വെനസ്വേലയിലെ പ്രതിഷേധപരിപാടിയില്‍ മഡുറോയുടെ മകന്‍
print edition ഒറ്റക്കെട്ടായി വെനസ്വേല ; ഒറ്റപ്പെട്ട് യുഎസ്

യുഎസ് അധിനിവേശത്തിനെതിരെ വെനസ്വേലൻ ദേശീയ അസംബ്ലിക്കുമുന്നിൽ നടന്ന പ്രതിഷേധത്തിൽ നിക്കോളാസ് മഡുറോയുടെ മകൻ നിക്കോളാസ് മഡുറോ ഗുവേര സംസാരിക്കുന്നു
കരാക്കസ്
ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസിന്റെ നേതൃത്വത്തിൽ അമേരിക്കൻ അധിനിവേശത്തിനെതിരെ പോരാടാന്‍ ദൃഢപ്രതിജ്ഞയെടുത്ത് വെനസ്വേലൻ ജനത. രാജ്യത്തിന്റെ പരമാധികാരം കാക്കാൻ സാധ്യമായതെന്തും ചെയ്യുമെന്ന് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്‌തതിന് പിന്നാലെ ഡെൽസി ജനങ്ങള്‍ക്ക് ഉറപ്പുനല്‍കി.
മാതൃരാജ്യത്തിനെതിരെയുള്ള നിയമവിരുദ്ധമായ യുഎസ് സൈനിക ആക്രമണത്തിൽ വെനസ്വേലൻ ജനതയ്‌ക്ക് ഉണ്ടായ കഷ്‌ടപ്പാടുകളില്‍ അഗാധദുഃഖമുണ്ട്. നമ്മുടെ രണ്ടു പോരാളികളെ യുഎസ് തട്ടിക്കൊണ്ടുപോയി. രാജ്യത്തിന്റെ സ്ഥിരതയ്‌ക്കും സമാധാനത്തിനും ഭീഷണിയായ ഈ ഭയാനക നിമിഷങ്ങളിൽ വെനസ്വേലയെ മുന്നോട്ടുകൊണ്ടുപോകാൻ എല്ലാവരും ഒറ്റക്കെട്ടാവണം –അവർ അഭ്യർഥിച്ചു.
മഡുറോയുടെ അഭാവത്തില്‍ രാജ്യം അസ്ഥിരപ്പെടുമെന്ന അമേരിക്കന്‍ കണക്കുകൂട്ടല്‍ തെറ്റിച്ച് ജനതയാകെ ഒറ്റക്കെട്ടാവുകയാണ്. ഇടക്കാല പ്രസിഡന്റിന് ബൊളിവാറിയൻ നാഷണൽ ആംഡ് ഫോഴ്‌സ് അചഞ്ചലമായ പിന്തുണ പ്രഖ്യാപിച്ചു. രാജ്യത്തിന് മുന്നിലുള്ള ദുഷ്‌കരമായ ദൗത്യത്തിൽ ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസിനൊപ്പം നിൽക്കുമെന്ന് പ്രതിരോധ മന്ത്രി ജനറൽ ഇൻ ചീഫ് വ്‌ളാഡിമിർ പാഡ്രിനോ ലോപ്പസ് വ്യക്തമാക്കി. പുതിയ അട്ടിമറി നീക്കം ചെറുക്കാന്‍ സൈന്യം നിതാന്ത ജാഗ്രതയിലാണ്.
ഇടക്കാല പ്രസിഡന്റിന് എല്ലാ പിന്തുണയും അറിയിച്ച് മഡുറോയുടെ മകനും വെനസ്വേലൻ കോൺഗ്രസ് അംഗവുമായ നിക്കോളാസ് മഡുറോ ഗുവേര രംഗത്തുവന്നു. രാഷ്‌ട്രത്തലവനെ തട്ടിക്കൊണ്ടുപോകുന്നത് ലോകത്തിന് സാധാരണ കാര്യമായി തോന്നിയാല്‍ ഇനി ഒറ്റ രാജ്യവും സുരക്ഷിതമായിരിക്കില്ലെന്ന് പാർലമെന്റിന് പുറത്ത് സംഘടിപ്പിച്ച ജനകീയ പ്രതിഷേധ പരിപാടിയില്‍ അദ്ദേഹം പറഞ്ഞു. ഇന്ന് വെനസ്വേല. നാളെ കീഴടങ്ങാൻ വിസമ്മതിക്കുന്ന ഏതു രാഷ്‌ട്രത്തിനും അത് സംഭവിക്കാം –ഗുവേര പറഞ്ഞു.
തട്ടിക്കൊണ്ടുപോകല്‍ ന്യായീകരിക്കാന്‍ മഡുറോയ്‌ക്കുമേല്‍ അമേരിക്ക ചുമത്തിയ മയക്കുമരുന്ന് കടത്തുകേസില്‍ മകൻ ഗുവേരയും പ്രതിയാണ്.
അതേസമയം, അമേരിക്കയുടെ സഖ്യകക്ഷികൾ ഉൾപ്പെടെയുള്ള യുഎൻ രക്ഷാസമിതി അംഗങ്ങൾ, അമേരിക്കന്‍ നടപടിയെ ശക്തമായി അപലപിച്ചു. മെക്‌സിക്കോയും ഡെന്മാർക്കും ഫ്രാൻസും അമേരിക്കയെ തള്ളിപ്പറഞ്ഞു. അമേരിക്ക രാജ്യാന്തര നിയമങ്ങളും മനുഷ്യാവകാശവും കാറ്റില്‍പറത്തിയെന്ന് യുഎന്നിന്റെ മനുഷ്യാവകാശങ്ങൾക്കായുള്ള ഹൈക്കമീഷൻ വിമര്‍ശിച്ചു.
ട്രംപിനെതിരെ ലോകമെന്പാടും പ്രതിഷേധം അലയടിക്കുകയാണ്. തൊഴിലാളി യൂണിയനുകളുടെയും വിദ്യാർഥി–യുവജന സംഘടനകളുടെയും സാമൂഹിക സംഘടനകളുടെയും നേതൃത്വത്തിലാണ് പ്രതിഷേധങ്ങൾ നടന്നത്. ബെൽജിയം, ക്യൂബ, അർജന്റീന, കൊളംബിയ, ഇക്വഡോർ, മെക്‌സിക്കോ, പ്യൂർട്ടോ റിക്കോ, ഉറുഗ്വേ, ഇറ്റലി, ഫ്രാൻസ്, സ്‌പെയിൻ തുടങ്ങിയ രാജ്യങ്ങളില്‍ ആയിരങ്ങൾ തെരുവിലിറങ്ങി. അമേരിക്കയിലും ട്രംപിനെതിരെ വന്‍ ബഹുജനമുന്നേറ്റമുണ്ടായി.










0 comments