print edition നെഞ്ചുപൊട്ടി വെനസ്വേലന്‍ ജനത മുദ്രാവാക്യം മുഴക്കി ; 'പ്രിയ നേതാവിനെ തിരിച്ചുപിടിക്കും'

യുഎസ് അധിനിവേശത്തിനെതിരെ വെനസ്വേലയിലെ കരാക്കസിൽ നടന്ന പ്രതിഷേധത്തിൽനിന്ന്
കരാക്കസ്
രാജ്യം ആക്രമിച്ച് പ്രസിഡന്റിനെയും ഭാര്യയെയും അമേരിക്കൻ സൈന്യം തട്ടിക്കൊണ്ടുപോയതിനെതിരെ വെനസ്വേലയിൽ പ്രതിഷേധം ആളിപ്പടരുന്നു. തലസ്ഥാനമായ കരാക്കസ് ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ മുതിർന്നവരും കുട്ടികളും യുവജനങ്ങളും അടക്കം ആയിരങ്ങള്‍ തെരുവിലിറങ്ങി. മഡുറോയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ച് ബാനറുകൾ ഏന്തിയും മുദ്രാവാക്യങ്ങൾ വിളിച്ചും ജനങ്ങൾ നീങ്ങി. വെനസ്വേലയുടെ പരമാധികാരത്തിനുമേല്‍ കൈവയ്‌ക്കാന്‍ ആരെയും അനുവദിക്കില്ലെന്നും പ്രിയ നേതാവ് മഡുറോയെ രാജ്യം എന്തുവിലകൊടുത്തും വീണ്ടെടുക്കുമെന്നും പ്രക്ഷോഭകര്‍ വിളിച്ചുപറഞ്ഞു.
കരാക്കസിലെ മിറാഫ്ലോറസ് കൊട്ടാരത്തിന് മുന്നിലും പ്രധാന തെരുവുകളിലും ജനങ്ങള്‍ തടിച്ചുകൂടി. പലയിടങ്ങളിലും പ്രതിഷേധക്കാർ അമേരിക്കൻ പതാകകൾ കത്തിച്ചു. അമേരിക്കൻ അധിനിവേശത്തിനെതിരെയും ഏകാധിപത്യത്തിനെതിരെയും ലാറ്റിനമേരിക്കയിൽ അലയടിക്കാറുള്ള "ഗ്രിങ്കോ ഗോ ഹോം' മുദ്രാവാക്യം മുഴക്കിയാണ് പ്രതിഷേധക്കാർ രാവുംപകലും തെരുവുകളിൽ കഴിയുന്നത്. വിദേശ സൈന്യം രാജ്യത്ത് കടന്നുകയറിയത് ഭൂരിഭാഗം ജനങ്ങളെയും പ്രകോപിപ്പിച്ചിട്ടുണ്ട്. ഇനിയൊരു കടന്നുകയറ്റമുണ്ടായാൽ രാജ്യമൊന്നാകെ തിരിച്ചടിക്കുമെന്നും പ്രതിഷേധക്കാർ പ്രഖ്യാപിച്ചു.
സംഘർഷമൊഴിവാക്കാൻ വെനസ്വേലൻ സൈന്യം നഗരങ്ങളിൽ നിലയുറപ്പിച്ചിരിക്കയാണ്. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ ജനങ്ങൾ ശാന്തരായിരിക്കണമെന്നും ഐക്യത്തോടെ നിലകൊള്ളണമെന്നും ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റ വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് ആഹ്വാനംചെയ്‌തു. വിദേശ വിമാനങ്ങൾക്ക് വെനസ്വേലൻ ആകാശത്ത് നിയന്ത്രണം ഏർപ്പെടുത്തി.

പിന്തുണയ്‌ക്ക് നന്ദി : വെനസ്വേല
വെനസ്വേലയിലെ യുഎസ് ആക്രമണങ്ങൾക്കും പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സീലിയ ഫ്ലോറസിനെയും തട്ടിക്കൊണ്ടുപോയതിനുമെതിരെ ശബ്ദമുയർത്തിയ ലോകരാജ്യങ്ങൾക്ക് നന്ദി അറിയിച്ച് വെനസ്വേല. വിദേശ മന്ത്രി ഇവാൻ ഗിൽ ടെലിഗ്രാം സന്ദേശത്തിലൂടെയാണ് പിന്തുണയ്‌ക്ക് നന്ദി അറിയിച്ചത്. ഉറച്ച നിലപാടെടുത്ത ചൈന, നമീബിയ, ഘാന, മലേഷ്യ തുടങ്ങിയ രാജ്യങ്ങളെ പേരെടുത്ത് നന്ദി അറിയിച്ചു.
വെനസ്വേലയിൽ യുഎസിന്റെ ഏകപക്ഷീയമായ സൈനിക നടപടികളെ അപലപിച്ചും യുഎൻ ചാർട്ടറിനെതിരായ പ്രവർത്തിയിൽ ആശങ്ക പ്രകടിപ്പിച്ചും ബ്രസീൽ, ചിലി, കൊളംബിയ, മെക്സിക്കോ, ഉറുഗ്വേ, സ്പെയിൻ എന്നീ രാജ്യങ്ങൾ സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചതിലും വെനസ്വേല നന്ദി അറിയിച്ചു. അമേരിക്കന്‍ നടപടിയെ ശക്തമായി എതിര്‍ത്ത ആഫ്രിക്കൻ യൂണിയനും നന്ദി അറിയിച്ചു.
ലോകമെങ്ങും പ്രതിഷേധം
വെനസ്വേലയിലെ യുഎസ് അധിനിവേശത്തിനെതിരായി ലോകമെങ്ങും പ്രതിഷേധം തുടരുന്നു. സ്‌പെയിനിൽ മാഡ്രിഡിലെ യുഎസ് എംബസിക്ക് മുന്നിൽ ആയിരങ്ങൾ പങ്കെടുത്ത പ്രകടനം നടന്നു. വെനസ്വേലയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. മഡുറോയെ വിട്ടയണക്കണമെന്നും ആവശ്യപ്പെട്ടു.
കാനഡയിലെ ഒട്ടാവയിലെ യുഎസ് എംബസിക്ക് മുന്നിൽ നടന്ന പ്രതിഷേധത്തിൽ കനേഡിയൻ പൗരന്മാരും ലാറ്റിൻ അമേരിക്കക്കാരും പങ്കെടുത്തു. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് വെനസ്വേലൻ പതാകയുടെ നിറങ്ങളിലുള്ള എണ്ണക്കുപ്പി ആർത്തിയോടെ വിഴുങ്ങുന്നത് അടക്കമുള്ള ചിത്രങ്ങൾ ആലേഖനംചെയ്‌ത ബാനറുകൾ പ്രതിഷേധക്കാർ ഉയർത്തിപ്പിടിച്ചു.

ഇറ്റലിയിലും കനത്ത പ്രതിഷേധമാണ് ഉയരുന്നത്. റോമിലെ യുഎസ് എംബസിക്ക് പുറത്ത് തിങ്കളാഴ്‌ച ആയിരങ്ങൾ പ്രതിഷേധിച്ചു. വെനസേലയിലെ ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ നിക്ഷേപം കൈക്കലാക്കാനാണ് അമേരിക്ക ഈ അധിനിവേശം നടത്തിയതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. റഷ്യ, ചൈന, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലും ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും പ്രതിഷേധംതുടരുകയാണ്.
കൊളംബിയയിലേക്ക് കടന്നുകയറുമെന്ന ട്രംപിന്റെ പുതിയ പ്രഖ്യാപനത്തിനെതിരെയും ലാറ്റിനമേരിക്കയിൽ പ്രതിഷേധം കനത്തു. ലാറ്റിനമേരിക്ക മുഴുവൻ കോളനിയാക്കാനുള്ള നീക്കം നടക്കില്ലെന്ന് പ്രതിഷേധക്കാർ മുന്നറിയിപ്പ് നൽകി.

ആരും ലോക പൊലീസ് ചമയണ്ട: ചൈന
ലോകം അനിശ്ചിതത്വത്തിലൂടെയും സംഘര്‍ഷങ്ങളിലൂടെയും കടന്നുപോകുമ്പോള്‍, ചിലരുടെ ഏകപക്ഷീയമായ, നടപടികളും "ഗുണ്ടായിസവും' ലോകക്രമത്തെ ഗുരുതരമായി തകർക്കുകയാണെന്ന് ചൈന പ്രസിഡന്റ് ഷി ജിൻപിങ് മുന്നറിയിപ്പ് നല‍്കി. ഐറിഷ് പ്രധാനമന്ത്രി മൈക്കൽ മാർട്ടിനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വെനസ്വേലയിലെ അമേരിക്കന്‍ നടപടിയെ ഷി പരോക്ഷമായി വിമര്‍ശിച്ചത്. മറ്റ് രാജ്യങ്ങളുടെ വികസന പാതകളെ ബഹുമാനിക്കണം. അന്താരാഷ്ട്ര നിയമങ്ങളും യുഎൻ ചാർട്ടറും പാലിക്കപ്പെടണം. മുൻനിര രാജ്യങ്ങൾ ഈ മാനദണ്ഡങ്ങൾ പാലിച്ച് മാതൃക കാണിച്ചാൽ മാത്രമേ ആഗോള സുസ്ഥിരത നിലനിൽക്കുവെന്നും ഷി പറഞ്ഞു.
ലോക പൊലീസാകാനും അന്താരാഷ്ട്ര ജഡ്ജി ചമയാനും ഒരു രാജ്യത്തിനും അവകാശമില്ലെന്ന് ചൈന വിദേശമന്ത്രി വാങ് യി പറഞ്ഞു. ഒരു രാജ്യത്തിന്റെ ഇച്ഛാശക്തി മറ്റൊരു രാജ്യത്തിന്റെ മേൽ അടിച്ചേൽപ്പിക്കുന്നതും ബലപ്രയോഗത്തിന് ശ്രമിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും ചൈന എതിർക്കുമെന്നും ബീജിങ്ങിൽ പാക് വിദേശമന്ത്രിയുമായുള്ള ചർച്ചയ്‌ക്കുശേഷം അദ്ദേഹം പറഞ്ഞു.
ചോരയൂറ്റുന്ന സാമ്രാജ്യത്വം
ലാറ്റിൻ അമേരിക്കയുടെ ചരിത്രത്തെയും അവിടുത്തെ ജനത അനുഭവിച്ച ചൂഷണങ്ങളെയും കുറിച്ചുള്ള വിഖ്യാത ഗ്രന്ഥമാണ് എഡ്വേർഡോ ഗലിയാനോ രചിച്ച ‘ഓപൺ വെയ്ൻസ് ഓഫ് ലാറ്റിൻ അമേരിക്ക'. 1971-ൽ പ്രസിദ്ധീകരിച്ച പുസ്‌തകം, യൂറോപ്യൻ രാജ്യങ്ങളും പിന്നീട് യുഎസും എങ്ങനെ പ്രകൃതിവിഭവങ്ങൾ കൊള്ളയടിച്ചെന്ന് വിവരിക്കുന്നു.
സ്വർണത്തിനും വെള്ളിക്കുമായുള്ള അധിനിവേശത്തിന്റെ തുടക്കവും കൊളോണിയൽ ശക്തികളുടെ ക്രൂരതകളും പുസ്‌തകം വരച്ചുകാട്ടുന്നു. ലോകത്തിലെ വലിയ വെള്ളി ശേഖരമുണ്ടായിരുന്ന പോട്ടോസിയിൽ ഖനികളിലെ വിഷവാതകം ശ്വസിച്ചും അപകടങ്ങളിൽപ്പെട്ടും മരിച്ചുവീണത് ദശലക്ഷക്കണക്കിന് മനുഷ്യരാണ്.

കൊളോണിയൽ ഭരണം അവസാനിച്ചെങ്കിലും ചൂഷണം അവസാനിച്ചില്ല. വിദേശ ബാങ്കുകൾ, അന്താരാഷ്ട്ര നാണ്യനിധി, വൻകിട കോർപറേഷനുകൾ എന്നിവയിലൂടെ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളെ സാമ്രാജ്യത്വം കടക്കെണിയിലാക്കുന്നു. രാഷ്ട്രീയമായി നിയന്ത്രിക്കുന്നു. യൂറോപ്പും യുഎസും സമ്പന്നമായത് ലാറ്റിൻ അമേരിക്കയുടെ രക്‌തം ഉൗറ്റിയെടുത്താണെന്നത് ഗലിയാനോ തുറന്നുകാട്ടുന്നു. 2009-ൽ വെനസ്വേലൻ പ്രസിഡന്റായിരുന്ന ഹ്യൂഗോ ഷാവേസ് അന്നത്തെ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയ്ക്ക് ഈ പുസ്തകം സമ്മാനിച്ചിരുന്നു.
ലാറ്റിനമേരിക്കയ്ക്കായി രംഗത്തിറങ്ങണം: ക്യൂബ
ലാറ്റിനമേരിക്കൻ മേഖലയുടെ സ്വാതന്ത്ര്യവും പരമാധികാരവും സംരക്ഷിക്കാൻ ലാറ്റിനമേരിക്കൻ, കരീബിയൻ രാജ്യങ്ങൾ കൂട്ടായി രംഗത്ത് ഇറങ്ങണമെന്ന് ക്യൂബൻ വിദേശകാര്യ മന്ത്രി ബ്രൂണോ എഡ്വാർഡോ റോഡ്രിഗസ് പരില്ല ആവശ്യപ്പെട്ടു. ലാറ്റിൻ അമേരിക്കൻ, കരീബിയൻ രാജ്യങ്ങളുടെ കൂട്ടായ്‌മ (സിഇഎൽഎസി) യുടെ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലാറ്റിനമേരിക്ക തർക്ക പ്രദേശമല്ല, അതിന്റെ പരാമാധികാരം അവിടുത്തെ ജനങ്ങൾക്ക് മാത്രം അവകാശപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ട്രംപിനെ ഇംപീച്ച് ചെയ്യണം: ഡെമോക്രാറ്റുകൾ
വെനസ്വേലയിൽ വ്യോമാക്രമണങ്ങൾ നടത്തുകയും പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും പ്രഥമ വനിത സീലിയ ഫ്ലോറസിനെയും തടങ്കലിൽ വയ്‌ക്കുകയുംചെയ്‌ത പ്രസിഡന്റ് ട്രംപിനെതിരെ യുഎസ് കോൺഗ്രസിലും പ്രതിഷേധം കനക്കുന്നു. ട്രംപിനെ ഇംപീച്ച്മെന്റ് ചെയ്യണമെന്ന് ഡെമോക്രാറ്റുകൾ ആവശ്യപ്പെട്ടു.
പ്രസിഡന്റിന്റെ യുദ്ധ അധികാരങ്ങൾ നിയന്ത്രിക്കാൻ പ്രമേയം കൊണ്ടുവരണം. കോൺഗ്രസിന്റെ മുൻകൂർ അനുമതിയില്ലാതെ മറ്റൊരു രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചതും സൈനിക നടപടി സ്വീകരിച്ചതും ഭരണഘടനാവിരുദ്ധമാണ്. ഇത് ഇംപീച്ച്മെന്റിന് കാരണമാകുന്ന കുറ്റമാണെന്നും സെനറ്റ് മൈനോറിറ്റി ലീഡർ ചക്ക് ഷുമറും ഹൗസ് ഡെമോക്രാറ്റിക് ലീഡർ ഹക്കീം ജെഫ്രീസും സംയുക്ത പ്രസ്‌താവനയിൽ പറഞ്ഞു. വെനസ്വേലയിലെ സൈനിക നടപടികൾ ട്രംപ് കൈകാര്യം ചെയ്‌ത രീതിയെയും ഡെമോക്രാറ്റിക് നേതാക്കൾ വിമർശിച്ചു.
മഡുറോയുടെ സ്വത്തുക്കൾ മരവിപ്പിച്ച് സ്വിസ്
വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ തങ്ങളുടെ രാജ്യത്തെ സ്വത്തുക്കൾ മരവിപ്പിക്കാൻ നടപടികൾ സ്വീകരിച്ചതായി സ്വിറ്റ്‌സർലൻഡ് സർക്കാർ അറിയിച്ചു. മയക്കുമരുന്നുകേസിൽ യുഎസ് കോടതിയിൽ വിചാരണ ആരംഭിച്ച സാഹചര്യത്തിലാണ് നടപടി. ആസ്തി മരവിപ്പിക്കൽ ചൊവ്വാഴ്‌ച പ്രാബല്യത്തിൽ വരും. നാല് വർഷത്തേക്ക് സാധുതയുള്ളതായിരിക്കും.










0 comments