പതിനായിരങ്ങൾ പറഞ്ഞു "വിവ ഇൽ പാപ്പ'

വത്തിക്കാൻ സിറ്റി
സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ തുറന്ന വാഹനത്തിലെത്തി പാപ്പ വിശ്വാസികളെ ആശിർവദിച്ചപ്പോൾ തിടിച്ചുകൂടിയ പതിനായിരങ്ങൾ പതാകകൾ വീശി വിവ ഇൽ പാപ്പ (മാർപാപ്പ നിണാൾ വാഴട്ടെ ) എന്ന് ആർത്തുവിളിച്ചു. ജനസാഗരത്തെ സാക്ഷിയാക്കിയായിരുന്നു ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണ ചടങ്ങുകൾ. സ്ഥാനാരോഹണ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ഇരുനൂറിലധികം വിദേശപ്രതിനിധികളും എത്തിയിരുന്നു. പൗരസ്ത്യ സഭകളിലെ പാത്രിയാർക്കീസുമാർക്കൊപ്പം വിശുദ്ധ പത്രോസിന്റെ കബറിടത്തിൽ പ്രാർഥിച്ചശേഷമാണ് സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലേക്കുള്ള പ്രദക്ഷിണം ആരംഭിച്ചത്.
അപരനെ കരുതണം : മാർപാപ്പ
മറ്റൊന്നിനേക്കാൾ മേധാവിത്വമുണ്ടെന്ന് കരുതുന്നതല്ല, അപരനെ കരുതുന്നതാണ് സ്‌നേഹത്തിന്റെ ഭാഷയെന്ന് ലിയോ പതിനാലാമൻ മാർപാപ്പ വിശ്വാസികളോട് പറഞ്ഞു. സ്‌നേഹത്തിന്റെ സമയമാണിത്. വിവിധ മതസ്ഥരുമായുള്ള ഐക്യം പ്രധാനമാണ്. സമാധാനമുള്ള ഒരു ലോകത്തിനായാണ് നാം ഒന്നിക്കേണ്ടത്. മറ്റുള്ളവരുടെ സാമൂഹ്യവും ആത്മീയവുമായ സംസ്കാരങ്ങളെയും മൂല്യങ്ങളെയും മനസിലാക്കാൻ ശ്രമിക്കണം. മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടത് എന്തെങ്കിലും മികവ് കൊണ്ടല്ല. സന്തോഷത്തിലും വിശ്വാസത്തിലും നിങ്ങളുടെ സേവകനായി ഇരിക്കാനും സ്‌നേഹത്തിന്റെ പാതയിൽ നിങ്ങൾക്കൊപ്പം നടക്കാനുമാണ് ആഗ്രഹം–-മാർപാപ്പ പറഞ്ഞു.









0 comments