കൊളോണിയൽ യുഗം അവസാനിച്ചു : പുടിൻ

ബീജിങ്
മറ്റ് രാജ്യങ്ങളെ വരുതിയിലാക്കാൻ കൊളോണിയൽ കാലഘട്ടത്തിലെ സമ്മർദതന്ത്രങ്ങൾ പ്രയോഗിക്കുന്നത് വിലപ്പോകില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. "പങ്കാളികളെ’ നേരിടാനുള്ള വഴി ഇതല്ലെന്നും അദ്ദേഹം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ഓർമിപ്പിച്ചു. ചൈനയുടെ വിജയദിന പരേഡിൽ പങ്കെടുത്തശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് പുടിൻ ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യ, ചൈന തുടങ്ങിയ ശക്തമായ സമ്പദ്‌വ്യവസ്ഥകൾക്ക് വലിയ ജനസംഖ്യയുണ്ട്. സ്വന്തമായ ആഭ്യന്തര രാഷ്ട്രീയസംവിധാനവും നിയമങ്ങളുമുണ്ട്. ആരെങ്കിലും പറയുന്നതുകേട്ട് അവരെ ശിക്ഷിക്കാൻ പോകുന്പോൾ ആ രാജ്യങ്ങളെക്കുറിച്ച് നിങ്ങൾ ചിന്തിക്കണം. ചരിത്രത്തിൽ ദുഷ്‌കരമായ കാലഘട്ടങ്ങളുള്ള ആ രാജ്യങ്ങളും പ്രതികരിക്കും. അവർക്ക് കൊളോണിയൽ ഭരണത്തെ നേരിടേണ്ടിവന്നു. അവരുടെ പരമാധികാരത്തിനു നേരെയുള്ള ആക്രമണങ്ങൾ വളരെക്കാലം ഉണ്ടായിരുന്നു. അവിടെ ഏതെങ്കിലുമൊരു നേതാവ് ബലഹീനത കാട്ടിയാൽ രാഷ്ട്രീയജീവിതം അവസാനിക്കും.
കൊളോണിയൽ യുഗംഅവസാനിച്ചു. പങ്കാളികളുമായി സംസാരിക്കുമ്പോൾ ഈ പദം ഉപയോഗിക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കണം– ട്രംപിന്റെ ധാരണയില്ലായ്മയെ ചോദ്യംചെയ്ത് പുടിൻ പറഞ്ഞു. റഷ്യൻ എണ്ണ വാങ്ങുന്നതിന് ഇന്ത്യക്കുമേൽ അമേരിക്ക 50 ശതമാനം തീരുവ അടിച്ചേല്‍പ്പിച്ച സാഹചര്യത്തിലാണ് പുടിന്റെ പ്രതികരണം. ആദ്യം ചൈനയ്ക്ക് 145 ശതമാനം തീരുവ ചുമത്തിയ ട്രംപ് പിന്നീട് തീരുവ 30 ശതമാനമായി കുറച്ചു.








0 comments