കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം; വിയറ്റ്നാമിൽ പുതിയ നിയമങ്ങൾ

ഹനോയ് : 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ സ്വന്തമായി പോസ്റ്റുകൾ പങ്കുവെക്കുന്നതിനും കമന്റ് ചെയ്യുന്നതിനും റിയാക്ട് ചെയ്യുന്നതിനും വിലക്കേർപ്പെടുത്താൻ വിയറ്റ്നാം സർക്കാർ ആലോചിക്കുന്നു. കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള അന്താരാഷ്ട്ര നീക്കങ്ങളുടെ ഭാഗമായാണ് വിയറ്റ്നാമും പുതിയ നിയമ നിർമാണത്തിന് ഒരുങ്ങുന്നത്. 16 വയസ്സിൽ താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മാതാപിതാക്കളുടെയോ നിയമപരമായ രക്ഷാധികാരികളുടെയോ വിവരങ്ങൾ ഉപയോഗിച്ച് മാത്രമേ രജിസ്റ്റർ ചെയ്യാൻ അനുവദിക്കൂ.
കുട്ടികൾ കാണുന്ന ഉള്ളടക്കവും പ്ലാറ്റ്‌ഫോമുകളിൽ ചെലവഴിക്കുന്ന സമയവും നിരീക്ഷിക്കാനുള്ള ഉത്തരവാദിത്തം രക്ഷിതാക്കൾക്കായിരിക്കും. ചൈൽഡ് യൂസർമാരെ തിരിച്ചറിയാനും അവർക്ക് അനുയോജ്യമായ ഉള്ളടക്കങ്ങൾ മാത്രം ലഭ്യമാക്കാനും സോഷ്യൽ മീഡിയ കമ്പനികൾ സാങ്കേതിക മാർഗങ്ങൾ ഉപയോഗിക്കണം. കുട്ടികളുടെ അക്കൗണ്ടുകൾക്ക് ഉയർന്ന സ്വകാര്യത ഉറപ്പാക്കണമെന്നും അക്രമം, അശ്ലീലം, ചൂതാട്ടം, ലഹരിമരുന്ന് ഉപയോഗം, ആത്മഹത്യ എന്നിവയുമായി ബന്ധപ്പെട്ട ദോഷകരമായ ഉള്ളടക്കങ്ങൾ തടയാൻ പ്ലാറ്റ്‌ഫോമുകൾ മുൻകൈയെടുക്കണമെന്നും നിർദേശമുണ്ട്.
കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം പൂർണമായി തടയുകയല്ല, മറിച്ച് അവർക്ക് സുരക്ഷിതവും പ്രായത്തിനനുയോജ്യവുമായ ഓൺലൈൻ അന്തരീക്ഷം ഉറപ്പാക്കുകയാണ് ഇതിന്റെ പ്രാഥമിക ലക്ഷ്യമെന്ന് വിയറ്റ്നാം ഡെപ്യൂട്ടി കൾച്ചർ മിനിസ്റ്റർ വ്യക്തമാക്കി. സോഷ്യൽ മീഡിയക്ക് പുറമെ ഓൺലൈൻ ഗെയിമിങിലും ശക്തമായ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ വിയറ്റ്നാം നിർദേശിക്കുന്നുണ്ട്. ഗെയിമിങ് കമ്പനികൾ ഉപയോക്താക്കളുടെ പ്രായം സ്ഥിരീകരിക്കണമെന്നും 16 വയസ്സിൽ താഴെയുള്ളവർക്ക് ഒരു കമ്പനിയുടെ ഗെയിമുകൾ ദിവസം പരമാവധി 60 മിനിറ്റ് മാത്രമേ കളിക്കാൻ അനുവാദമുണ്ടാകൂ.
ഓൺലൈൻ സുരക്ഷയെക്കുറിച്ചും സോഷ്യൽ മീഡിയ കുട്ടികളുടെ മാനസികാരോഗ്യത്തിൽ ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ചുമുള്ള ആഗോള ആശങ്കകളുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം. അടുത്തിടെ 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്കിക്കൊണ്ട് ഫ്രാൻസ് ഉത്തരവിട്ടിരുന്നു. ഓസ്ട്രേലിയയും സമാനമായ വിലക്ക് നേരത്തെ ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ പുറത്തിറക്കിയ കരട് നിർദേശത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്നും ആവശ്യമായ മാറ്റങ്ങൾക്ക് ശേഷമായിരിക്കും നിയമം പ്രാബല്യത്തിൽ വരികയെന്നും വിയറ്റ്നാം അറിയിച്ചു.










0 comments