ad
Deshabhimani

സോനം വാങ്‌ചുക്കിനെ പിന്തുണച്ച് കിരൺ റാവു; '3 ഇഡിയറ്റ്‌സ്' പ്രതികരണത്തിൽ ആമിർ ഖാന് സോഷ്യൽ മീഡിയ വിമർശനം

sonam wangchuk amir khan kiran rao
വെബ് ഡെസ്ക്

Published on Jul 17, 2026, 07:35 PM | 2 min read

മുംബൈ: സോനം വാങ്ചുക്കിന് പിന്തുണയറിയിച്ച് ചലച്ചിത്ര പ്രവർത്തക കിരൺ റാവു. തന്റെ ഇൻസ്റ്റാഗ്രാം ഡിസ്‌പ്ലേ ചിത്രം സോനം വാങ്ചുക്കിന്റെ ഫോട്ടോയാക്കിയായിരുന്നു കിരൺ പ്രതികരിച്ചത്. സമരത്തിന്റെ 19-ാം ദിവസത്തിലും സർക്കാർ കാണിക്കുന്ന നിശബ്ദതയെ "ഞെട്ടിപ്പിക്കുന്നതും മനുഷ്യത്വരഹിതവുമാണ്" എന്ന് അവർ കൂട്ടിച്ചേർത്തു. അധികാരത്തിലിരിക്കുന്നവർ ജനങ്ങളെ ശ്രദ്ധിക്കാൻ എന്തുചെയ്യണമെന്നും അവർ ചോദിച്ചു. ത്രീ ഇഡിയറ്റ്‌സിലെ കഥാപാത്രം സോനം വാങ്ചുക്കിനെ ആസ്പദമാക്കിയല്ല എന്ന ആമീർ ഖാന്റെ പ്രതികരണത്തിന് പിന്നാലെയാണ് കിരൺ റാവുവിന്റെ പ്രതികരണം.


2009-ൽ പുറത്തിറങ്ങിയ 'ത്രീ ഇഡിയറ്റ്‌സ്' എന്ന സിനിമയിലെ ആമിർ ഖാൻ അവതരിപ്പിച്ച 'ഫുൻസുഖ് വാങ്‌ഡു' അഥവാ 'റാഞ്ചോ' എന്ന ഐക്കണിക് കഥാപാത്രം സോനം വാങ്‌ചുക്കിന്റെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്നാണ് വർഷങ്ങളായി പ്രേക്ഷകർ വിശ്വസിച്ചിരുന്നത്. എന്നാൽ, ഈ സിനിമ നിർമിക്കുമ്പോൾ തനിക്കോ സിനിമയുടെ തിരക്കഥാകൃത്തുക്കൾക്കോ സോനം വാങ്‌ചുക്കിനെക്കുറിച്ച് അറിയില്ലായിരുന്നുവെന്ന് ആമിർ ഖാൻ പറഞ്ഞത്.


അതേസമയം, സോനം വാങ്‌ചുക്കിന്റെ വ്യക്തിത്വത്തോടും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളോടും ബഹുമാനമുണ്ടെന്നും നിരാഹാര സമരത്തെത്തുടർന്ന് വാങ്‌ചുക്കിന്റെ ആരോഗ്യനില വഷളാകുന്നതിൽ ആശങ്കയുണ്ടെന്നും ആമീർ പറഞ്ഞു. അദ്ദേഹം ഉടൻ തന്നെ സമരം അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആമീർ കൂട്ടിച്ചേർത്തു.


ത്രീ ഇഡിയറ്റ്‌സ്' സിനിമയിലെ സഹതാരമായ ഒമി വൈദ്യ, "ഫുൻസുഖ് വാങ്‌ഡു മരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല" എന്ന വൈകാരികമായ വീഡിയോ സന്ദേശം പങ്കുവെച്ചുകൊണ്ട് വാങ്‌ചുക്കിന് പിന്തുണ അറിയിച്ചിരുന്നു. അതേസമയം, ആമിറിന്റെ വാദത്തെ ചോദ്യം ചെയ്തുകൊണ്ട് പഴയൊരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. 2008ലെ ഒരു അവാർഡ് ദാന ചടങ്ങിൽ (റിയൽ ഹീറോസ് അവാർഡ്) ആമിർ ഖാനും സോനം വാങ്‌ചുക്കും ഒരേ വേദിയിലുണ്ടായിരുന്നു എന്നതിന്റെ തെളിവാണ് ഈ ക്ലിപ്പ്.


അന്നത്തെ വീഡിയോയിൽ സോനം വാങ്‌ചുക്ക് അവാർഡ് സ്വീകരിക്കുന്നത് സദസിലിരുന്ന് ആമിർ ഖാനും അദ്ദേഹത്തിന്റെ ഭാര്യയായിരുന്ന കിരൺ റാവുവും വീക്ഷിക്കുന്നത് വ്യക്തമാണ്. സിനിമയുമായി വാങ്‌ചുകിന് ബന്ധമില്ലെന്ന് ആമിർ ഖാൻ തറപ്പിച്ചു പറഞ്ഞത് സത്യത്തിന് വിരുദ്ധമാണെന്നും, അദ്ദേഹം അത് മറച്ചുവെക്കാൻ ശ്രമിക്കുകയാണെന്നുമാണ് സോഷ്യൽ മീഡിയയിലെ വിമർശനം.


നസീറുദ്ദീൻ ഷാ, രത്‌ന പതക് ഷാ, ഷബാന ആസ്മി, സീനത്ത് അമൻ, സോനാക്ഷി സിൻഹ, പ്രകാശ് രാജ്, അഭയ് ഡിയോൾ, മലയാളത്തിൽ നിന്ന് നടൻ ടൊവിനോ തോമസ്, ​ഗായിക ജോത്സന തുടങ്ങി നിരവധി പ്രമുഖർ വാങ്‌ചുക്കിന്റെ പോരാട്ടവീര്യത്തെ പ്രശംസിക്കുകയും പിന്തുണയ്ക്കുകയും ചെയ്തിരുന്നു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home