ശശി തരൂർ ലിഫ്റ്റിൽ കുടുങ്ങി: അഗ്നിരക്ഷാ സേനയെത്തി പുറത്തിറക്കി

തിരുവനന്തപുരം: ശശി തരൂർ എം പി ലിഫ്റ്റിൽ കുടുങ്ങി. തിരുവനന്തപുരത്തെ പ്രശാന്ത് ഹോട്ടലിൽ ഇന്ന് വൈകിട്ട് 7.30ഓടെയാണ് സംഭവം. വിവരം അറിഞ്ഞ് പൊലീസും അഗ്നി രക്ഷാ സേനയും സ്ഥലത്തെത്തി. ലിഫ്റ്റ് തുറക്കാനും കുടുങ്ങിയവരെ പുറത്തിറക്കാനുമുള്ള ശ്രമം അരമണിക്കൂറോളം തുടർന്നു. ലിഫ്റ്റിൽ കുടുങ്ങിയ എല്ലാവരെയും സുരക്ഷിതമായി പുറത്തിറക്കി.
ലിഫ്റ്റിൽ ഹോട്ടലിലെ മറ്റ് ചില താമസക്കാരും കുടുങ്ങിയതായാണ് വിവരം. മുകളിലത്തെ നിലയിലേക്ക് പോകവേ ആറാം നിലയിൽ എത്തിയപ്പോൾ ലിഫ്റ്റ് നിന്നുപോവുകയായിരുന്നു. അമിത ഭാരം കാരണം ലിഫ്റ്റ് പ്രവർത്തന രഹിതമായി എന്നാണ് നിഗമനം. ചുറ്റിക ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് ആദ്യം ലിഫ്റ്റ് തുറക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. തുടർന്ന് ലിഫ്റ്റ് തുറക്കാനുള്ള പ്രത്യേക ഉപകരണങ്ങൾ എത്തിച്ചാണ് ലിഫ്റ്റ് തുറന്നത്.










0 comments