മ്യാൻമറിൽ ജേഡ് ഖനിയിൽ മണ്ണിടിച്ചിൽ: അഞ്ച് മരണം, 15 പേരെ കാണാതായി

യാങ്കൂൺ: വടക്കൻ മ്യാൻമറിലെ കച്ചിൻ സംസ്ഥാനത്തുണ്ടായ ശക്തമായ മണ്ണിടിച്ചിലിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. വിപണിയിൽ ഏറെ മൂല്യമുള്ള ജേഡ് (അമൂല്യ രത്നം) ഖനനം ചെയ്യുന്ന പാഴ്വസ്തുക്കളുടെ കുന്നിടിഞ്ഞാണ് അപകടമുണ്ടായത്.
ഞായറാഴ്ച രാത്രി എച്ച്പകാന്ത് ടൗൺഷിപ്പിൽ നടന്ന അപകടത്തിൽ 15-ഓളം തൊഴിലാളികളെ കാണാതായിട്ടുണ്ടെന്ന് ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്ത് പെയ്യുന്ന ശക്തമായ മൺസൂൺ മഴയാണ് വൻ ദുരന്തത്തിന് കാരണമായത്.
രാത്രിയിൽ ഫ്ലഡ്‌ലൈറ്റുകളുടെ വെളിച്ചത്തിൽ ഖനിയിൽ അവശേഷിച്ച ജേഡ് കഷ്ണങ്ങൾക്കായി തിരച്ചിൽ നടത്തുകയായിരുന്ന ഇരുപതോളം സ്വതന്ത്ര തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. കുന്നുകൂട്ടിയിട്ടിരുന്ന ഖനന അവശിഷ്ടങ്ങൾ പെട്ടെന്ന് ഇടിഞ്ഞുവീണ് ഇവർ അതിനടിയിൽപ്പെടുകയായിരുന്നു.
കാണാതായവർക്കായി തിരച്ചിൽ ഊർജ്ജിതമായി തുടരുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ജേഡ് ഖനന കേന്ദ്രമാണ് മ്യാൻമറിലെ കച്ചിൻ പ്രവിശ്യ. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള അനധികൃത ഖനനം ഇവിടെ പതിവാണ്.
മഴക്കാലത്ത് ഇവിടുത്തെ താൽക്കാലിക മൺകൂനകൾ ഇടിയുന്നത് മ്യാൻമറിൽ വൻ നാശനഷ്ടങ്ങൾക്കും ജീവഹാനിക്കും കാരണമാകാറുണ്ട്. രണ്ടായിരത്തി ഇരുപത്തിയൊന്നിലെ സൈനിക അട്ടിമറിക്ക് ശേഷം മ്യാൻമറിൽ ആഭ്യന്തരയുദ്ധം ശക്തമാണ്.
ഉയർന്ന ലാഭം തരുന്ന ഈ ജേഡ് ഖനികളുടെ നിയന്ത്രണത്തിനായി മ്യാൻമർ സൈന്യവും വിമത സംഘടനകളും തമ്മിൽ കടുത്ത പോരാട്ടം നടക്കുന്ന മേഖല കൂടിയാണിത്. ഖനികളിൽ നിന്ന് ലഭിക്കുന്ന വരുമാനമാണ് ഇരുവിഭാഗത്തിൻ്റെയും പ്രധാന സാമ്പത്തിക സ്രോതസ്സ്.









0 comments