ഉസ്ബക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനി കൊല്ലപ്പെട്ടു; മലപ്പുറം സ്വദേശിയായ സഹപാഠി പിടിയിൽ

താഷ്കെന്റ്: ഉസ്ബക്കിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർഥിനി കൊല്ലപ്പെട്ടു. ഹരിപ്പാട് പിലാപ്പുഴ പുതുക്കാട്ട് സുപ്രഭാ ഭവനത്തിൽ ബസന്ത്–മിനി സുപ്രഭ ദമ്പതികളുടെ മകൾ സാവരിയ ബസന്ത് (21) ആണ് കൊല്ലപ്പെട്ടത്. ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിനിയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് സഹപാഠിയും മലപ്പുറം പെരിന്തൽമണ്ണ കാട്ടുപ്പാറ എരുവത്ത് കിഴക്കേതൊടിയിൽ സ്വദേശിയുമായ സദറുൽ ആനം (23) ഉസ്ബക്കിസ്ഥാനിൽ പൊലീസ് കസ്റ്റഡിയിലായി. വെള്ളിയാഴ്ചയായിരുന്നു സംഭവം.
സാവരിയയുടെ അടുത്ത സുഹൃത്തായിരുന്ന സദറുൽ ആനം സംസാരിക്കുന്നതിനിടെ പെട്ടെന്ന് പ്രകോപിതനായി കൈയിലുണ്ടായിരുന്ന ലാപ്ടോപ്പ് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു എന്നാണ് വിവരം. അടിയേറ്റ് ബോധരഹിതയായി നിലത്തുവീണ സാവരിയയെ സദറുൽ ആനം തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഡിസംബർ ആദ്യമാണ് സവരിയ എംബിബിഎസ് പഠനത്തിനായി ഉസ്ബക്കിസ്ഥാനിലെത്തിയത്. മരണവിവരം അറിഞ്ഞ് ദുബായിൽ ജോലി ചെയ്യുന്ന സാവരിയയുടെ ചിറ്റപ്പൻ ഉസ്ബക്കിസ്ഥാനിലെത്തി നിയമനടപടികൾ പൂർത്തിയാക്കി. എംബാം ചെയ്ത മൃതദേഹം ചൊവ്വാഴ്ച പുലർച്ചെ ഡൽഹി വിമാനത്താവളത്തിലെത്തിച്ചു. ഇന്ന് വൈകിട്ട് ഹരിപ്പാട്ടെത്തിക്കും.
സാവരിയയുടെ മരണവിവരം അറിഞ്ഞ് കുവൈറ്റിലായിരുന്ന അച്ഛൻ ബസന്ത് നാട്ടിലെത്തിയിരുന്നു. സംഭവത്തിൽ ഉസ്ബക്കിസ്ഥാൻ പൊലീസ് അന്വേഷണം തുടരുകയാണ്.










0 comments