ഉക്രയ്‌നിനുള്ള എല്ലാ സൈനിക സഹായങ്ങളും നിർത്തിവച്ച് അമേരിക്ക

വാഷിങ്ടൺ: ഉക്രയ്‌നിനുള്ള എല്ലാ സൈനിക സഹായങ്ങളും നിർത്തിവച്ച് അമേരിക്ക. കഴിഞ്ഞയാഴ്ച ഉക്രയ്‌ൻ പ്രസിഡൻ്റ് വ്‌ലാദിമിർ സെലൻസ്‌കിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുണ്ടായ തർക്കത്തിന് പിന്നാലെയാണ് തീരുമാനം. സമാധാനം സ്ഥാപിക്കലാണ് ട്രംപിൻറെ ലക്ഷ്യമെന്നാണ് വൈറ്റ് ഹൗസിന്റെ വാദം. എന്നാൽ റഷ്യ–യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ സമ്മർദം ചെലുത്താനുള്ള അമേരിക്കൻ തന്ത്രമാണിതെന്നും റിപ്പോർട്ടുണ്ട്. താത്കാലികമായി സൈനിക സഹായങ്ങൾ നിർത്തിവയ്ക്കുന്നതായാണ് വൈറ്റ് ഹൗസ് അറിയിച്ചിട്ടുള്ളത്. എന്നാൽ എത്രകാലം ഇത് നീണ്ട് നിൽക്കും എന്ന് വെളിപ്പെടുത്താൻ ട്രംപ് ഭരണകൂടം തയാറായിട്ടില്ല. സഹായങ്ങൾ നിർത്തലാക്കാനുള്ള യുഎസ് തീരുമാനത്തിൽ സെലൻസ്‌കിയുടെ ഓഫീസോ വാഷിംങ്ടണിലെ ഉക്രയ്‌ൻ എംബസിയോ പ്രതികരിച്ചിട്ടില്ല.
റഷ്യ–ഉക്രയ്‌ൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി കഴിഞ്ഞ ദിവസം വൈറ്റ് ഹൗസിൽ നടന്ന ട്രംപ്- സെലൻസ്‌കി ചർച്ചയിൽ വാക്‌പോരുണ്ടായിരുന്നു. സെലൻസ്‌കിക്ക് സമാധാനം പുലരണമെന്ന് താൽപ്പര്യമില്ലെന്നും അനാദരവ് കാട്ടിയെന്നും രൂക്ഷമായ ഭാഷയിൽ ട്രംപും വൈസ് പ്രസിഡന്റ് ജെ ഡി വാൻസും ആഞ്ഞടിച്ചു. ട്രംപ് ചർച്ച പാതിയിൽ അവസാനിപ്പിച്ചതോടെ സെലൻസ്കി വൈറ്റ്‌ഹൗസിൽനിന്ന് ഇറങ്ങിപ്പോയി. ട്രംപ് ഏറെ താൽപ്പര്യപ്പെട്ട ഉക്രയ്നിലെ ധാതുസമ്പത്ത് കൈമാറൽ കരാറിൽ ഒപ്പിടാതെയാണ് സെലൻസ്കി പോയത്. മാധ്യമങ്ങളുടെ മുന്നിലായിരുന്നു ഈ ‘ഏറ്റുമുട്ടൽ’.
സെലൻസ്കി ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ പന്താടുകയാണെന്നും മൂന്നാം ലോകയുദ്ധത്തെവച്ചാണ് ചൂതാട്ടമെന്നും വിമർശമുണ്ടായിരുന്നു. റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിനുമായി ഒരു തരത്തിലുമുള്ള വിട്ടുവീഴ്‌ചയ്ക്കും തയ്യാറല്ലെന്ന് സെലൻസ്കി പറഞ്ഞു. അമേരിക്ക തങ്ങളുടെ ബാധ്യത നിറവേറ്റാൻ തയ്യാറാകണമെന്നും സെലൻസ്കി ആവശ്യപ്പെട്ടു. ഉക്രയ്‌ന് അർഹിക്കുന്നതിലധികം പിന്തുണ നൽകിയ രാജ്യമാണ് അമേരിക്കയെന്നും സെലൻസ്കി അനാദരവ് കാട്ടിയെന്നും ട്രംപ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കയുടെ നിർണായക നീക്കം.









0 comments