print edition പടക്കപ്പൽ പിൻവലിച്ച് യുഎസ്

വാഷിംങ്‌ടൺ: സാമ്രാജ്യത്വ അധിനിവേശത്തിനായി അമേരിക്ക കടലിലിറക്കിയ വിമാനവാഹിനി യുദ്ധക്കപ്പൽ ‘യുഎസ്എസ് എബ്രഹാം ലിങ്കൺ' മടങ്ങുന്നു. 266 ദിവസമായി കരകാണാത്ത കപ്പലിൽ കടുത്ത മനുഷ്യാവകാശ ലംഘനം നടക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് നടപടി. സൈനികർ നേരിടുന്ന മോശം ജീവിതസാഹചര്യങ്ങളും മാനസിക സമ്മർദവും പുറത്തായതോടെ ശക്തമായ പ്രതിഷേധം ഉയർന്നതാണ് കപ്പൽ അടിയന്തരമായി തിരിച്ചുവിളിക്കാൻ പെന്റഗണിനെ പ്രേരിപ്പിച്ചത്.
റൊട്ടേഷൻ നടപടിയുടെ ഭാഗമായി കപ്പൽ ഉടൻ തിരികെയെത്തിക്കുമെന്ന് ആക്ടിങ് നേവി സെക്രട്ടറി ഹംഗ് കാവോ ഔദ്യോഗികമായി അറിയിച്ചു. കപ്പലിലെ സൈനികർക്ക് കടുത്ത മാനസിക പ്രശ്നങ്ങളുണ്ടെന്ന് സമ്മതിച്ച നേവി സെക്രട്ടറി, ആരും മരണപ്പെട്ടിട്ടില്ലെന്ന വിചിത്ര വാദമാണ് ഉയർത്തിയത്. 2025 ഡിസംബറിൽ ഇന്തോ–പസിഫിക് മേഖലയിലെത്തിയ കപ്പൽ ഇറാൻ യുദ്ധം തുടങ്ങിയതു മുതൽ അറബിക്കടലിൽ താവളമാക്കിയാണ് പ്രവർത്തിക്കുന്നത്. യുദ്ധമേഖലയിൽ ഈ കപ്പൽ ഉപയോഗിച്ച് അമേരിക്ക 15 ലക്ഷം പൗണ്ടിലധികം സ്‌ഫോടകവസ്തുക്കളാണ് വർഷിച്ചത്.
ലോകമെങ്ങും അധിനിവേശ ഭീകരത വിതയ്-ക്കുന്ന യുഎസ് സൈന്യത്തിന്റെ കപ്പലിനുള്ളിൽ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ സൈനികർ നരകിക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. കപ്പലിലെ പട്ടിണിയെയും മനുഷ്യാവകാശ ലംഘനങ്ങളെയും പ്രതിരോധിക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും രംഗത്തെത്തിയെങ്കിലും കടുത്ത ജനവികാരമാണ് അമേരിക്കയിൽ ഉയർന്നത്. കപ്പലിലെ ദുരവസ്ഥയെക്കുറിച്ച് അന്വേഷിക്കണമെന്നും ജനപ്രതിനിധികൾക്ക് കപ്പൽ പരിശോധിക്കാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ട് ഡെമോക്രാറ്റിക് അംഗങ്ങൾ രംഗത്തെത്തി.










0 comments