ട്രംപിന് തിരിച്ചടി; ജന്മനാ ലഭിക്കുന്ന പൗരത്വ അവകാശം നിലനിർത്തി യുഎസ് സുപ്രീംകോടതി

വാഷിംഗ്ടൺ: അമേരിക്കയിൽ ജനിക്കുന്നവർക്ക് പൗരത്വത്തിനുള്ള അവകാശം നിഷേധിക്കാനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിവാദ ഉത്തരവ് യുഎസ് സുപ്രീംകോടതി തള്ളി. യുഎസിൽ നിയമവിരുദ്ധമായോ താൽക്കാലിക വിസയിലോ താമസിക്കുന്നവരുടെ കുട്ടികൾക്ക് ജന്മനാൽ ലഭിക്കുന്ന പൗരത്വം റദ്ദാക്കിക്കൊണ്ടുള്ള ട്രംപിന്റെ എക്സിക്യൂട്ടീവ് ഓർഡറാണ് സുപ്രീംകോടതി റദ്ദാക്കിയത്.
കോടതിയുടെ ഈ ചരിത്രപരമായ വിധി ട്രംപ് ഭരണകൂടത്തിന്റെ കടുത്ത കുടിയേറ്റ വിരുദ്ധ നയങ്ങൾക്കേറ്റ കനത്ത പ്രഹരമായി. കോടതിയുടെ ഈ ടേമിലെ അവസാന ദിവസമായ ചൊവ്വാഴ്ച, ഒൻപതംഗ ബെഞ്ചിൽ 6-3 ഭൂരിപക്ഷത്തോടെയാണ് സുപ്രീംകോടതി വിധി പ്രസ്താവിച്ചത്. നേരത്തെ കീഴ്ക്കോടതികളും ട്രംപിന്റെ ഈ നീക്കത്തെ തടഞ്ഞിരുന്നു.
നിയമവിരുദ്ധമായോ താൽക്കാലികമായോ രാജ്യത്ത് കഴിയുന്ന മാതാപിതാക്കൾക്ക് അമേരിക്കയിൽ ജനിക്കുന്ന കുട്ടികൾ യുഎസിന്റെ അധികാരപരിധിക്ക് കീഴിൽ വരുന്നവരാണ്. ഭരണഘടനയുടെ പതിനാലാം ഭേദഗതിയിലെ പൗരത്വ വ്യവസ്ഥ പ്രകാരം ഇവർ ജന്മനാൽ തന്നെ അമേരിക്കൻ പൗരന്മാരാണെന്നും കോടതി പറഞ്ഞു.
പൗരത്വം എന്നത് അവകാശങ്ങൾ നേടാനും രാഷ്ട്രീയ പ്രക്രിയകളിൽ സ്വതന്ത്രമായി പങ്കെടുക്കാനുമുള്ള അവകാശമാണെന്നും ഭരണഘടനാ ശില്പികൾ നൽകിയ ആ വാഗ്ദാനം ഇന്ന് കോടതി പാലിക്കുകയാണെന്നും കൂട്ടിച്ചേർത്തു. തന്റെ രണ്ടാം ഭരണകാലത്തിന്റെ ആദ്യദിനം തന്നെ ട്രംപ് ഒപ്പുവെച്ച കുടിയേറ്റ വിരുദ്ധ ഉത്തരവുകളിൽ ആദ്യത്തേതായിരുന്നു പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ടത്.
സുപ്രീംകോടതിയിൽ നിന്നും അന്തിമ വിധി വരുന്ന ആദ്യ ട്രംപ് നയവും ഇതാണ്. വിധി പുറത്തുവരുന്നതിന് തൊട്ടുമുൻപ്, സുപ്രീംകോടതിയില്ലാതെയും പൗരത്വ നിയമം മാറ്റാൻ തനിക്ക് സാധിക്കുമെന്ന രീതിയിലുള്ള ലേഖനം ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യൽ' വഴി പങ്കുവെച്ചിരുന്നു.
അമേരിക്കയിൽ ജനിക്കുന്ന ഏതൊരാൾക്കും പൗരത്വത്തിന് അർഹതയുണ്ടെന്ന് ഇതിലെ പൗരത്വ വ്യവസ്ഥകൾ വ്യക്തമാക്കുന്നുണ്ട്. ഏപ്രിലിൽ നടന്ന വാദത്തിനിടെ ട്രംപ് നേരിട്ട് കോടതിയിൽ ഹാജരായിരുന്നു. വിദേശികളുടെ കുട്ടികൾക്ക് പൗരത്വത്തിന് അർഹതയില്ലെന്നായിരുന്നു ട്രംപ് ഭരണകൂടത്തിന്റെ വാദം. എന്നാൽ ഈ വാദങ്ങളെല്ലാം സുപ്രീം കോടതി തള്ളുകയായിരുന്നു.











0 comments