തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ തിരികെ നൽകണം; അമേരിക്കയ്ക്കെതിരെ വെനസ്വേലയിൽ വൻ പ്രതിഷേധം

sos

photo credit: X

വെബ് ഡെസ്ക്

Published on May 09, 2025, 07:02 PM | 1 min read

കരാക്കസ്‌: അമേരിക്ക നിർബന്ധിതമായി മാറ്റിപാർപ്പിച്ച കുഞ്ഞിനെ തിരികെ നൽകണമെന്ന്‌ ആവശ്യപ്പെട്ട്‌ വെനിസ്വേലയിൽ വൻ പ്രതിഷേധം. മെയ്‌ക്ലിസ് എസ്പിനോസ ബെർണൽ എന്ന രണ്ട് വയസുകാരിയെയാണ്‌ അമേരിക്ക നിർബന്ധിതമായി മാറ്റിപാർപ്പിച്ചിരിക്കുന്നത്‌. സ്വദേശത്തേക്ക് പോകുന്നതിനിടെയാണ്‌ അമ്മ യോറെലിസ് ബെർണലിന്റെ അടുത്ത്‌ നിന്ന്‌ കുട്ടിയെ അധികൃതർ പിടിച്ചുവെച്ചത്‌. അന്താരാഷ്ട്ര നിയമപ്രകാരം കുടിയേറ്റക്കാരുടെയും കുട്ടികളുടെയും അവകാശങ്ങളുടെ ലംഘനമാണിതെന്ന്‌ വെനിസ്വേല സർക്കാർ പറഞ്ഞു. കുട്ടിയെ ഉടൻ തിരിച്ചയക്കണമെന്ന് ആവശ്യപ്പെട്ട് #freemaikelyespinoza എന്ന ഹാഷ്‌ടാഗിൽ വെനിസ്വേല അന്താരാഷ്ട്ര തലത്തിൽ കാമ്പയിൻ ആരംഭിച്ചു. വെനിസ്വേലൻ സർക്കാരിന്റെയും സാമൂഹിക പ്രസ്ഥാനങ്ങളുടെയും പിന്തുണയുണ്ട്‌ കാമ്പയിന്‌. കുടുംബത്തിന് നീതി ആവശ്യപ്പെട്ട് അന്താരാഷ്ട്ര തൊഴിലാളി ദിനത്തിൽ മാർച്ച്‌ നടത്തിയിരുന്നു. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും, പ്രത്യേകിച്ച് ലാറ്റിൻ അമേരിക്കയിൽ നിന്നുള്ളവരെ ലക്ഷ്യം വച്ച്‌ കുടിയേറ്റക്കാരുടെ കുടുംബങ്ങളെ വേർപെടുന്നത്‌ അമേരിക്കയുടെ വ്യവസ്ഥാപിത നയത്തിന്റെ ഭാഗമാണെന്നും ഉവെനിസ്വേല പറഞ്ഞു.


ബെർണലിന്റെ ഭർത്താവ് മൈ‌ക്കൽ അലജാൻഡ്രോ എസ്പിനോസയെയും കസ്റ്റഡിയിലെടുത്തിരിക്കുകയാണ്‌. എൽ സാൽവഡോറിലെ ഒരു തടങ്കൽ കേന്ദ്രത്തിലാണ്‌ അദ്ദേഹം. മനുഷ്യരാശിക്കെതിരായ അതിക്രമമാണിതെന്ന് വെനിസ്വേലൻ സർക്കാർ അപലപിച്ചു. കുടിയേറ്റക്കാരുടെയും കുട്ടികളുടെയും അവകാശങ്ങളുടെ ലംഘനമായി യുഎസ് നടപടികളെ അപലപിച്ച് വെനിസ്വേലൻ വിദേശകാര്യ മന്ത്രാലയം പൊതു പ്രസ്താവന പുറപ്പെടുവിച്ചു. മൈ‌ക്ലിസിനെ ഉടൻ തന്നെ കുടുംബത്തിലേക്ക് തിരികെ കൊണ്ടുവരണമെന്ന് പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. കുട്ടിയുടെ സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കുന്നതിന്‌ എല്ലാ നിയമ, രാഷ്ട്രീയ, നയതന്ത്ര മാർഗങ്ങളും പ്രയോജനപ്പെടുത്തുമെന്നും സർക്കാർ അറിയിച്ചു.


മെയ്‌ക്ലിസിനെ അമ്മയിൽ നിന്ന് വേർപെടുത്തിയത് അന്താരാഷ്ട്ര നിയമപ്രകാരം കുറ്റകൃത്യമാണെന്ന് പ്രസിഡന്റ് നിക്കോളാസ് മഡുറോ ഒരു ടെലിവിഷൻ പ്രസംഗത്തിൽ പറഞ്ഞു. അമേരിക്കയുടെ മനുഷ്യത്വരഹിതമായ ഇത്തരം പ്രവർത്തനങ്ങളിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതി പോലുള്ള സ്ഥാപനങ്ങൾ നടപടിയെടുക്കാത്തതിനെ അദ്ദേഹം വിമർശിച്ചു. " കുടിയേറ്റക്കാരിയാണെന്ന കാരണത്താൽ അമ്മയിൽ നിന്ന് കുട്ടിയെ വേർപ്പെടുത്തുന്നത്‌ അന്താരാഷ്ട്ര നിയമത്തിനു കീഴിൽ കുറ്റകൃത്യമാണ്," മഡുറോ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home