഷാ, ഭൗമരാഷ്ട്രീയ വിദഗ്ധരുടെ അന്താരാഷ്ട്ര വാൽദായ് ചർച്ചാ ഫോറത്തിൽ സംസാരിക്കവേ പുടിൻ പറഞ്ഞു.
ഇന്ത്യൻ ജനത അവരുടെ ദേശീയ താൽപ്പര്യങ്ങൾക്കും മുൻഗണനകൾക്കും വിരുദ്ധമായ തീരുമാനമെടുക്കില്ല. സ്വന്തം രാജ്യത്തെ ഭീഷണിപ്പെടുത്തുന്നത് സഹിക്കിക്കുകയുമില്ല. ആരാലും അപമാനിക്കപ്പെടാൻ ഇന്ത്യ ഒരിക്കലും അനുവദിക്കില്ല. പ്രധാനമന്ത്രി മോദിയും അത്തരം തീരുമാനങ്ങൾ എടുക്കില്ലെന്നാണ് കരുതുന്നത്– റഷ്യയുടെ പ്രധാന പങ്കാളികൾക്കു മേൽ ഉയർന്ന തീരുവകളും ഉപരോധങ്ങളും ഏർപ്പെടുത്തുമെന്ന അമേരിക്കയുടെ ഭീഷണിയോട് പുടിൻ പ്രതികരിച്ചു.
അമേരിക്കയുടെ ശിക്ഷാതീരുവ മൂലം ഇന്ത്യ നേരിടുന്ന നഷ്ടങ്ങൾ റഷ്യയിൽനിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിയിലൂടെ സന്തുലിതമാകും. ഒരു പരമാധികാര രാഷ്ട്രമെന്ന നിലയിൽ ഇന്ത്യക്ക് അന്തസ്സ് ലഭിക്കുകയുംചെയ്യുമെന്ന് പുടിൻ കൂട്ടിച്ചേർത്തു. റഷ്യയിൽനിന്ന് കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്നതിനാലുള്ള വ്യാപാര അസന്തുലിതാവസ്ഥ ലഘൂകരിക്കാനാണ് ഇന്ത്യയിൽനിന്ന് കൂടുതൽ കാർഷിക ഉൽപ്പന്നങ്ങളും മരുന്നുകളും വാങ്ങുന്നത്. റഷ്യയും ഇന്ത്യയും തമ്മിൽ സാമ്പത്തിക സഹകരണത്തിനുള്ള വിശാല സാധ്യതകൾ പുടിൻ ചൂണ്ടിക്കാട്ടി. റഷ്യയ്ക്ക് ഇന്ത്യയുമായി ഒരിക്കലും പ്രശ്‌നങ്ങളോ സംഘർഷങ്ങളോ ഉണ്ടായിട്ടില്ലെന്നും സോവിയറ്റ് യൂണിയന്റെ കാലം മുതലുള്ള ബന്ധം ഇന്ത്യ മറന്നിട്ടില്ലെന്നതിൽ തങ്ങൾ അഭിനന്ദിക്കുന്നുവെന്നും പുടിൻ പറഞ്ഞു.








0 comments