14 വർഷത്തിനുശേഷം സിറിയയിൽ എംബസി തുറക്കാൻ യുഎസ്

വാഷിങ്ടൺ: 14 വർഷത്തിനുശേഷം സിറിയയിൽ എംബസി തുറക്കാൻ അമേരിക്ക പദ്ധതിയിടുന്നു. 2012 ൽ രാജ്യത്തെ ആഭ്യന്തരയുദ്ധകാലത്താണ് ഡമാസ്കസിലെ യുഎസ് എംബസി അടച്ചുപൂട്ടിയത്. വീണ്ടും പ്രവർത്തനം തുടങ്ങാൻ പദ്ധതിയിടുന്നതായി ട്രംപ് ഭരണകൂടം കോൺഗ്രസിനെ അറിയിച്ചു. സിറിയയിലെ എംബസി പ്രവർത്തനങ്ങൾ ഘട്ടം ഘട്ടമായി പുനരാരംഭിക്കാനാണ് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ തീരുമാനം.
നടപടികൾ 15 ദിവസത്തിനുള്ളിലോ അല്ലെങ്കിൽ അടുത്ത ആഴ്‌ചയോ ആരംഭിക്കുമെന്നാണ് ഫെബ്രുവരി 10-ലെ വിജ്ഞാപനം വ്യക്തമാക്കുന്നത്. എന്നാൽ, എംബസിയുടെ നിർമ്മാണം എപ്പോൾ പൂർത്തിയാകുമെന്നോ യുഎസ് ഉദ്യോഗസ്ഥർ എപ്പോൾ ഡമാസ്കസിലേക്ക് മടങ്ങുമെന്നോ ഉള്ള കാര്യത്തിൽ വ്യക്തമായ സമയപരിധി നിശ്ചയിച്ചിട്ടില്ല.
2024 ഡിസംബറിൽ സിറിയൻ ഭരണാധികാരിയായിരുന്ന ബഷർ അസദ് പുറത്താക്കപ്പെട്ടതിന് പിന്നാലെയാണ് എംബസി തുറക്കുന്നതിനെക്കുറിച്ചുള്ള ആലോചനകൾ സജീവമായത്. സിറിയയ്ക്കുള്ള പ്രത്യേക ദൂതനും തുർക്കിയിലെ യു എസ് അംബാസഡറുമായ ടോം ബരാക്കിന്റെ പ്രധാന താൽപ്പര്യങ്ങളിൽ ഒന്നാണിത്. കഴിഞ്ഞ മെയ് മാസത്തിൽ ഡമാസ്കസിലെ എംബസിയിൽ ബരാക് യുഎസ് പതാക ഉയർത്തിയെങ്കിലും ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചിട്ടില്ല.










0 comments