ad
Deshabhimani

മനേയിയെ ഉന്മൂലനം ചെയ്യുമെന്ന്‌ 
ഇസ്രയേൽ പ്രതിരോധമന്ത്രി , അമേരിക്കയുടെ പിന്തുണ തേടുന്നത്‌ 
ഭീരുത്വമെന്ന്‌ ഖമനേയി

ഇസ്രയേലി ആക്രമണത്തിന്‌ പിന്തുണ ; വഷളാക്കാൻ യുഎസ്‌

us support to israel
വെബ് ഡെസ്ക്

Published on Jun 20, 2025, 01:13 AM | 2 min read


തെഹ്‌റാൻ/ടെൽ അവീവ്‌

ഇറാനുമേൽ ഇസ്രയേൽ നടത്തുന്ന ഏകപക്ഷീയമായി കടന്നാക്രമണത്തിന്‌ അമേരിക്ക പരസ്യപിന്തുണ പ്രഖ്യാപിച്ചതോടെ പശ്ചിമേഷ്യയിൽ യുദ്ധക്കളമൊരുങ്ങുന്നു. ഇറാനെതിരായ ഇസ്രയേലിന്റെ ആക്രമണപദ്ധതി അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ അംഗീകരിച്ചു. നേരിട്ട്‌ സൈനിക നടപടിക്കുള്ള മാർഗങ്ങൾ ട്രംപ്‌ പരിഗണിക്കുന്നുണ്ടെന്നും ഏതു നിമിഷവും അന്തിമതീരുമാനമെടുക്കുമെന്നും വൈറ്റ്‌ഹൗസ്‌ വൃത്തങ്ങളെ ഉദ്ധരിച്ച്‌ വാർത്താഏജൻസികൾ റിപ്പോർട്ട്‌ചെയ്‌തു. യുഎസ്എസ് നിമിറ്റ്‌സ് വിമാനവാഹിനി സംഘര്‍ഷമേഖലയിലേക്ക് നീങ്ങുകയാണ്‌. യുഎസ്എസ് കാള്‍ വിന്‍സണ്‍ യുദ്ധക്കപ്പല്‍ നേരത്തേ തന്നെ നിലയുറപ്പിച്ചിട്ടുണ്ട്‌. എഫ്-22 എഫ്-35 യുദ്ധവിമാനങ്ങളും സജ്ജം.


അമേരിക്കയുടെ പിന്തുണ തേടുന്നത്‌ ഇസ്രയേലിന്റെ ബലഹീനതയും ഭീരുത്വവുമാണ്‌ വെളിവാക്കുന്നതെന്ന്‌ ഇറാന്റെ പരമോന്നത നേതാവ്‌ ആയത്തുള്ള അലി ഖമനേയി പ്രതികരിച്ചു. ഖമനേയി നവ ഹിറ്റ്‌ലറാണെന്നും ജീവിച്ചിരിക്കാൻ അനുവദിക്കില്ലെന്നും ഇസ്രയേൽ ഭീഷണിമുഴക്കി. ഖമേനിയെ ഉന്മൂലനം ചെയ്യുക തങ്ങളുടെ യുദ്ധലക്ഷ്യങ്ങളിൽ ഒന്നാണെന്ന് പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ് പറഞ്ഞു.


നിരുപാധികം കീഴടങ്ങണമെന്ന അമേരിക്കൻ ഭീഷണി ഇറാൻ തള്ളിയതോടെ സംഘർഷം കൂടുതൽ രൂക്ഷമായി. ഇറാനിലെ അരാക്ക്‌ ആണവ റിയാക്ടറും നഥാൻസ്‌ യുറേനിയം സമ്പുഷ്‌ടീകരണ നിലയവും ഇസ്രയേൽ ആക്രമിച്ചു. ആയുധ ഫാക്ടറികൾ, ബാലിസ്റ്റിക് മിസൈൽ നിർമാണകേന്ദ്രങ്ങൾ എന്നിവയും തകർത്തു. ഇറാനിൽ ഇതുവരെ 639 പേർ കൊല്ലപ്പെട്ടു. 1500 പേർക്ക്‌ ഗുരുതരമായി പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ 250 പേരും സ്‌ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരാണ്‌. ഇസ്രയേൽ ആക്രമണം ശക്തമാക്കിയതോടെ ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങൾ പൗരൻമാരെ തിരികെയെത്തിക്കാനുള്ള പ്രവർത്തനം ഊർജിതമാക്കി. ഇസ്രയേലിലെ വിവിധ രാജ്യങ്ങളുടെ എംബസികൾ അടച്ചു.


മധ്യ, തെക്കൻ ഇസ്രയേലിലെ നാലിടങ്ങളിൽ ഇറാന്റെ മിസൈലുകൾ കാര്യമായ നാശനഷ്ടങ്ങൾ വരുത്തി. ബീര്‍ഷെബയിലെ സൊറോക്ക ആശുപത്രിയിൽ ബാലിസ്റ്റിക്‌ മിസൈല്‍ പതിച്ചു. 40 പേർക്ക്‌ പരിക്കേറ്റു. ഇസ്രയേലി സൈന്യത്തിന്റെ രഹസ്യാന്വേഷണ കേന്ദ്രമാണ്‌ (ഐഡിഎഫ് സി41) തങ്ങള്‍ ലക്ഷ്യമിട്ടതെന്ന്‌ ഇറാന്‍ പറഞ്ഞു.

അതിനിടെ, റഷ്യൻ പ്രസിഡന്റ്‌ വ്ലാദിമിർ പുടിനും ചൈനീസ്‌ പ്രസിഡന്റ്‌ ഷി ജിൻപിങ്ങും ഫോണിൽ ചർച്ച നടത്തി. യുഎൻ ചാർട്ടറുകൾക്കും അന്താരാഷ്‌ട്ര നിയമങ്ങൾക്കും വിരുദ്ധമായ ഇസ്രയേൽ കടന്നാക്രമണത്തെ അപലപിച്ച ഇരുവരും മേഖലയിൽ സമാധാന പുനഃസ്ഥാപനത്തിന്‌ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ടു. സംഘർഷത്തിൽ അമേരിക്ക സൈനികമായി ഇടപെടരുതെന്ന് റഷ്യ മുന്നറിയിപ്പ്‌ നൽകി.

രക്ഷാസമിതി ഇന്ന്‌

ഇസ്രയേൽ–-ഇറാൻ സംഘർഷം ചർച്ചചെയ്യാൻ ഐക്യരാഷ്ട്ര രക്ഷാസമിതിയുടെ അടിയന്തരയോഗം വെള്ളിയാഴ്‌ച ചേരും. ഇറാന്റെ അഭ്യർഥന പരിഗണിച്ചാണ്‌ യോഗം. റഷ്യയും ചൈനയും ഇറാന്റെ ആവശ്യത്തെ പിന്തുണച്ചു.


അതേസമയം, ഇറാൻ വിദേശമന്ത്രി അബ്ബാസ് അരാഗ്ചി ജനീവയിൽ യൂറോപ്യൻ വിദേശമന്ത്രിമാരുമായി വെള്ളിയാഴ്‌ച കൂടിക്കാഴ്ച നടത്തും. ഫ്രാൻസ്, ജർമനി, ബ്രിട്ടൻ എന്നിവിടങ്ങളിലെ മന്ത്രിമാരുമായി ആണവവിഷയത്തിൽ കൂടിക്കാഴ്ച നടത്തുമെന്ന്‌ അരാഗ്‌ചി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home