പരീക്ഷാ അട്ടിമറി: കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് 100 റാലികളുമായി എസ്എഫ്ഐ

ന്യൂഡൽഹി: നീറ്റ്, സിബിഎസ്ഇ പരീക്ഷകളിലെ തുടർച്ചയായ ക്രമക്കേടുകളിലും ചോദ്യപേപ്പർ ചോർച്ചയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ. ‘സ്റ്റുഡന്റ്സ് ലിവ്സ് മാറ്റർ, ധർമ്മേന്ദ്ര പ്രധാൻ മസ്റ്റ് റിസൈൻ’ എന്ന മുഖ്യ മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് ഇന്ത്യയിലുടനീളം 100 പ്രതിഷേധ റാലികൾ സംഘടിപ്പിക്കുമെന്ന് എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അറിയിച്ചു.
ദേശീയതലത്തിൽ പരീക്ഷാ നടത്തിപ്പിൽ വിദ്യാർത്ഥികൾക്കിടയിലും യുവാക്കൾക്കിടയിലും കനത്ത പ്രതിഷേധം ഉയർന്നിട്ടും താൽക്കാലിക പരിഹാരമായി പ്രഖ്യാപിച്ച നീറ്റ് പുനഃപരീക്ഷയിലും ഗുരുതരമായ വീഴ്ചകളാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. ഉത്തർപ്രദേശ്, ജാർഖണ്ഡ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ നേരത്തെ തന്നെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ 'ഇന്നൊവേറ്റീവ് വ്യൂ' എന്ന കമ്പനിയെയാണ് നീറ്റ് പുനഃപരീക്ഷയുടെ ബയോമെട്രിക് പരിശോധനകൾ നടത്താൻ ഏൽപ്പിച്ചത്.
ഇത് പരീക്ഷാ അട്ടിമറിക്ക് പിന്നിലെ അവിശുദ്ധ കൂട്ടുകെട്ടാണ് പുറത്തുകൊണ്ടുവരുന്നതെന്ന് എസ്എഫ്ഐ ചൂണ്ടിക്കാട്ടി. പരീക്ഷാ നടത്തിപ്പിൽ ഇത്രയധികം വീഴ്ചകൾ സംഭവിച്ചിട്ടും തെറ്റുകൾ തിരുത്തുന്നതിന് പകരം, ചോദ്യങ്ങൾ ചോദിക്കുന്ന വിദ്യാർത്ഥികളെയും അധ്യാപകരെയും രാജ്യദ്രോഹികളെന്നും ഭീകരവാദികളെന്നും വിളിച്ച് ആക്ഷേപിക്കാനാണ് ധർമ്മേന്ദ്ര പ്രധാൻ ശ്രമിക്കുന്നത്.
പരീക്ഷാ അട്ടിമറികൾ മൂലം ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി പ്രതിസന്ധിയിലാവുകയും നിരവധി വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്യേണ്ടി വരികയും ചെയ്തിട്ടും കേന്ദ്ര സർക്കാർ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്ന് എസ്എഫ്ഐ പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ അടിയന്തരമായി രാജിവെക്കുക.
പരീക്ഷാ നടത്തിപ്പിൽ പൂർണ്ണ പരാജയമായ നാഷണൽ ടെസ്റ്റിംഗ് ഏജൻസി പിരിച്ചുവിടുക. നീറ്റ്, സിബിഎസ്ഇ പരീക്ഷാ അട്ടിമറികളെക്കുറിച്ച് സ്വതന്ത്ര ജുഡീഷ്യൽ അന്വേഷണം നടത്തുക. മാനസിക വിഷമം മൂലവും പരീക്ഷാ റദ്ദാക്കലിനെത്തുടർന്നും മരണപ്പെട്ട വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് 5 കോടി രൂപ നഷ്ടപരിഹാരം നൽകുക. പരീക്ഷാ അഴിമതിക്ക് പിന്നിലെ എല്ലാ കുറ്റവാളികളെയും മാതൃകാപരമായി ശിക്ഷിക്കുക.
സിബിഎസ്ഇ പരീക്ഷകളിലെ അശാസ്ത്രീയമായ ഒഎസ്എം മൂല്യനിർണ്ണയ രീതി റദ്ദാക്കി പഴയ രീതി പുനഃസ്ഥാപിക്കുക എന്നിവയാണ് എസ്എഫ്ഐ മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങൾ. രാജ്യത്തെ മെരിറ്റും വിദ്യാർത്ഥികളുടെ അവകാശങ്ങളും തകർക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം തീർക്കാനാണ് എസ്എഫ്ഐ തീരുമാനം. വരും ദിവസങ്ങളിൽ ക്യാമ്പസുകളെയും രക്ഷിതാക്കളെയും കോർത്തിണക്കി സമരം കൂടുതൽ ശക്തമാക്കുമെന്നും നേതൃത്വം വ്യക്തമാക്കി.










0 comments