ഇ ഡി വേട്ട പാർടിയെ തകർക്കാൻ; ഭീഷണിക്ക് മുന്നിൽ കീഴടങ്ങില്ല: എം വി ഗോവിന്ദൻ

കോഴിക്കോട്: കേരളത്തിൽ ഇഡിയുടെ ഭീഷണിക്ക് മുന്നിൽ കീഴടങ്ങാൻ സിപിഐ എമ്മിനും ഇടതുപക്ഷ പ്രസ്ഥാനത്തിനും മനസ്സില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പാർടിയെ സമ്പൂർണമായി തകർക്കുക എന്ന ലക്ഷ്യം വച്ചാണ് നേതാക്കളെയും പ്രവർത്തകരെയും ഇഡി വേട്ടയാടുന്നത്. പാർടി സംസ്ഥാന സെക്രട്ടറിയറ്റംഗം പി എ മുഹമ്മദ് റിയാസിലേക്ക് അന്വേഷണം എത്തിക്കാനാണ് ജില്ലാ സെക്രട്ടറിയറ്റംഗം പി നിഖിലിന്റെയും മറ്റും വീടുകളിൽ നടത്തിയ റെയ്‌ഡ്. ഇത്തരം നീക്കങ്ങളെ രാഷ്‌ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം ജില്ലാ കമ്മിറ്റി മുതലക്കുളത്ത് സംഘടിപ്പിച്ച ‘ഇഡിയുടെ രാഷ്‌ട്രീയം’ വിശദീകരണയോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇഡി രാഷ്‌ട്രീയലക്ഷ്യംവച്ച് പ്രവർത്തിക്കുകയാണ്. ഇഡിക്ക് മുന്നിൽ തെളിവുകളുണ്ടെങ്കിൽ കോടതിക്ക് മുന്പിൽ സമർപ്പിക്കട്ടെ. അല്ലാതെ വാർത്താകുറിപ്പിറക്കി ഒരുപറ്റം മാധ്യമങ്ങളുടെ സഹായത്തോടെ പുകമറ സൃഷ്ടിക്കുകയല്ല വേണ്ടത്. മുഹമ്മദ് റിയാസുമായി പരിചയം ഉണ്ട് എന്ന പേരിൽ കോഴിക്കോട്ട് ഒന്പതു വീടുകളിലാണ് കഴിഞ്ഞ ദിവസം റെയ്‌ഡ് നടത്തിയത്. പാർടി നേതാക്കൾക്കും അനുഭാവികൾക്കും നേരെയുള്ള കടന്നാക്രമണത്തിന്റെ ഭാഗമാണിത്. നേതാക്കളെ ആക്രമിച്ച് പാർടിയെ തകർക്കാനാകുമോ എന്നാണ് നോട്ടം. ബിജെപിയുടെ ഫണ്ട് തട്ടിപ്പും തെരഞ്ഞെടുപ്പിൽ കോടിക്കണക്കിന് രൂപ ചെലവഴിച്ചതും പുറത്തുവന്നിട്ടും അനങ്ങാതിരിക്കുന്ന ഇഡിയാണ് സിപിഐ എം നേതാക്കൾക്കെതിരെ തിരിയുന്നത്.
മകൾ വീണയിലൂടെ പിണറായി വിജയനെ അഴിമതിക്കാരനായി ചിത്രീകരിക്കാനാണ് സിഎംആർഎൽ– എക്‌സാലോജിക് കേസ്. അതു പാളിയതോടെയാണ് ഭർത്താവായ മുഹമ്മദ് റിയാസിനെ അഴിമതിക്കാരനായി ചിത്രീകരിക്കാനുള്ള നീക്കം . 12 വർഷത്തിനുള്ളിൽ ഇഡി 5900 കേസുകളാണെടുത്തത്. ഇതിന്റെ ഭാഗമായി 7450 റെയ്‌ഡുകൾ നടത്തി. കേസിൽ കുറ്റപത്രം സമർപ്പിച്ചത് വെറും ഒന്പതു ശതമാനം മാത്രമാണ്. ഇതിൽ 25 കേസുകളിൽ മാത്രമാണ് കോടതി ശിക്ഷ വിധിച്ചത്. മാധ്യമങ്ങളുടെയും യുഡിഎഫിന്റെയും നുണപ്രചാരണങ്ങളെ നേരിട്ടുകൊണ്ടും കേന്ദ്ര അന്വേഷണ ഏജൻസികളുടെ നിരന്തരാക്രമണങ്ങളെ അതിജീവിച്ചും കേരളത്തിലെ പാർടി കൂടുതൽ ശക്തി പ്രാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.









0 comments