ഗർഭിണിയെ കൊലപ്പെടുത്തി ഗർഭസ്ഥ ശിശുവിനെ പുറത്തെടുത്തു; യുഎസ് വനിതയ്ക്ക് വധശിക്ഷ

മിസോറി : ഗർഭിണിയെ കൊലപ്പെടുത്തിയ ശേഷം ഗർഭസ്ഥ ശിശുവിനെ പുറത്തെടുത്ത കേസിൽ യുഎസ് വനിതയ്ക്ക് വധശിക്ഷ. മിസോറി സ്വദേശിയായ ആംബർ വാട്ടർമാനെയാണ് (45) ഫെഡറൽ കോടതി ശിക്ഷിച്ചത്. 2022ലാണ് സംഭവം. 33കാരിയായ ആഷ്ലി ബുഷിനെയാണ് ആംഹർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. കുഞ്ഞിനെ വളർത്താൻ വേണ്ടിയാണ് കൊല നടത്തിയതെന്നാണ് ആംബർ പറഞ്ഞത്.
സംഭവസമയത്ത് ആഷ്ലി 31 ആഴ്ച ഗർഭിണിയായിരുന്നു. കേസിൽ ആംബറിന് ഇരട്ട ജീവപര്യന്തവും വിധിച്ചിട്ടുണ്ട്. മെയ് 8 ന്, ആംബറിനെതിരെ സംസ്ഥാന പ്രോസിക്യൂട്ടർമാർക്ക് കൊലപാതക വിചാരണ തുടരാമെന്ന് അർക്കൻസാസ് സുപ്രീം കോടതി വിധിച്ചിരുന്നു.
ലൂസി ബാറോസ് എന്ന പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയാണ് ആംബർ ആഷ്ലിയെ പരിചയപ്പെട്ടത്. തുടർന്ന് ആഷ്ലിക്ക് ജോലിയും മറ്റേണിറ്റി വസ്ത്രങ്ങളും നൽകാമെന്ന് വാഗ്ദാനം ചെയ്തു. തുടർന്ന് കൺവീനിയന്റ് സ്റ്റോറിന്റെ പാർക്കിങ്ങിൽ വച്ച് കാണാമെന്ന് ആഷ്ലിയോട് പറഞ്ഞു. ശേഷം തട്ടിക്കൊണ്ടുപോയി വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.
തുടർന്ന് വയറുകീറി കുട്ടിയെ പുറത്തെടുത്തു. എന്നാൽ കുട്ടി മരണപ്പെട്ടിരുന്നു. ശേഷം ആംബർ എമർജൻസി സർവീസിൽ വിളിച്ച് താൻ പ്രസവിച്ചുവെന്നും കുട്ടി മരണപ്പെട്ടുവെന്നും അറിയിച്ചു. ഭർത്താവ് ജെയ്മി വാട്ടർമാന്റെ സഹായത്തോടെ വീടിനു പിറകുവശത്ത് ആഷ്ലിയുടെ മൃതദേഹം മറവുചെയ്യുകയും ആഷ്ലിയുടെ വസ്ത്രമടക്കമുള്ളവ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയും ചെയ്തു. 2022 നവംബറിൽ ആംബർ അറസ്റ്റിലായി.









0 comments