റഷ്യൻ എണ്ണവാങ്ങുന്ന രാജ്യങ്ങൾക്ക് 100 ശതമാനം നികുതി: ട്രംപിന് പൂര്‍ണ്ണ അധികാരം നൽകുന്ന ബില്ല് സെനറ്റ് കടന്നു

വാഷിങ്ടൺ: റഷ്യയിൽ നിന്ന് എണ്ണവാങ്ങുന്ന ഇന്ത്യയുൾപ്പെടെ പ്രമുഖ രാജ്യങ്ങൾക്ക് മേൽ കടുത്ത സാമ്പത്തിക ഉപരോധവും താരിഫുകളും ചുമത്താൻ വ്യവസ്ഥ ചെയ്യുന്ന സുപ്രധാന ബില്ല് യു എസ് സെനറ്റ് പാസാക്കി. 86-11 എന്ന വൻ ഭൂരിപക്ഷത്തിലാണ് ബില്ല് സെനറ്റ് കടന്നത്. റഷ്യൻ എണ്ണയും വാതകവും വാങ്ങുന്ന ലോകത്തിലെ അഞ്ച് മുൻനിര രാജ്യങ്ങളുടെ ഉത്പന്നങ്ങൾക്ക് മേൽ നൂറ് ശതമാനം വരെ നികുതി ചുമത്താൻ യു എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന് അധികാരം നൽകുന്നതാണ് ബില്ല്.
അടുത്തിടെ അന്തരിച്ച മുൻ റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്സി ഗ്രഹാമിന്റെ ഓര്‍മ മുൻനിര്‍ത്തി 'ലിൻഡ്സി ഒ. ഗ്രഹാം സാങ്ഷനിംഗ് റഷ്യ ആൻഡ് ഇറാൻ ആക്ട് ഓഫ് 2026' (Lindsey O. Graham Sanctioning Russia and Iran Act of 2026) എന്ന പേരിലാണ് ബില്ല്.
നിലവിൽ റഷ്യയിൽ നിന്നും ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്ന ചൈന, ഇന്ത്യ, അസര്‍ബൈജാൻ, ഹംഗറി, സ്ലൊവാക്യ എന്നീ അഞ്ച് രാജ്യങ്ങളെയാവും ഇത് ഏറ്റവും അധികം ബാധിക്കുക. പശ്ചിമേഷ്യൻ സംഘര്‍ത്തിന്റെ പശ്ചാത്തലത്തിൽ എണ്ണ നീക്കം വലിയ പ്രതിസന്ധി നേരിടുമ്പോഴാണ് അമേരിക്ക കുരുക്ക് മുറുക്കുന്നത്.
പശ്ചിമേഷ്യയിൽ നിന്നും റഷ്യയിൽ നിന്നും എണ്ണ ലഭിക്കാത്ത സാഹചര്യം ഇന്ത്യയെ പ്രതിസന്ധിയിലാക്കും. ഹോര്‍മുസ് പ്രതിസന്ധി തുടരുമ്പോഴും കുറഞ്ഞ നിരക്കിൽ റഷ്യൻ എണ്ണ ലഭിച്ചത് ഇന്ത്യയ്ക്ക് വലിയ താങ്ങായിരുന്നു. യു എസ് ക്രൂഡ് ഓയിൽ വാങ്ങുക എന്നത് ചെലവേറിയതാവും. എണ്ണ കപ്പലുകളുടെ യാത്രാ ദിനത്തിൽ പോലും ഒരു മാസത്തെ അധിക സമയം എടുക്കുന്നതായി തീരും. ഇന്ത്യ-യു.എസ് ഉഭയകക്ഷി വ്യാപാര ബന്ധത്തിൽ ഇത് പുതിയ പ്രതിസന്ധികൾ സൃഷ്ടിക്കും. നരേന്ദ്രമോദി സര്‍ക്കാര്‍ അമേരിക്കൻ ഭരണകൂടത്തിന് പൂര്‍ണമായും കീഴ്പ്പെടുന്ന നയസമീപനങ്ങളാണ് തുടരുന്നത്. ഇത് പക്ഷേ രാജ്യത്തെ ഗുരുതര പ്രതിസന്ധിയിലേക്ക് എത്തിക്കാവുന്ന എണ്ണ വിലക്കുന്നതിന് അമേരിക്കയ്ക്ക് തടസമായില്ല.
ഉക്രെയ്ൻ യുദ്ധത്തിന് റഷ്യ ധനസമാഹരണം നടത്തുന്നത് എണ്ണ വിറ്റാണെന്നാണ് യു എസ് നിലപാട്. ഇത് തടയുക എന്ന തന്ത്രമാണ് ഉപരോധത്തിലൂടെ പ്രയോഗിക്കുന്നത്.
റഷ്യൻ മുൻനിര നേതാക്കൾക്കും
ഇറാനും ഉപരോധം
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ, റഷ്യൻ ഒലിഗാർക്കുകൾ അഥവാ സമ്പന്ന വ്യവസായികൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവർക്കെതിരെയും പുതിയ ഉപരോധങ്ങൾ ബിൽ അനുവദിക്കുന്നു.
ഇറാന്റെ ഊര്‍ജ മേഖലയിൽ നിക്ഷേപം നടത്തുന്ന കമ്പനികൾക്കെതിരെ നടപടികൾ വ്യവസ്ഥ ചെയ്യുന്ന 'ഇറാൻ സാങ്ഷൻസ് ആക്ട് 1996'- ന്റെ കാലവാധി 2031 വരെ നീട്ടാനും ബിൽ അനുമതി നൽകുന്നുണ്ട്.
ബില്ലിന് പിന്തുണ
വൈകാരികവും
ലിൻഡ്സി ഗ്രഹാമിന്റെ മരണം ബില്ലിന് വൈകാരിക പശ്ചാത്തലം കൂടി നൽകിയതോടെയാണ് സെനറ്റിൽ പിന്തുണ വര്‍ധിച്ചത്. റിപ്പബ്ലിക്കൻ സെനറ്റര്‍ ലിൻഡ്സി ഗ്രഹാമും ഡെമോക്രാറ്റിക് സെനറ്റർ റിച്ചാർഡ് ബ്ലൂമൻതാലും ചേര്‍ന്നാണ് ഈ ബില്ല് ആദ്യം അവതരിപ്പിച്ചത്. ലിൻഡ്സി ഗ്രഹാം ഉക്രയെൻ സഖ്യ കക്ഷി എന്ന പേരിൽ അറിയപ്പെട്ടിരുന്ന വ്യക്തിയുമാണ്. ജൂലൈ 11 ന് കീവ് സന്ദര്‍ശനത്തിനിടെയാണ് അന്തരിക്കുന്നത്. ഇതോടെ ബില്ലിന്റെ കാര്യത്തിൽ റിപ്പബ്ലിക്കൻമാരും ഡെമോക്രാറ്റുകളും കൈകോര്‍ത്തു.
സെനറ്റ് ബിൽ വൻ ഭൂരിപക്ഷത്തോടെ അംഗീകരിച്ചെങ്കിലും യു.എസ്. ജനപ്രതിനിധി സഭയിലെ (House of Representatives) ഡെമോക്രാറ്റിക് പ്രതിനിധികൾ ഇതിനെതിരെ ആശങ്ക ഉയർത്തിയിട്ടുണ്ട്. പ്രസിഡന്റ് ട്രംപ് ഇപ്പോൾ തന്നെ കടുത്ത താരിഫ് നയങ്ങളാണ് പിന്തുടരുന്നത്. പുതിയ ബില്ല് നടപ്പാകുന്നതോടെ ആഗോള വ്യാപാരത്തിൽ ട്രംപിന് കൂടുതൽ അനിയന്ത്രിതമായ താരിഫ് അധികാരങ്ങൾ ലഭിക്കും. ഡെമോക്രാറ്റുകളായ ഗ്രിഗറി മീക്സും ഡൊണാൾഡ് ബെൻ ബെെയറും ഇതിനെതിരെ ആശങ്ക രേഖപ്പെടുത്തി രംഗത്ത് എത്തിയിട്ടുമുണ്ട്.
ഒരു ഘട്ടം കൂടിയുണ്ട്
സെനറ്റ് പാസാക്കിയ ബിൽ ഇനി ഓഗസ്റ്റ് 31-ന് യു എസ് ജനപ്രതിനിധി സഭ സമ്മേളിക്കുമ്പോൾ അവിടെ വോട്ടെടുപ്പിനായി വരും. ജനപ്രതിനിധി സഭയും അംഗീകാരം നൽകിയാൽ മാത്രമായിരിക്കും ബിൽ ഔദ്യോഗിക നിയമമായി മാറാൻ പ്രസിഡന്റ് ട്രംപിന്റെ ഒപ്പിനായി അയക്കുക.










0 comments