വൈറ്റ് ഹൗസ് വിരുന്നിലെ വെടിവെപ്പ്; പ്രസിഡന്റിന്റെ സുരക്ഷയിൽ വൻ വീഴ്ചയെന്ന് നിയമപാലകർ

സീക്രട്ട് സർവീസ് ഉദ്യോഗസ്ഥൻ സുരക്ഷ പരിശോധിക്കുന്നു (Photo Credit: ALEX WROBLEWSKI / AFP)
വാഷിംഗ്ടൺ : ലോകത്തെ ഏറ്റവും സുരക്ഷിതമെന്ന് കരുതപ്പെടുന്ന സുരക്ഷാ സന്നാഹമാണ് അമേരിക്കൻ പ്രസിഡന്റിന്റെ സീക്രട്ട് സർവീസ്. ഈ സുരക്ഷാ വലയത്തെ വെല്ലുവിളിച്ചാണ് കഴിഞ്ഞ ദിവസം ഹോട്ടൽ ഹിൽട്ടണിൽ വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് അസോസിയേഷൻ വിരുന്നിന് സമീപം തോക്കുധാരി വെടിയുതിർത്തത്. ഈ സംഭവത്തെത്തുടർന്ന് യുഎസ് നിയമപാലകർ പ്രസിഡന്റിന്റെ സുരക്ഷാ ക്രമീകരണങ്ങൾ പുനഃപരിശോധിക്കുകയാണ്.
പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, കാബിനറ്റ് അംഗങ്ങൾ, നിയമനിർമാതാക്കൾ എന്നിവർ പങ്കെടുത്ത ചടങ്ങിന്റെ ഇത്രയും അടുത്തെത്താൻ അക്രമിക്ക് എങ്ങനെ സാധിച്ചു എന്നതിനെക്കുറിച്ച് വലിയ ചോദ്യങ്ങൾ ഉയരുന്നുണ്ട്. പ്രസിഡന്റും വിശിഷ്ടാതിഥികളും പങ്കെടുത്ത അത്താഴ വിരുന്നിനിടെയാണ് വെടിയൊച്ച കേട്ടത്. വെടിവെപ്പിനെത്തുടർന്ന് സീക്രട്ട് സർവീസ് ഏജന്റുകൾ ഉടൻ തന്നെ പ്രസിഡന്റിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
പ്രസിഡന്റിന്റെ സുരക്ഷയിൽ വിട്ടുവീഴ്ചയുണ്ടായില്ല എന്ന് ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിക്കുന്നുണ്ടെങ്കിലും അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുള്ള യുഎസ് പ്രസിഡന്റ് പങ്കെടുക്കുന്ന ചടങ്ങിൽ തോക്കുമായി അക്രമി എത്തിയത് എങ്ങനെ എന്ന ചോദ്യം അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
സംഭവത്തിന് പിന്നാലെ വൈറ്റ് ഹൗസും പരിസരവും കനത്ത സുരക്ഷാ വലയത്തിലായി. സീക്രട്ട് സർവീസിന്റെ പ്രവർത്തനങ്ങളിൽ വലിയ വീഴ്ചയുണ്ടായെന്ന ആക്ഷേപം ശക്തമാണ്.
2024ലെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ട്രംപിന് നേരെ നടന്ന രണ്ട് വധശ്രമങ്ങളെത്തുടർന്ന് പ്രസിഡന്റിന്റെ സുരക്ഷക്ക് കർശനമായ നടപടികൾ സ്വീകരിച്ചിരുന്നിട്ടും വെടിയുതിർത്ത ശബ്ദം വിരുന്നിൽ പങ്കെടുത്തവർക്ക് കേൾക്കാൻ സാധിച്ചു എന്നത് സുരക്ഷയിലെ പോരായ്മകളെയാണ് അടിവരയിടുന്നത് എന്ന് വിദഗ്ധർ പറഞ്ഞു.
പൊതുജനങ്ങൾക്കോ അതിഥികൾക്കോ അസൗകര്യമുണ്ടായാൽ പോലും കൂടുതൽ ആളുകൾ പങ്കെടുക്കുന്ന പൊതുപരിപാടികളിൽ പ്രസിഡന്റിന് സുരക്ഷാ വലയം വിപുലീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് ഈ സംഭവത്തിൽ നിന്ന ഉൾക്കൊള്ളണമെന്ന് മുൻ നിയമപാലകർ വ്യക്തമാക്കുന്നു. രാഷ്ട്രീയ എതിരാളികൾ ഈ സംഭവത്തെ വൈറ്റ് ഹൗസിന്റെ പരാജയമായി ഉയർത്തിക്കാട്ടുന്നുണ്ട്.
സംഭവത്തിൽ പ്രതിയെന്ന് കരുതുന്നയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കാലിഫോർണിയ സ്വദേശിയായ കോൾ തോമസ് അലൻ എന്ന 31കാരനായ ഒരു അധ്യാപകനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ ഇത്തരമൊരു ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല.










0 comments