ഐ ഫോണിന് പകരം താടി വളരാനുള്ള എണ്ണ; ഉപഭോക്താവിന് പണം തിരികെ നൽകണമെന്ന് ഫ്ലിപ്കാർട്ടിനോട് കോടതി

പ്രതീകാത്മക ചിത്രം
മുംബൈ: ഐ ഫോണിന് പകരം താടി വളരാനുള്ള എണ്ണ ലഭിച്ച ഉപഭോക്താവിന് പണം തിരികെ നൽകാൻ ഫ്ലിപ്കാർട്ടിന് ഉപഭോക്തൃ കോടതിയുടെ ഉത്തവ്. ഐഫോണിന്റെ തുകയായ 1.11 ലക്ഷം രൂപയും നഷ്ടപരിഹാരവും നിയമനടപടി ചെലവുകൾക്കുമായി 70,000 രൂപയും നൽകണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. മുംബൈ സബർബൻ അഡീഷണൽ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷന്റേതാണ് ഉത്തരവ്.
ഐഫോണിന് പകരം കിട്ടിയത് എണ്ണയാണെന്ന് പല തവണ പരാതികൾ നൽകിയെങ്കിലും അതെല്ലാം വിഫമായതിന്റെ അടിസ്ഥാനത്തിലാണ് ഉപഭോക്താവ് കോടതിയെ സമീപിച്ചത്. ഓൺലൈൻ പേയ്മെന്റാണ് ഉപഭോക്താവ് നടത്തിയത്. അതുകൊണ്ട് തന്നെ ഉത്പന്നം ഉപഭോക്താവിന് കൃത്യമായി ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താനും പരാതികൾ പരിഹരിക്കാനും ഫ്ലിപ്കാർട്ടിന് ബാധ്യതയുണ്ടെന്നും കമ്മീഷൻ വ്യക്തമാക്കി.
വസ്തുക്കൾ വിറ്റഴിച്ച ശേഷം ഇ-കോമേഴ്‌സ് സ്ഥാപനങ്ങൾക്ക് ഇടപാടിൽ നിന്ന് പൂർണ്ണമായി ഒഴിഞ്ഞുമാറാനാകില്ലെന്നും, പ്രത്യേകിച്ച് മറ്റൊരു ഉൽപന്നമാണ് നൽകിയതെന്ന് ഉപഭോക്താവ് ഉടൻ തന്നെ റിപ്പോർട് ചെയ്യുമ്പോൾ ഉത്തരവാദിത്തത്തിൽ നിന്ന് മാറിനിൽക്കാൻ കഴിയില്ലെന്നും കമ്മീഷൻ കൂട്ടിച്ചേർത്തു. ഉപഭോക്താക്കൾ നൽകുന്ന പരാതികളിൽ പരിഹാരം കാണാതെ ഇരിക്കുന്നത് അന്യായമായ വ്യാപാര രീതിയാണെന്നും സേവനത്തിലെ പോരായ്മയാണെന്നും കോടതി നിരീക്ഷിച്ചു. ഇതുമൂലം പരാതിക്കാരന് ഉണ്ടായ നഷ്ടത്തിനും ബുദ്ധിമുട്ടുകൾക്കും ഫ്ലിപ്കാർട്ടും വിൽപ്പനക്കാരനും ഒരുപോലെ ഉത്തരവാദികളാണെന്നും കമ്മീഷൻ ഉത്തരവിട്ടു.
മുംബൈ പവായി സ്വദേശിയായ പരാതിക്കാരൻ 2023 ഏപ്രിൽ 22-നാണ് നോ-കോസ്റ്റ് ഇഎംഐ സ്കീം വഴി ഫ്ലിപ്കാർട്ട് വഴി 1,11,793 രൂപയ്ക്ക് ആപ്പിൾ ഐഫോൺ 14 പ്രോ (128 ജിബി) ഓർഡർ ചെയ്തത്. ഇതോടൊപ്പം ഫോൺ കവറും ചാർജറും ഓർഡറും ചെയ്തിരുന്നു. എന്നാൽ ഓർഡർ വന്നപ്പോൾ ഐഫോണിന് പകരം കിട്ടിയത് താടി വളർത്തുന്ന എണ്ണയും പാക്കിംഗ് സാധനങ്ങളുമായിരുന്നു. തുടർന്ന് നിരന്തരം പരാതിപ്പെട്ടിട്ടും പരിഹാരമുണ്ടായില്ല. എന്നാൽ പിന്നീട് എണ്ണ മാറ്റി ഐ ഫോൺ നൽകുകയോ പണമോ നൽകാതെ പ്രശ്നം പരിഹരിച്ചുവെന്നാണ് കാണിച്ചതെന്നും ഉപഭോക്താവ് തന്റെ പരാതിയിൽ പറഞ്ഞിരുന്നു.
ഈ കേസിൽ എതിർകക്ഷിയായിരുന്ന ആപ്പിൾ ഇന്ത്യയെ കോടതി കേസിൽ നിന്ന് ഒഴിവാക്കി. ഉൽപ്പന്നത്തിന്റെ നിർമ്മാതാക്കൾ എന്ന നിലയിൽ പാക്കേജിംഗിലോ വിതരണത്തിലോ ഉണ്ടാകുന്ന വീഴ്ചകളിൽ അവർക്ക് പങ്കില്ലെന്ന് കോടതി നിരീക്ഷിച്ചു.










0 comments