print edition റഷ്യ, ഇറാൻ ഉപരോധ ബില്ലിന് യുഎസ് സെനറ്റിൽ ഭൂരിപക്ഷം

പ്രതീകാത്മക ചിത്രം
വാഷിങ്‌ടൺ: റഷ്യ, ഇറാൻ എന്നീ രാജ്യങ്ങളിൽനിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യയും ചൈനയും അടക്കമുള്ള രാജ്യങ്ങൾക്കുമേൽ ഉപരോധം ഏർപ്പെടുത്താൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് അധികാരം നൽകുന്ന ബില്ലിന് യുഎസ് സെനറ്റിൽ വൻ ഭൂരിപക്ഷം. ബിൽ അന്തിമ ചർച്ചയ്‌ക്കും വോട്ടെടുപ്പിനും പരിഗണിക്കാനുള്ള പ്രമേയം 12-നെതിരെ 86 വോട്ടിന് പസായി.
ഇന്ത്യയും ചൈനയും കൂടാതെ സ്ലൊവാക്യ, ഹംഗറി, അസർബൈജാൻ എന്നീ രാജ്യങ്ങളും ഉപരോധഭീഷണി നേരിടുന്ന രാജ്യങ്ങളുടെ പട്ടികയിലുണ്ട്. ഇൗ രാജ്യങ്ങൾക്കെതിരെ ഉപരോധവും 100 ശതമാനം വരെ നികുതിയും ഏർപ്പെടുത്താൻ ട്രംപിന് അനുവാദം നൽകുന്നതാണ് ബിൽ. റഷ്യയുടെ യുദ്ധഫണ്ടിങ് തടയാനെന്ന പേരിലാണ് നീക്കം.
റഷ്യൻ എണ്ണയും പ്രകൃതിവാതകവും വാങ്ങുന്ന അമേരിക്കൻ സഖ്യകക്ഷികളെ ബോധപൂർവം ഒഴിവാക്കി ഇന്ത്യയെയും ചൈനയെയും ശിക്ഷിക്കാൻ ലക്ഷ്യമിട്ടാണ് ബിൽ തയ്യാറാക്കിയിരിക്കുന്നത്. ഇൗയിടെ അന്തരിച്ച റിപബ്ലിക്കൻ നേതാവ് ലിൻഡ്സെ ഗ്രഹാമും ഡെമോക്രാറ്റിക് സെനറ്റർ റിച്ചാർഡ് ബ്ലൂമെന്താലും ചേർന്നാണ് ബിൽ തയ്യാറാക്കിയത്. ട്രംപിന്റെ നിർദേശപ്രകാരമാണ് ഇറാനെക്കൂടി ബില്ലിൽ ഉൾപ്പെടുത്തിയത്.
വോട്ടെടുപ്പ് നടക്കുമ്പോൾ സെനറ്റ് ഗ്യാലറിയിൽ ഉക്രയ്‌ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്‌കി ഉണ്ടായിരുന്നു. ലിൻഡ്സെ ഗ്രഹാമിന്റെ സംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു സെലൻസ്‌കി.
ട്രംപിന്റെ ഇറക്കുമതി തീരുവ അധികാരം വിപുലീകരിക്കുന്നതിൽ ഭൂരിപക്ഷം ഡെമോക്രാറ്റ് നേതാക്കൾക്കും താല്പര്യമില്ലാത്തതിനാൽ ബില്ലിന് ജനപ്രതിനിധി സഭയിൽ വൻ എതിർപ്പുണ്ടായേക്കാം.










0 comments