ad
Deshabhimani

print edition പശ്ചിമേഷ്യൻ യുദ്ധഭീതി; ആശങ്കയില്‍ പ്രവാസികള്‍

israel attack on iran
avatar
അനസ് യാസിൻ

Published on Mar 01, 2026, 02:35 AM | 2 min read

ദുബായ്: ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തെത്തുടര്‍ന്ന് മലയാളികളടക്കമുള്ള ഇന്ത്യൻ പ്രവാസികള്‍ കടുത്ത ആശങ്കയിൽ. ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ്‌സ് ട്രൂ പ്രോമിസ് 4 എന്ന പേരില്‍ യുഎഇ, ബഹ്‌റൈന്‍, ഖത്തര്‍, കുവൈത്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങളിൽ ശനിയാഴ്‌ച പുലര്‍ച്ചെ മുതലാണ്‌ മിസൈല്‍, ഡ്രോണ്‍ ആക്രമണമുണ്ടായത്.


മേഖലയിലെ യുദ്ധസമാന സാഹചര്യം പ്രവാസി മലയാളികള്‍ക്കിടയില്‍ വലിയ ആശങ്ക പടര്‍ത്തി. സുരക്ഷിത സ്ഥാനങ്ങളില്‍ തുടരാനും കിംവദന്തികളില്‍ വിശ്വസിക്കരുതെന്നും ഔദ്യോഗിക അറിയിപ്പുകള്‍ മാത്രം പിന്തുടരണമെന്നും എംബസികള്‍ നിര്‍ദേശം നൽകി. മുപ്പത് ലക്ഷത്തിലേറെ മലയാളികളാണ് ഗള്‍ഫ് മേഖലയിലുള്ളത്. ആക്രമണങ്ങളെത്തുടര്‍ന്ന് യുഎഇ, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ തങ്ങളുടെ വ്യോമപാത ഭാഗികമായി അടച്ചു. നൂറുകണക്കിന് വിമാന സര്‍വീസുകള്‍ റദ്ദാക്കിയതും പ്രവാസികളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ആക്രമണ മേഖലകളിൽനിന്ന്‌ വിട്ടുനിൽക്കാൻ വിവിധ രാജ്യങ്ങൾ ജനങ്ങൾക്ക്‌ നിർദേശം നൽകി.


യുഎഇയിലെ അമേരിക്കയുടെ അല്‍ ദഫ്ര എയര്‍ ബേസിനെ ലക്ഷ്യമിട്ടായിരുന്നു ശനിയാഴ്‌ച പുലര്‍ച്ചെ ആക്രമണമുണ്ടായത്. അബുദാബിയില്‍ മിസൈല്‍ അവശിഷ്‌ടങ്ങള്‍ വീണ് പാക് സ്വദേശി മരിച്ചു. മിസൈല്‍ അവശിഷ്‌ടങ്ങള്‍ അബുദാബിയിലെയും ദുബായിലെയും വിവിധ ഭാഗങ്ങളില്‍ പതിച്ചു. ജുഫൈറില്‍ അമേരിക്കയുടെ അഞ്ചാം കപ്പല്‍പ്പടയുടെ ആസ്ഥാനത്തിന് നേരെ ആക്രമണമുണ്ടായതായി മിസൈലുകള്‍ വിജയകരമായി പ്രതിരോധിച്ചതായും ബഹ്‌റൈന്‍ ഡിഫന്‍സ് ഫോഴ്‌സ് ജനറല്‍ കമാന്‍ഡ് അറിയിച്ചു.


ഖത്തറിലും കുവൈത്തിലും വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഇറാന്റെ മിസൈലുകളെ ആകാശത്തുവെച്ച് തന്നെ തകര്‍ത്തതായി ഇരു രാജ്യങ്ങളും അറിയിച്ചു. മേഖലയിലെ ഏറ്റവും വലിയ യുഎസ് സൈനിക ക്യാമ്പായ ദോഹയിലെ അല്‍ ഉദൈദ് വ്യോമതാവളത്തെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് ഖത്തര്‍ സ്ഥിരീകരിച്ചു. സമാധാനപരമായ ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാണ് ഖത്തര്‍ എപ്പോഴും ആഗ്രഹിക്കുന്നതെന്നും എന്നാല്‍ രാജ്യത്തിന്റെ സുരക്ഷയില്‍ വിട്ടുവീഴ്ചയില്ലെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.


കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വൈകീട്ടുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ചിലര്‍ക്ക് നിസാര പരിക്കേറ്റതായി സിവില്‍ ഏവിയേഷന്‍ വിഭാഗം അറിയിച്ചു. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി തടസ്സപ്പെട്ടു. കുവൈത്തില്‍ അല്‍ സലേം എയര്‍ബേസ് ലക്ഷ്യമിട്ട് ശനി രാവിലെയാണ് ആദ്യ ആക്രമണമുണ്ടായത്. അലി അല്‍ സലേം എയര്‍ബേസ്, ക്യാമ്പ് അരിഫ്ജാന്‍ എന്നിവയുള്‍പ്പെടെ ആറ് യുഎസ് സൈനിക കേന്ദ്രങ്ങളാണ് കുവൈത്തിലുള്ളത്. ജോര്‍ദാനിലെ മുവാഫാക്ക് അല്‍ സാല്‍ത്തി എയര്‍ ബേസിലേക്കും ആക്രമണമുണ്ടായി.


യുഎഇയുടെ പരമാധികാരത്തിന് മേലുള്ള നഗ്‌നമായ ലംഘനമാണിതെന്നും ഉചിത സമയത്ത് തിരിച്ചടിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്‌താവിച്ചു. സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിനെയും കിഴക്കന്‍ പ്രവിശ്യയെയും ലക്ഷ്യമിട്ടും ഇറാന്‍ മിസൈലുകള്‍ തൊടുത്തുവിട്ടതായി സൗദി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home