വെള്ളക്കെട്ടും വാഹനങ്ങളും: സ്റ്റാർട്ടാക്കുമ്പോൾ അറിയണം ഈ അപകടങ്ങൾ

AI പ്രതീകാത്മക ചിത്രം / Gemini
ആലപ്പുഴ: സംസ്ഥാനത്ത് മഴ കനക്കുകയും പലയിടങ്ങളിലും റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്ത സാഹചര്യത്തിൽ, വാഹന ഉടമകൾക്ക് നിർണായക ജാഗ്രതാ നിർദേശം. പ്രളയത്തിലോ വെള്ളക്കെട്ടിലോ അകപ്പെട്ടുപോയ വാഹനങ്ങൾ യാതൊരു കാരണവശാലും സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കരുതെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
പകരം തള്ളി വെള്ളക്കെട്ടിൽനിന്ന് പുറത്തെത്തിക്കാൻ ശ്രമിക്കാം. ബാറ്ററി ടെർമിനലുകൾ മാറ്റിയശേഷം വർക്‌ഷോപ്പിന്റെ സഹായം തേടണം. ഓട്ടോമാറ്റിക് ട്രാൻസ്‌മിഷൻ സംവിധാനത്തിലുള്ള വാഹനമാണെങ്കിൽ ഗിയർ ബോക്‌സ് തകരാറിലാകാതെ വേണം വലിച്ചുനീക്കാൻ.
ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ ഫിൽറ്റർ/സ്‌നോർക്കൽ വഴി വെള്ളം അകത്തുകടന്നാൽ എൻജിൻ നിലയ്‌ക്കും. വെള്ളക്കെട്ടിൽ വാഹനം ഓഫായാൽ വീണ്ടും സ്‌റ്റാർട്ട് ചെയ്യാൻ ശ്രമിക്കരുത്. വർക്ക്ഷോപ്പിൽ അറിയിക്കുകയാണ് വേണ്ടത്. ഇൻഷുറൻസ് കമ്പനിയെയും അറിയിക്കണം.
വെള്ളംകയറിയ കാറിന്റെ എൻജിൻ ഓയിൽ മാറ്റണം. എൻജിൻ പൂർണമായും വൃത്തിയാക്കാൻ രണ്ടോ മൂന്നോ തവണ ഓയിൽ മാറ്റേണ്ടിവരും.
എയർ ഫിൽറ്റർ, ഓയിൽ ഫിൽറ്റർ, ഫ്യുവൽ ഫിൽറ്റർ എന്നിവ മാറ്റി പുതിയവ ഘടിപ്പിക്കണം. എൻജിനിലേക്ക് വെള്ളം കയറാൻ സാധ്യതയുള്ള എല്ലാ എയർ ഇൻടേക്കുകളും നന്നായി വൃത്തിയാക്കണം. വാഹനത്തിന്റെ ഇലക്‌ട്രിക് ഫ്യൂസുകൾ മാറ്റി പുതിയവ സ്ഥാപിക്കണം. ഇതിനുശേഷം മാത്രം എൻജിൻ സ്‌റ്റാർട്ട് ചെയ്യുക. ഒന്നോ രണ്ടോ മിനിറ്റ് എൻജിൻ ഓൺ ആക്കി ഇടണം.
വൈദ്യുത വാഹനങ്ങൾക്ക് പ്രത്യേക പരിഗണന
വൈദ്യുതി വാഹനങ്ങൾക്ക് വെള്ളത്തിൽ ഉപയോഗിക്കാനാകുന്ന പരിരക്ഷകൾ ഉണ്ടെങ്കിലും പരമാവധി ഒഴിവാക്കണമെന്നാണ് കമ്പനികളുടെ നിർദേശം. വൈദ്യുത ഇരുചക്രവാഹനത്തിൽ മിക്കതിനും പിൻഭാഗത്തെ ചക്രത്തിനോട് ചേർന്ന ഹബ് മോട്ടോറാണ്. അതുകൊണ്ട് വെള്ളത്തിലായതും വെള്ളത്തിൽ ഇറങ്ങേണ്ടിവന്നതുമായ വാഹനത്തിന്റെ മോട്ടോർ ഉണങ്ങാൻ സമയം നൽകണം. പകുതി വെള്ളം നിറഞ്ഞ സ്ഥലത്തുകൂടെ ഓടിച്ചുപോകേണ്ടി വന്നാൽ വാഹനം നിർത്തരുത്.
വെള്ളം കയറിയ വാഹനം ഉണങ്ങും മുന്പ് ചാർജ് ചെയ്യാൻ ശ്രമിക്കരുത്. ബാറ്ററി വിച്ഛേദിക്കണം, അതിനുശേഷം സർവീസ് കേന്ദ്രത്തിന്റെ സഹായം തേടണം. വൈദ്യുതി കാറുകളിൽ സർവീസ് ഡിസ്‌കണക്‌ടർ പ്ലഗ് ഉണ്ടാകും. അതും ഊരിയിടണം. ഓട്ടോറിക്ഷകളിലാണെങ്കിൽ ചെറിയ ബാറ്ററിയുള്ളത് വിച്ഛേദിക്കണം.
ഫുൾ കവർ ഇൻഷുറൻസുള്ള വാഹനത്തിന് വെള്ളംകയറിയ രേഖകൾ ഹാജരാക്കിയാൽ പരിരക്ഷ ലഭിക്കും. ചെളിയും മറ്റുമായ വാഹനങ്ങൾ ലോ പ്രഷർ വാഷർ ഉപയോഗിച്ചുവേണം കഴുകാൻ. ഹൈ പ്രഷർ വാഷർ ഉപയോഗിച്ചാൽ വാഹനത്തിന്റെ സെൻസറുകൾക്കും കേബിളുകൾക്കും തകരാറുണ്ടായേക്കാം.









0 comments