ലക്ഷ്യം കാണും വരെ പിന്നോട്ടില്ല; സോനം വാങ്ചുക്കിന്റെ നിരാഹാര സമരം ഇരുപതാം ദിവസത്തിലേക്ക്

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടും വിദ്യാഭ്യാസ മേഖലയിലെ ക്രമക്കേടുകൾക്കെതിരെയും പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് ഡൽഹി ജന്തർ മന്തറിൽ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം ഇരുപതാം ദിവസത്തിലേക്ക്. ആരോഗ്യം അതീവ ഗുരുതരമായിട്ടും തന്റെ ലക്ഷ്യം പൂർത്തീകരിക്കാതെ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് അദ്ദേഹം.
ജൂലായ് 20-ന് നടക്കുന്ന പാർലമെന്റ് മാർച്ചിന് (സൻസദ് ചലോ) താൻ എങ്ങനെയെങ്കിലും ജീവനോടെ എത്തുമെന്നും, ഒരുപക്ഷേ ആ ലക്ഷ്യം പൂർത്തിയായില്ലെങ്കിൽ താൻ ഒരു പ്രേതമായി മടങ്ങിവരുമെന്നും അദ്ദേഹം അനുയായികളോട് പറഞ്ഞു. കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധം ഇപ്പോൾ 28-ാം ദിവസത്തിലാണ്.
സമരം മൂന്നാം വാരത്തിലേക്ക് കടക്കുമ്പോൾ വാങ്ചുക്കിന്റെ ആരോഗ്യനില ആശങ്കാജനകമായി തുടരുകയാണ്. സമരം തുടങ്ങിയ ശേഷം അദ്ദേഹത്തിന് 9 കിലോയിലധികം ഭാരമാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 500 ഗ്രാം ഭാരം കുറഞ്ഞു.
നിലവിൽ ശരീരഭാരം 56.65 കിലോയായി കുറഞ്ഞു. തന്റെ നിരാഹാരം അവസാനിപ്പിക്കാൻ ആരും ആവശ്യപ്പെടേണ്ടതില്ലെന്നും, പകരം ജൂലൈ 20-ലെ സമാധാനപരമായ പാർലമെന്റ് മാർച്ചിൽ ജനങ്ങൾ അണിചേരണമെന്നും വാങ്ചുക് വീഡിയോ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്തു.
താൻ ശാരീരികമായി ദുർബലനാണെങ്കിലും ആന്തരികമായി കരുത്തനാണെന്ന് അദ്ദേഹം വ്യക്തമാക്കി. സഹതാപത്തേക്കാൾ ഉപരിയായി ജനങ്ങളുടെ സജീവമായ പങ്കാളിത്തമാണ് ജനാധിപത്യത്തിന്റെ ശ്രീകോവിലിലേക്ക് നടത്തുന്ന ഈ പ്രതിഷേധത്തിന് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.










0 comments