സുരക്ഷക്കായാണ് ഗ്രീൻലൻഡ് ഏറ്റെടുക്കുന്നതെന്ന വാദം യുക്തിഹീനം
print edition ആജ്ഞാപിച്ച് യുഎസ് കുലുങ്ങാതെ വെനസ്വേല

കൊളംബിയയിലെ കാലി നഗരത്തിൽ നടന്ന സാമ്രാജ്യത്വ വിരുദ്ധ റാലിയിൽ പ്രസിഡന്റ് ഗുസ്‌താവോ പെത്രോയുടെ ചിത്രമുള്ള മുഖാവരണവുമായി ജനങ്ങൾ
വാഷിങ്‌ടൺ/കരാക്കസ്
പ്രസിഡന്റ് നിക്കോളാസ് മഡുറോയെ തട്ടിക്കൊണ്ടുപോയ സാമ്രാജ്യത്വ ഭീകരതയ്‌ക്കു പിന്നാലെ വെനസ്വേലയുടെ ഭരണത്തിൽ രാഷ്‌ട്രീയ ഇടപെടലിനുള്ള സാധ്യതകൾ തേടി അമേരിക്ക. എന്നാൽ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആജ്ഞകൾ തൃണവൽഗണിച്ച് ഭരണവുമായി മുന്നേറുകയാണ് ഡെൽസി റോഡ്രിഗസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ. യുഎസ് ആക്രമണത്തിൽ 100 പേരെങ്കിലും കൊല്ലപ്പെട്ടതായി വെനസ്വേലയുടെ ആഭ്യന്തരമന്ത്രി ഡിയോസ്ഡാഡോ കാബെല്ലോ സ്ഥിരീകരിച്ചു.
വെനസ്വേലൻ എണ്ണവിൽപ്പന അമേരിക്ക "അനിശ്ചിതമായി’ നിയന്ത്രിക്കുമെന്നാണ് വൈറ്റ്‌ഹൗസിന്റെ പുതിയ ഭീഷണി. അഞ്ചുകോടി ബാരൽ എണ്ണ അമേരിക്ക ഏറ്റെടുക്കുമെന്നും ഇതിൽനിന്നുള്ള വരുമാനം എങ്ങനെ ഉപയോഗിക്കണമെന്ന് താൻ തീരുമാനിക്കുമെന്നു ട്രംപ് പറഞ്ഞിരുന്നു. യുഎസ് അന്താരാഷ്‌ട്ര നിയമങ്ങളിൽനിന്ന് സ്വതന്ത്രരാകുകയും സഖ്യകക്ഷികളിൽനിന്ന് ക്രമേണ പിന്തിരിയുകയും ചെയ്യുന്നുവെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പ്രതികരിച്ചു.
ചർച്ചയ്‌ക്ക് ട്രംപ് , റാലിയുമായി പെത്രോ
അമേരിക്കയ്‌ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച കൊളംബിയൻ പ്രസിഡന്റ് ഗുസ്‌താവോ പെത്രോയുമായി ട്രംപ് ഫോണിൽ ചർച്ച നടത്തി. വൈറ്റ്ഹൗസിൽ കൂടിക്കാഴ്‌ചയ്‌ക്ക് ഒരുങ്ങുകയാണെന്നും ട്രംപ് പ്രഖ്യാപിച്ചു. ഇക്കാര്യം കൊളംബിയ സ്ഥിരീകരിച്ചിട്ടില്ല.
പെത്രോയുടെ ആഹ്വാനപ്രകാരം കൊളംബിയയിലാകെ സാമ്രാജ്യത്വവിരുദ്ധ പ്രകടനം നടന്നു. തലസ്ഥാനമായ ബൊഗോട്ടയിലെ ബൊളിവർ സ്‌ക്വയറിൽ നടന്ന വമ്പിച്ച റാലിയിൽ പ്രസിഡന്റ് ഗുസ്‌താവോ പെത്രോ പങ്കെടുത്തു.
സുരക്ഷക്കായാണ് ഗ്രീൻലൻഡ് ഏറ്റെടുക്കുന്നതെന്ന വാദം യുക്തിഹീനം
ദേശീയ സുരക്ഷക്കായാണ് ഗ്രീൻലൻഡിനെ ഏറ്റെടുക്കുന്നതെന്ന അമേരിക്കയുടെ വാദം യുക്തിക്ക് നിരക്കുന്നതല്ലെന്ന് വിദഗ്‌ദ്ധർ ചൂണ്ടിക്കാട്ടുന്നു. വടക്കൻ അറ്റ്‌ലാന്റിക്കിനും ആർട്ടിക് സുദ്രത്തിനുമിടയിലുള്ള ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലൻഡ് അമേരിക്കയുടെ നാറ്റോ സഖ്യകക്ഷിയായ ഡെൻമാർക്കിന്റെ അധീനതയിലാണ്. ഇവിടെ പിറ്റുഫിക് സ്‌പേസ് ബേസിൽ അമേരിക്കയുടെ സജീവ സൈനികതാവളമുണ്ട്. സുരക്ഷ മെച്ചപ്പെടുത്താൻ അമേരിക്ക ആഗ്രഹിക്കുന്ന ഏത് സൈനികനീക്കത്തിനും വിശ്വസ്ത സഖ്യകക്ഷി എന്ന നിലയിൽ ഡെൻമാർക്ക് അനുമതി നൽകും.
ഗ്രീൻലാൻഡ് പതാകയ്ക്ക് പകരം ദ്വീപിൽ യുഎസ് പതാക പറക്കുകയാണെങ്കിൽ അമേരിക്കക്ക് ഒരു നേട്ടവും ലഭിക്കില്ലെന്ന് റോയൽ ഡാനിഷ് ഡിഫൻസ് കോളേജിലെ സൈനിക പ്രവർത്തനങ്ങളുടെ അസോസിയേറ്റ് പ്രൊഫസർ തോമസ് ക്രോസ്ബി പറഞ്ഞു. "അവർക്ക് ആവശ്യമുള്ള എല്ലാ ആനുകൂല്യങ്ങളും ഇപ്പോൾത്തന്നെ കിട്ടുന്നുണ്ട്. അതിനാൽ പുതിയ നീക്കവും അമേരിക്കയുടെ ദേശീയ സുരക്ഷ മെച്ചപ്പെടുത്തുന്നതുമായി ഒരു ബന്ധവുമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡാനിഷ് മണ്ണിൽ യുഎസ് സൈനിക താവളങ്ങൾ അനുവദിക്കുന്നതിനുള്ള ബിൽ ഡെന്മാർക്ക് പാർലമെന്റ് ജൂണിൽ അംഗീകരിച്ചിരുന്നു.










0 comments