ഇറാൻ യുദ്ധത്തിൽ ട്രംപിന് തിരിച്ചടി; വിയോജിപ്പുമായി യുഎസ് സെനറ്റ്, സ്വന്തം പാർട്ടിയിലും എതിർപ്പ് ശക്തം

വാഷിംഗ്ടൺ: ഇറാാനെതിരായ സൈനിക നീക്കങ്ങളുമായി മുന്നോട്ട് പോകുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് തിരിച്ചടിയായി യുഎസ് സെനറ്റിൽ ഭരണപക്ഷത്തുനിന്ന് തന്നെ എതിർപ്പ് ശക്തമാകുന്നു. ഇറാനിലെ യുദ്ധനടപടികൾ അവസാനിപ്പിക്കണമെന്ന പ്രമേയത്തിന്മേൽ നടന്ന പ്രാഥമിക വോട്ടെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയിലെ തന്നെ പ്രമുഖ അംഗങ്ങൾ ട്രംപിനെതിരെ വോട്ട് രേഖപ്പെടുത്തി.
യുദ്ധം മൂലമുണ്ടാകുന്ന സാമ്പത്തിക ബാധ്യതകളിൽ അമേരിക്കൻ ജനതയ്ക്കിടയിലുള്ള അതൃപ്തിയാണ് സെനറ്റിലും പ്രതിഫലിക്കുന്നത്. സെനറ്റിൽ നടന്ന നിർണായക വോട്ടെടുപ്പിൽ 50-47 എന്ന നിലയിലാണ് യുദ്ധവിരുദ്ധ പ്രമേയത്തെ അനുകൂലിക്കുന്നവർ വിജയിച്ചത്. റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നുള്ള സെനറ്റർ ബിൽ കാസിഡി ഉൾപ്പെടെ നാല് ഭരണപക്ഷ സെനറ്റർമാർ ഡെമോക്രാറ്റുകൾക്കൊപ്പം ചേർന്ന് പ്രമേയത്തെ അനുകൂലിച്ചു.
ഇറാൻ വിഷയത്തിൽ വൈറ്റ് ഹൗസും പെന്റഗണും കോൺഗ്രസിനെ ഇരുട്ടിൽ നിർത്തുകയാണെന്നും വ്യക്തത വരുന്നത് വരെ സൈനിക നടപടികൾക്ക് അനുമതി നൽകാനാകില്ലെന്നും കാസിഡി വ്യക്തമാക്കി. ഇറാനിൽ പുതിയ വ്യോമാക്രമണം നടത്താൻ ട്രംപ് പദ്ധതിയിട്ടിരുന്നെങ്കിലും സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളുടെ അഭ്യർത്ഥനയെ തുടർന്ന് താല്ക്കാലികമായി മാറ്റിവെച്ചിരിക്കുകയാണ്.
എന്നാൽ ഇറാൻ ചർച്ചകൾക്ക് തയ്യാറായില്ലെങ്കിൽ ശക്തമായ തിരിച്ചടി നൽകുമെന്നാണ് ട്രംപിന്റെ ഭീഷണി. വരും ദിവസങ്ങളിൽ സെനറ്റിലും ജനപ്രതിനിധി സഭയിലും ഈ പ്രമേയത്തിന്മേൽ അന്തിമ വോട്ടെടുപ്പ് നടക്കും. യുദ്ധം കാരണം അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വർദ്ധിച്ചതും അമേരിക്കയിൽ ഗാലന് 4.53 ഡോളറായി ഇന്ധനവില ഉയർന്നതും ജനങ്ങൾക്കിടയിൽ ട്രംപ് ഭരണകൂടത്തിനെതിരെ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.










0 comments