ad
Deshabhimani

2 എണ്ണക്കന്പനികൾക്ക് യുഎസ്‌ ഉപരോധം , റഷ്യൻ എൽഎൻജി നിരോധിച്ച്‌ യൂറോപ്യൻ യൂണിയൻ

print edition യുഎസ്–ഇയു പ്രകോപനം ; റഷ്യക്ക്‌ ‘എണ്ണ’ ഉപരോധം

us oil sanctions on russia
വെബ് ഡെസ്ക്

Published on Oct 24, 2025, 04:21 AM | 2 min read

വാഷിങ്‌ടൺ

ഉക്രയ്‌നിലെ വെടിനിർത്തൽ ചർച്ചകളിൽ പുരോഗതിയില്ലെന്ന പേരിൽ റഷ്യക്കെതിരെ കടുത്ത ഉപരോധ നടപടികളുമായി അമേരിക്കയും യൂറോപ്യൻ യൂണിയനും. റഷ്യയിലെ രണ്ടു മുൻനിര എണ്ണക്കന്പനികൾക്ക്‌ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയപ്പോൾ, റഷ്യയിൽനിന്നുള്ള ദ്രവീകൃത പ്രകൃതിവാതകം (എൽഎൻജി) യൂറോപ്യൻ യൂണിയൻ നിരോധിച്ചു. ഡോണൾഡ് ട്രംപ് രണ്ടാമതും പ്രസിഡന്റായശേഷം ആദ്യമായാണ്‌ റഷ്യക്കുമേൽ ഉപരോധം ഏർപ്പെടുത്തുന്നത്‌. യൂറോപ്യൻ യൂണിയന്റെ 19–-ാം ഉപരോധ പാക്കേജാണിത്‌.


റഷ്യയിലെ വൻ എണ്ണക്കമ്പനികളായ റോസ്‌നെഫ്റ്റിനെയും ലുക്കോയിലിനെയും ലക്ഷ്യമിട്ടുള്ള ഉപരോധം യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റാണ്‌ പ്രഖ്യാപിച്ചത്‌. ഇരുകന്പനികളുടെയും യുഎസ് ആസ്‌തി മരവിപ്പിക്കുകയും അമേരിക്കക്കാരുമായുള്ള ഇടപാട്‌ തടയുകയും ചെയ്യും. പൊതുഉടമസ്ഥതയിലുള്ള റോസ്‌നെഫ്റ്റ് റഷ്യയുടെ രണ്ടാമത്തെ വലിയ എണ്ണക്കമ്പനിയാണ്. -മൂന്നാമത്തെ വലിയ കന്പനിയും സ്വകാര്യമേഖലയിലെ ഏറ്റവും വലിയ സ്ഥാപനവുമാണ്‌ ലുക്കോയിൽ. ബ്രിട്ടൻ രണ്ടു സ്ഥാപനങ്ങൾക്കും കഴിഞ്ഞയാഴ്‌ച ഉപരോധം പ്രഖ്യാപിച്ചിരുന്നു.


ബുഡാപെസ്റ്റിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായുള്ള കൂടിക്കാഴ്‌ച അനിശ്ചിതമായി മാറ്റിവച്ചെന്ന് ട്രംപ് അറിയിച്ചതിനു പിറ്റേന്നാണ് പ്രഖ്യാപനം. യൂറോപ്യൻ രാജ്യങ്ങൾ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തുംവരെ ഉപരോധം ഏർപ്പെടുത്തില്ലെന്നായിരുന്നു നിലപാട്‌. റഷ്യൻ എണ്ണവ്യാപാരത്തെ പ്രതിസന്ധിയിലാക്കാനാണ്‌ പൊടുന്നനെയുള്ള നയംമാറ്റം. ധനവിനിയോഗബിൽ പാസാകാത്തതിനാൽ അടച്ചുപൂട്ടൽ തുടരുന്ന അമേരിക്കയിലെ ആഭ്യന്തരപ്രശ്‌നങ്ങൾ നീക്കത്തിന്‌ ആക്കംകൂട്ടിയെന്നാണ്‌ വിലയിരുത്തൽ. അടുത്തയാഴ്‌ച ദക്ഷിണ കൊറിയയിൽ നടക്കുന്ന അപെക്‌ ഉച്ചകോടിയിൽ ചൈനീസ്‌ പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള കൂടിക്കാഴ്‌ചയിൽ റഷ്യൻ എണ്ണ വാങ്ങുന്നതിനെക്കുറിച്ചുള്ള ആശങ്ക ഉന്നയിക്കുമെന്ന് ട്രംപ് പറഞ്ഞു.


റഷ്യക്കെതിരായ ഉപരോധം കഴിഞ്ഞയാഴ്‌ച ഇയു അംഗീകരിച്ചതിനുശേഷം സ്ലൊവാക്യ പിന്മാറിയിരുന്നു. വ്യാഴാഴ്‌ച ബ്രസൽസിൽ യൂറോപ്യൻ നേതാക്കളുടെ ഉച്ചകോടിക്ക് മുന്നോടിയായി സ്ലൊവാക്യയുടെ ആവശ്യങ്ങൾ നിറവേറ്റുന്ന പുതിയ വ്യവസ്ഥകൾ ചേർത്താണ്‌ ഉപരോധവിജ്ഞാപനം ഇറക്കിയത്‌.


വിപരീതഫലമുണ്ടാകും: റഷ്യ

അമേരിക്കയുടെ ഉപരോധം അങ്ങേയറ്റം വിപരീതഫലമുണ്ടാക്കുമെന്ന്‌ റഷ്യയുടെ മുന്നറിയിപ്പ്‌. ഉക്രയ്നിൽ സമാധാനം കണ്ടെത്തുന്നതിനുതന്നെ ഊർജ ഉപരോധങ്ങൾ തിരിച്ചടിയാകുമെന്ന്‌ റഷ്യൻ വിദേശ മന്ത്രാലയം പ്രതികരിച്ചു.


​ഉക്രയ്നിലെ റഷ്യൻ ലക്ഷ്യങ്ങളിൽ മാറ്റമില്ല. സംഘർഷത്തിന്റെ മൂലകാരണങ്ങൾ പരിഹരിക്കാനാണ്‌ ശ്രമിക്കേണ്ടത്‌. ഉപരോധങ്ങൾ ഫലിക്കില്ലെന്ന്‌ സമ്മതിക്കാൻ യൂറോപ്യൻ യൂണിയൻ ഉന്നതർക്ക് പ്രയാസമുണ്ടാകും. എന്നാൽ, ഉപരോധങ്ങൾ ഏൽക്കാതിരിക്കാൻ റഷ്യക്ക് "പ്രതിരോധശേഷിയുണ്ടെ'ന്ന് വിദേശ മന്ത്രാലയ വക്താവ് മരിയ സഖറോവ മാധ്യമപ്രവർത്തകരോട് പറഞ്ഞു.


അമേരിക്ക നയതന്ത്രം ഉപേക്ഷിച്ചുവെന്നും ട്രംപിന്റെ നീക്കം ‘യുദ്ധപ്രവൃത്തി’യാണെന്നും മുൻ പ്രസിഡന്റ് ദിമിത്രി മെദ്‌വദേവ് പ്രതികരിച്ചു. ‘‘അമേരിക്ക നമ്മുടെ എതിരാളിയാണ്. അവരുടെ വാചാലനായ ‘സമാധാന നിർമാതാവ്' ഇപ്പോൾ റഷ്യക്കെതിരായ യുദ്ധപാതയിൽ പൂർണമായും പ്രവേശിച്ചിരിക്കുന്നു''–റഷ്യയുടെ സുരക്ഷാ കൗൺസിൽ ഡെപ്യൂട്ടി ചെയർമാനായ മെദ്‌വദേവ്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home