ad
Deshabhimani

‘പ്രതിഷേധിക്കേണ്ടത് പാലക്കാടല്ല, ഡൽഹിയിൽ’; യുഡിഎഫ് എംപിമാരോട് ജോൺ ബ്രിട്ടാസ്

john brittas mp

ജോൺ ബ്രിട്ടാസ്

വെബ് ഡെസ്ക്

Published on Aug 23, 2026, 09:52 PM | 1 min read

തിരുവനന്തപുരം: പാലക്കാട് റെയിൽവേ ഡിവിഷൻ വെട്ടിമുറിച്ച് മംഗലാപുരത്തെ മൈസൂരുമായി ചേർക്കുന്നതിനെതിരെ ഡൽഹിയിൽ കേന്ദ്ര റെയിൽവെ മന്ത്രാലയത്തിന് മുന്നിൽ ഒരുമിച്ച് സമരം ചെയ്യാൻ യുഡിഎഫ് എംപിമാർ തയ്യാറാകണമെന്ന് സിപിഐ എം രാജ്യസഭാ നേതാവ്‌ ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു. കേരള സർക്കാരിന്റെ നേതൃത്വത്തിൽ എല്ലാവരും ഒന്നിച്ചുവേണം പ്രതിഷേധിക്കാൻ. പാലക്കാട് സമരം സംഘടിപ്പിച്ചാൽ അതെങ്ങനെ ഉത്തരവാദിത്തപ്പെട്ടവർ അറിയുമെന്നും ജോൺ ബ്രിട്ടാസ് ചോദിച്ചു.


2007ൽ കോൺഗ്രസ് ഭരിക്കുമ്പോഴാണ് പാലക്കാട് ഡിവിഷനെ ആദ്യം മുറിച്ചത്. 1247 കിലോമീറ്റർ ദൈർഘ്യം പാളങ്ങളുള്ള ഡിവിഷനെ അന്ന് മുറിച്ച് സേലത്തേക്ക് കൊണ്ടുപോയി. ഇപ്പോൾ വീണ്ടും ഡിവിഷൻ വെട്ടിമുറിക്കപ്പെടുമ്പോൾ തകരുന്നത് കേരളത്തിന്റെ റെയിൽവേ സ്വപ്നങ്ങളാണ്. ചരക്ക്‌ ഗതാഗതത്തിന്റെ 90 ശതമാനവും മൊത്തം വരുമാനത്തിന്റെ 50 ശതമാനവും നൽകുന്ന മംഗലാപുരത്തെയാണ്‌ ഇപ്പോൾ മൈസൂ‍രിലേക്ക്‌ മാറ്റുന്നത്‌. ഇതോടെ പാലക്കാട് ഡിവിഷൻ ശോഷിക്കും. മലബാറും മാവേലിയും പോലുള്ള ട്രെയിനുകൾ ഇനി പുതിയ ഡിവിഷന്റെ നിയന്ത്രണത്തിലാകും. റിസർവേഷൻ സൗകര്യം, എമർജൻസി ക്വാട്ട എന്നിവ നഷ്ടപ്പെടും. ഡിവിഷന്റെ വരുമാനം പകുതിയായി കുറയും. 1,000 കോടി രൂപയുടെ നഷ്ടമാണുണ്ടാവുക.


കേരളം ഒരു സോണിനായി എത്രയോ കാലമായി ആഗ്രഹിക്കുന്ന ഘട്ടത്തിലാണ്‌ ഉള്ള ഡിവിഷൻ മുറിച്ചുകൊണ്ട് പോകുന്നത്. കേരള സർക്കാർ അം​ഗീകാരം നൽകാത്തതിനാലാണ് കോച്ച് ഫാക്ടറിയും അതിവേ​ഗപാതവും അനുവദിക്കാത്തത് എന്നാണ് കേന്ദ്രസർക്കാർ പാർലമെന്റിൽ മറുപടി നൽകിയത്. അതുകൊണ്ട് കേരള സർക്കാർ മുൻകൈയെടുത്ത് അടിയന്തര തീരുമാനമെടുക്കണം. എവിടെ പ്രതിഷേധിക്കാനും പ്രക്ഷോഭം നടത്താനും പൂർണപിന്തുണ നൽകുമെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home