ad
Deshabhimani

അയോധ്യ തട്ടിപ്പ് കേസ്: എത്ര വലിയ കുറ്റവാളിക്കും അഭിഭാഷകനെ വെയ്ക്കാൻ അവകാശമുണ്ടെന്ന് സുപ്രീംകോടതി

supreme court  Image Credit : wikimedia commons
വെബ് ഡെസ്ക്

Published on Jun 30, 2026, 10:32 PM | 1 min read

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര നിർമാണ ഫണ്ട് തട്ടിപ്പ് കേസിലെ പ്രതികൾക്ക് നിയമസഹായം നൽകില്ലെന്ന ഫൈസാബാദ് (അയോധ്യ) ബാർ അസോസിയേഷൻ്റെ തീരുമാനം സുപ്രീംകോടതി വിധിക്ക് വിരുദ്ധം. എത്ര വലിയ കുറ്റവാളിയാണെങ്കിലും അയാൾക്ക് കോടതിയിൽ സ്വയം പ്രതിരോധിക്കാൻ യോഗ്യനായ ഒരു അഭിഭാഷകൻ്റെ സേവനം ഉറപ്പാക്കുന്നത് മൗലികാവകാശമാണെന്ന് സുപ്രീംകോടതി മുൻപ് വ്യക്തമാക്കിയിട്ടുണ്ട്.


പ്രതികൾക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകർക്ക് അഞ്ച് ലക്ഷം രൂപ പിഴ ചുമത്തുമെന്ന ബാർ അസോസിയേഷൻ്റെ ഭീഷണി ഭരണഘടനാ ലംഘനമാണെന്നാണ് നിയമവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. തമിഴ്‌നാട്ടിൽ അഭിഭാഷകരും പൊലീസും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് കോയമ്പത്തൂർ ബാർ അസോസിയേഷൻ എടുത്ത സമാനമായ ഒരു ബഹിഷ്കരണ തീരുമാനത്തിനെതിരെ 2010-ൽ സുപ്രീംകോടതി പുറപ്പെടുവിച്ച ചരിത്രപ്രധാനമായ വിധി നിലനിൽക്കെയാണ് ഫൈസാബാദ് ബാർ അസോസിയേഷൻ്റെ ഈ നീക്കം.


അന്ന് ജസ്റ്റിസുമാരായ മാർക്കണ്ഡേയ കട്ജു, ഗ്യാൻ സുധ മിശ്ര എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഇത്തരത്തിലുള്ള ബഹിഷ്കരണ പ്രമേയങ്ങൾ പൂർണ്ണമായും നിയമവിരുദ്ധവും പ്രൊഫഷണൽ ധാർമ്മികതയ്ക്ക് നിരക്കാത്തതുമാണെന്ന് പ്രഖ്യാപിച്ചിരുന്നു. സമൂഹം എത്രയൊക്കെ വെറുപ്പോടെയും പൊരുത്തക്കേടോടെയും കാണുന്ന കുറ്റവാളിയാണെങ്കിൽ പോലും അയാൾക്ക് കോടതിയിൽ പ്രതിരോധത്തിനുള്ള അവകാശമുണ്ടെന്ന് വിധിന്യായത്തിൽ വ്യക്തമാക്കിയിരുന്നു.


അറസ്റ്റ് ചെയ്യപ്പെടുന്ന ഏതൊരു വ്യക്തിക്കും തനിക്ക് താല്പര്യമുള്ള അഭിഭാഷകനെ കണ്ട് സംസാരിക്കാനും കേസ് ഏൽപ്പിക്കാനുമുള്ള അവകാശം ഭരണഘടനയുടെ ആർട്ടിക്കിൾ 22(1) ഉറപ്പുനൽകുന്നുണ്ട്. ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ പെരുമാറ്റച്ചട്ടങ്ങൾ പ്രകാരം, കക്ഷി കൃത്യമായി ഫീസ് നൽകാൻ തയ്യാറാകുകയും അഭിഭാഷകന് മറ്റ് തിരക്കുകൾ ഇല്ലാതിരിക്കുകയും ചെയ്താൽ പ്രത്യേക കാരണങ്ങൾ കൂടാതെ കേസ് ഏറ്റെടുക്കാതിരിക്കാൻ കഴിയില്ല.


ഭീകരവാദികളോ, കൊലപാതകികളോ, കള്ളന്മാരോ ആരുമാകട്ടെ അവരെ നിയമസഹായം ലഭിക്കുന്നതിൽ നിന്നും ബഹിഷ്കരിക്കുന്നത് ഇന്ത്യൻ ഭരണഘടനയുടെ അന്തസത്തയ്ക്ക് വിരുദ്ധമാണെന്നും കോടതി മുൻപ് വ്യക്തമാക്കിയിട്ടുണ്ട്. അയോധ്യ രാമക്ഷേത്രത്തിലെ കോടികളുടെ കാണിക്കപ്പണം തട്ടിപ്പിൽ എട്ട് പേരെ കഴിഞ്ഞ ദിവസം ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികൾക്കായി ആരും വക്കാലത്ത് എടുക്കരുതെന്ന് ഫൈസാബാദ് ബാർ അസോസിയേഷൻ അടിയന്തര യോഗം ചേർന്ന് തീരുമാനിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home