ad
Deshabhimani

യുദ്ധത്തിന്റെ മുഖ്യ ആവശ്യക്കാരൻ, സമാധാന കരാര്‍ വന്നപ്പോൾ പുറത്ത്; രാഷ്ട്രീയ പ്രതിസന്ധിയിൽ നെതന്യാഹു

tn head back
വെബ് ഡെസ്ക്

Published on Jun 18, 2026, 02:47 PM | 4 min read

ടെഹ്റാൻ: ഇറാനെതിരെ അമേരിക്ക ഇസ്രയേൽ സഖ്യം രൂക്ഷമായ ആക്രമണം തുടരുന്നതിനിടെ മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറി ഒരു വെളിപ്പെടുത്തൽ നടത്തിയിരുന്നു. ഇറാനെതിരായ യുദ്ധം ഇസ്രയേലിന്റെ തുടര്‍ച്ചയായ നിര്‍ബന്ധത്തിന് വഴിപ്പെട്ടാണ് എന്നായിരുന്നു ചുരുക്കം.


"ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നോട്ടുവെച്ച ഇറാൻ യുദ്ധ പദ്ധതി ജോർജ്ജ് ഡബ്ല്യു ബുഷ്, ബരാക് ഒബാമ, ജോ ബൈഡൻ എന്നീ മുൻ പ്രസിഡന്റുമാര്‍ നിരസിച്ചതാണ്. കടുത്ത ആഭ്യന്തര എതിർപ്പുകൾക്കിടയിലും ഡൊണാൾഡ് ട്രംപ് നെതന്യാഹുവിന്റെ തന്ത്രത്തിന് വഴങ്ങി ആക്രമണ പദ്ധതി അംഗീകരിക്കുകയായിരുന്നു"- 'ദി ലേറ്റ് ഷോ വിത്ത് സ്റ്റീഫൻ കോൾബെർട്ടി'ൽ സംസാരിക്കവെയാണ് കെറി തുറന്നു പറച്ചിൽ നടത്തിയത്.


നെതന്യാഹുവിന്റെ പദ്ധതിയെ ട്രംപിന്റെ സംഘത്തിലെ പ്രധാന അംഗങ്ങൾ 'പരിഹാസ്യം' എന്ന് വിശേഷിപ്പിക്കുകയും എതിർക്കുകയും ചെയ്തിരുന്നതായും കെറി കൂട്ടിച്ചേര്‍ത്തു. ഇപ്പോൾ ‍ഡൊണാൾഡ് ട്രംപിന്റെ നിര്‍ബന്ധപൂര്‍വ്വമുള്ള സമ്മര്‍ദ്ദത്തിന് വഴങ്ങി സമാധാന കരാര്‍ പുറത്തു വന്നിരിക്കയാണ്. ഈ വേളയിൽ പരിഹാസ്യം എന്ന അവസ്ഥയിൽ യഥാര്‍ത്ഥത്തിൽ എത്തിച്ചേര്‍ന്നത് നെതന്യാഹുവും അദ്ദേഹത്തിന്റെ രാഷ്ട്രീയ നയങ്ങളുമായി മാറിയിരിക്കുന്നു. രാജ്യത്തിനകത്ത് പുതിയ സമ്മര്‍ദ്ദ ഗ്രൂപ്പുകൾ ഇത് ഏറ്റെടുത്തിരിക്കുന്നു.


ഫെബ്രുവരി 11-ന് നെതന്യാഹു വൈറ്റ് ഹൗസ് സന്ദർശിച്ചതോടെയാണ് യുദ്ധ പദ്ധതികളുടെ തുടക്കം. അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നിട്ടും ഓപ്പറേഷൻ എപ്പിക് ഫ്യൂറി എന്ന് വിളിക്കപ്പെട്ട ആക്രമണ പദ്ധതി ട്രംപ് ഭരണകൂടം അംഗീകരിക്കുകയായിരുന്നു. ഫെബ്രുവരി 28 ന് തുടങ്ങിയ ആക്രമണങ്ങൾ ലോകത്തെ മുഴുവനും ബാധിച്ച യുദ്ധമായി മാറി. മിക്ക രാജ്യങ്ങളും ദുരിതഫലങ്ങൾ അനുഭവിച്ചു. ഇനി എപ്പോൾ ഇതിനൊക്കൊയും അറുതിവരുമെന്ന ആശങ്കയിലാണ് ലോക ജനത.


യുദ്ധം തുടരവെ തന്നെ ഇസ്രയേൽ പ്രത്യക്ഷ ആക്രമണ രംഗത്തുനിന്നും മെല്ലെ മുഖം മാറയ്ക്കുന്ന കാഴ്ചയായിരുന്നു. സൈനിക ലക്ഷ്യങ്ങൾ ഇറാന് സമാന്തരമായി ലെബനനിലേക്കും അതുവഴി ഹിസ് ബുള്ളയിലേക്കും തിരിച്ചു വെച്ചു. ഇതിന് തുടര്‍ച്ചയായി സമാധാന കരാറിലും ഇസ്രയേൽ താത്പര്യങ്ങൾ മുഖ്യ പരിഗണനയ്ക്ക് പുറത്തായി.


അമേരിക്ക ഏകപക്ഷീയമായി ഇറാനുമായി ചർച്ച നടത്തി കരാറിലെത്തിയത് ഇസ്രായേലിന് വലിയ ആഘാതമായി മാറിയിരിക്കുകയാണ്. ഡൊൺൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള യു എസ് ഭരണകൂടത്തിന് യുദ്ധം നീട്ടിക്കൊണ്ടു പോവുക വെല്ലുവിളിയായിരുന്നു. രാജ്യത്തിനകത്ത് നിന്നുതന്നെ രൂക്ഷമായ വിമര്‍ശനങ്ങൾ ആവര്‍ത്തിച്ചു. യുദ്ധം തുടങ്ങുന്നതിന് മുമ്പ് ഇറാനിൽ നിന്ന് അടിയന്തരമായ ഒരു ആണവ ഭീഷണി ഉണ്ടായിരുന്നില്ലെന്നും, ഒരു ദശകം മുമ്പ് ഒപ്പിട്ട ആണവ കരാർ ഇതിന് ഫലപ്രദമായി തടയിട്ടിരുന്നതായും കെറി ഉയര്‍ത്തിയ വാദം ഇനിയും ഖണ്ഡിക്കപ്പെട്ടില്ല.



Related News


ധാരണ പ്രാബല്യത്തിലെന്ന്

വൈറ്റ് ഹൗസും ഇറാനും


മാസങ്ങൾ നീണ്ടുനിന്ന പശ്ചിമേഷ്യൻ യുദ്ധത്തിന് താൽക്കാലിക വിരാമമിട്ട് അമേരിക്കയും ഇറാനും തമ്മിൽ ചരിത്രപരമായ 14 ഇന സമാധാന കരാറിൽ ഒപ്പുവെച്ചു. യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും ഔദ്യോഗികമായി ഡിജിറ്റൽ ഒപ്പുവെച്ചതോടെ ധാരണ പ്രാബല്യത്തിൽ വന്നതായി വൈറ്റ് ഹൗസും ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർനയും സ്ഥിരീകരിച്ചു.


പാകിസ്താൻ, ഖത്തർ എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ഈ നിർണായക നയതന്ത്ര നീക്കം സാധ്യമായത്. 60 ദിവസത്തെ താൽക്കാലിക വെടിനിർത്തലിനും ഹോർമൂസ് കടലിടുക്ക് തുറന്നുകൊടുക്കാനും വ്യവസ്ഥ ചെയ്യുന്നതാണ് ഈ ഇടക്കാല കരാർ. ഇതിനിടയിൽ ഇസ്രയേലിന്റെ താത്പര്യങ്ങൾ ചുരുട്ടി മാറ്റിവെക്കപ്പെട്ടു എന്ന പ്രതീതിയാണ്.


അകന്നും അടുത്തും

പശ്ചിമേഷ്യൻ യുദ്ധത്തിന്റെ തുടക്കത്തിൽ തോളോട് തോൾ ചേർന്ന് നിന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും വ്യത്യസ്ത താല്പര്യങ്ങളുമായി രണ്ട് തട്ടിലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യം ഉണ്ടായി. ഇറാനുമായി യു.എസ് നടത്തുന്ന നിർണായക നയതന്ത്ര ചർച്ചകൾക്കിടെ, ട്രംപിന്റെ മുന്നറിയിപ്പുകൾ അവഗണിച്ച് ഇസ്രായേൽ ലെബനനിലും ഇറാനിലും വീണ്ടും ആക്രമണം നടത്തിയതോടെ ഇരുനേതാക്കളും തമ്മിലുള്ള ഭിന്നതകൾ മറനീക്കി.

tn 26n

ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിൽ, "തീരുമാനങ്ങൾ എടുക്കുന്നത് നെതന്യാഹുവല്ല, ഞാനാണ്" എന്ന് ട്രംപ് പരസ്യമായി പ്രഖ്യാപിക്കുകയുണ്ടായി. ഒരു ഘട്ടത്തിൽ വട്ടൻ എന്ന് പരസ്യമായി വിശേഷിപ്പിച്ചു. അങ്ങിനെ ഫോൺകാൾ വഴി നേരിട്ട് പറഞ്ഞതായി പരസ്യപ്പെടുത്തുകയും ചെയ്തു. സമാധാന കരാറിലും ഇവയുടെ തുടര്‍ച്ച ദൃശ്യമാണ്. പതുക്കെ, ഒരേസമയം യുദ്ധ നായകനായും അതേസമയം സമാധാന ശ്രമങ്ങളുടെ മധ്യസ്ഥനായും ട്രംപ് നായക റോൾ തന്റെ സ്വന്തമാക്കി.


രാഷ്ട്രീയ നഷ്ടങ്ങൾ

നെതന്യാഹുവിനും കൂട്ടുകാര്‍ക്കും


ഫെബ്രുവരി 28-ന് ഇറാന് നേരെ യു.എസും ഇസ്രായേലും സംയുക്തമായി നടത്തിയ ശക്തമായ വ്യോമാക്രമണത്തോടെയാണ് നിലവിലെ യുദ്ധം ആരംഭിക്കുന്നത്. ഇറാന്റെ പരമോന്നത നേതാവായിരുന്ന അലി ഖൊമേനി കൊല്ലപ്പെടുകയും മേഖല വലിയ പ്രതിസന്ധിയിലാവുകയും ചെയ്തിരുന്നു. ഇറാന്റെ ആണവ നിലയങ്ങളും ഹിസ്ബുള്ള ഉൾപ്പെടെയുള്ള പ്രോക്സി ഗ്രൂപ്പുകളെയും പൂർണ്ണമായി തകർക്കുക എന്നതായിരുന്നു ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ലക്ഷ്യം.


എന്നാൽ ചർച്ചകളിൽ നിന്ന് ഇസ്രായേൽ പൂര്‍ണ്ണമായും പുറത്തായിരുന്നു. സമാധാന ഉപാധികൾക്ക് മേൽ നിരന്തര സമ്മര്‍ദ്ദത്താൽ സ്വാധീനം നേടാൻ ശ്രമിച്ചപ്പോഴും ഇസ്രായേലിനെ പൂർണ്ണമായി ഒഴിവാക്കിയാണ് ട്രംപ് ഇപ്പോഴത്തെ കരാറിലെത്തിയത്. ഇസ്രായേലിന്റെ ആക്രമണങ്ങൾ അതിജീവിച്ച് ലെബനനിൽ ഹിസ്ബുള്ളയും ഗാസയിൽ ഹമാസിന്റെ ഒരു വിഭാഗവും ഇപ്പോഴും നിലനിൽക്കുന്നു.


ലെബനനിലെ സൈനിക നടപടികൾ അവസാനിപ്പിക്കണമെന്ന ഇറാന്റെ ആവശ്യം ട്രംപ് അംഗീകരിക്കയാണ് ചെയ്തത്. ഇത് ഇസ്രായേലിന്റെ സൈനിക നീക്കങ്ങൾക്ക് വിലങ്ങുതടിയാകും. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതികൾ അവസാനിപ്പിക്കാൻ അമേരിക്ക സമ്മർദ്ദം ചെലുത്തില്ലെന്ന നിലപാടും ഇസ്രായേലിനെ ചൊടിപ്പിച്ചിട്ടുണ്ട്. ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം സംബന്ധിച്ചും അന്താരാഷ്ട്ര ഉപരോധങ്ങൾ പൂർണ്ണമായി നീക്കുന്നതിനെക്കുറിച്ചും വരും ദിവസങ്ങളിൽ സ്വിറ്റ്‌സർലൻഡിൽ വിപുലമായ ചർച്ചകൾ നിശ്ചയിച്ചിട്ടുള്ളതും ഇസ്രയേലിന്റെ സാന്നിധ്യമില്ലാതെയാണ്.


വരാനിരിക്കുന്ന യു എസ് കോൺഗ്രസ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ആഭ്യന്തരമായി ജനപ്രിയമല്ലാത്ത യുദ്ധം അവസാനിപ്പിക്കാനാണ് ട്രംപ് ധൃതി കൂട്ടിയത്. ഹോർമൂസ് കടലിടുക്ക് എത്രയും വേഗം തുറന്ന് ആഗോള വിപണിയിൽ ഇന്ധനവില നിയന്ത്രിക്കുക എന്നതും ട്രംപിന്റെ വെല്ലുവിളിയായിരുന്നു. ലോക സമാധാനത്തിന്റെ നായകപദവി ലഭിക്കാൻ പല തവണ കുപ്പായമിട്ട് പരസ്യമായി രംഗത്ത് എത്തിയ വ്യക്തിയാണ്.


രാഷ്ട്രീയ പ്രതിസന്ധിയിൽ

ഇസ്രായേൽ പ്രധാനമന്ത്രി


ഇസ്രയേലിലും വരുന്ന ഒക്ടോബറിൽ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കയാണ്. പക്ഷേ ഈ സമാധാന കരാർ നെതന്യാഹുവിന് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. പ്രതിപക്ഷ നേതാക്കളായ യെയർ ലാപിഡ്, മുൻ പ്രധാനമന്ത്രി ഏഹുദ് ബരാക് എന്നിവർ നെതന്യാഹുവിന്റെ തന്ത്രപരമായ പരാജയമാണിതെന്ന് ആരോപിച്ച് രംഗത്തെത്തിക്കഴിഞ്ഞു. "നെതന്യാഹുവിന്റെ അഹങ്കാരത്തിന്റെയും അന്ധതയുടെയും വിലയാണ് ഇസ്രായേൽ നൽകുന്നത്. ഇറാൻ കൂടുതൽ ശക്തമാവുകയും ഇസ്രായേൽ ദുർബലമാവുകയും ചെയ്തു," എന്നാണ് മുൻ പ്രധാനമന്ത്രി ഏഹുദ് ബരാക് പരാമര്‍ശിച്ചത്.


ഇസ്രയേലിൽ ഹമാസ് ആക്രമണത്തോടെ ഉയര്‍ന്നു വന്ന വംശീയ വിടവുകൾ പരമാവധി മുതലാക്കിയാണ് യെയര്‍ ലാപിഡും സംഘവും പ്രതിപക്ഷത്ത് പുതിയ മുഖവുമായി നിൽക്കുന്നത്. നേരത്തെ പുരോഗമന ആശങ്ങളുടെ പക്ഷവും വംശീയ ഉന്മൂലന നയങ്ങൾക്കെതിരായ ശക്തമായ ശബ്ദവുമായിരുന്ന ലാപിഡ് ഇപ്പോൾ രാജ്യത്തെ വിദ്വേഷ സാഹചര്യത്തെ മുതലെടുക്കുന്ന കാര്യത്തിലും നെതന്യാഹുവിനോട് മത്സരിക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.


2023 ഒക്ടോബറിലെ ഹമാസ് ആക്രമണം തടയുന്നതിലുണ്ടായ വീഴ്ചയ്ക്ക് പരിഹാരമായി ഇറാന് മേൽ വലിയൊരു സൈനിക വിജയം തെരഞ്ഞെടുപ്പിൽ ഉയർത്തിക്കാട്ടാനായിരുന്നു നെതന്യാഹുവിന്റെ ശ്രമം. എന്നാൽ അമേരിക്കയുടെ പെട്ടെന്നുള്ള പിന്മാറ്റം നെതന്യാഹുവിന്റെ രാഷ്ട്രീയ ഭാവിക്ക് മേൽ എതിര്‍ നിഴൽ വീഴ്ത്തിയിരിക്കുകയാണ്. ഗാസയിലെ അതി നിഷ്ഠൂരതകൾ ലോകമാനവികതയ്ക്ക് മുന്നിൽ ഇസ്രയേൽ എന്ന രാജ്യത്തിന് മനുഷ്യത്വ വിരുദ്ധ മുഖം നൽകുകയാണ് ചെയ്തത്. സ്വന്തം രാജ്യത്തിന്റെ നിലനിൽപും ഭാവിയും എന്ന കരുതൽ മുൻനിര്‍ത്തിയുള്ള ന്യായീകരണങ്ങളെക്കാൾ മാനവികതയിൽ നിന്നുള്ള തിരിച്ചു നടപ്പിന്റെ അതിക്രൂരമായ ചരിത്ര രേഖകളായി.


അന്തിമ കരാറോളം

ഇനിയും കാത്തിരിപ്പ്


അമേരിക്കയുമായുള്ള ഭിന്നതകൾ നെതന്യാഹു തള്ളിക്കളയുകയാണ് ഉണ്ടായത്. "ഇസ്രായേലിന് സ്വയം പ്രതിരോധിക്കാൻ പൂർണ്ണ അവകാശമുണ്ട്, എന്റെ സുഹൃത്തായ പ്രസിഡന്റ് ട്രംപുമായുള്ള ചർച്ചകളിലും ഞാൻ ഇത് തന്നെയാണ് വ്യക്തമാക്കുന്നത്," എന്ന് നെതന്യാഹു മാധ്യമങ്ങളോട് പറഞ്ഞു.


അമേരിക്കയും ഇസ്രായേലും തമ്മിലുള്ള ബന്ധത്തിൽ ഇത്തരം തർക്കങ്ങൾ സ്വാഭാവികമാണെന്നും എന്നാൽ അത് പരസ്യമായി ചർച്ച ചെയ്യപ്പെടുന്നു എന്നതാണ് നിലവിലെ പ്രത്യേകതയെന്നും വാഷിംഗ്ടൺ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ധർ ചൂണ്ടിക്കാട്ടി. സാമ്രാജ്യത്വ കോര്‍പ്പറേറ്റ് താത്പര്യങ്ങളുടെ പങ്കാളികൾ എന്ന നിലയിൽ ഇരുവരും ഒന്നിച്ചു തന്നെയാണ്. അപ്പോഴും ഗാസ, ലെബനൻ, ഇറാൻ വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള അടിസ്ഥാനപരമായ ഭിന്നതകൾ വരും ദിവസങ്ങളിൽ കൂടുതൽ പ്രകടമാകാനാണ് സാധ്യത.


കരാര്‍ അന്തിമമാക്കാൻ ഇനിയും കാത്തിരിക്കേണ്ടി വരും. അത് ഇസ്രയേലിന്റെ താത്പര്യങ്ങളെ എത്രത്തോളം കണക്കിലെടുത്താവും എന്നത് നിര്‍ണ്ണായകമാണ്. തുടക്കം മുതൽ കടുത്ത നിലപാടുകളുമായാണ് ഇറാൻ ഉറച്ചുനിന്നത്. ഇസ്രയേലിന്റെ സൈനിക ശേഷിക്കെതിരെ നിശ്ചയദാര്‍ഢ്യത്തോടെ നിലപാടിൽ ഇളക്കമില്ലാതെ തുടര്‍ന്നു. ഇസ്രയേലിന്റെ താത്പര്യങ്ങൾക്കെതിരെ ഇനിയും ഈ ചെറുത്ത് നിൽപ്പ് തുടരാം. പശ്ചിമേഷ്യൻ മേഖലയിലെ ഇസ്രയേലിന്റെ താത്പര്യങ്ങൾ ഇനിയും ബാക്കിയാണ്. അന്തിമ കരാറിന് തൊട്ടടുത്താവും നെതന്യാഹു രാജ്യത്ത് തെരഞ്ഞെടുപ്പിനെ നേരിടുക.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home