print edition യുഎസ്– ഇറാൻ യുദ്ധം; വെടിനിർത്തൽ നീട്ടിയേക്കും

വാഷിങ്‌ടൺ : യുഎസും ഇറാനും തമ്മിലുള്ള വെടിനിർത്തൽ 60 ദിവസത്തേക്ക് കൂടി നീട്ടാനും പുതിയ ആണവ ചർച്ച ആരംഭിക്കാനും ഇരുരാജ്യവും പ്രാഥമിക ധാരണയായെന്ന് റിപ്പോര്‍ട്ട്. ധാരണയിലെത്തിയെങ്കിലും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കരാറിൽ ഇതുവരെ ഒപ്പുവെച്ചിട്ടില്ലെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ വെളിപ്പെടുത്തി. എന്നാൽ പുതിയ കരാറിന്റെ കരട് രേഖയിൽ അടുത്തിടെ മാറ്റം വരുത്തിയെന്നും ഇത് ഇതുവരെ അന്തിമമാക്കിയിട്ടില്ലെന്നും ഇറാന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടുചെയ്യുന്നു. ഹോർമുസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കാനും ഗതാഗതം പുനഃസ്ഥാപിക്കാനുമുള്ള നിർണായക വ്യവസ്ഥകൾ ഉൾപ്പെടുത്തിയാണ് പുതിയ ധാരണാപത്രം തയ്യാറാക്കിയതെന്നാണ് റിപ്പോര്‍ട്ട്.
കടലിടുക്കിലെ തടസങ്ങൾ നീക്കാൻ 30 ദിവസത്തിനകം ഇറാൻ മൈനുകൾ മാറ്റണമെന്നും വാണിജ്യ കപ്പലുകളിൽ നിന്ന് നികുതി ഈടാക്കുന്നത് നിർത്തണമെന്നുമാണ് പ്രധാന വ്യവസ്ഥ. പകരം, ഇറാൻ തുറമുഖങ്ങൾക്കെതിരെയുള്ള നാവിക ഉപരോധം യുഎസ് ഘട്ടംഘട്ടമായി പിൻവലിക്കും. എണ്ണ വില്പനയ്ക്കുള്ള ഉപരോധങ്ങളിൽ ഇളവ് വരുത്തും. 60 ദിവസത്തെ വെടിനിർത്തൽ കാലയളവിൽ ഇറാന്റെ ആണവപദ്ധതികളെക്കുറിച്ച് ചർച്ചകൾ നടത്തും. ഇറാന്റെ പക്കലുള്ള യുറേനിയം ശേഖരം എന്തുചെയ്യണമെന്നതിലും തീരുമാനമാകുമെന്നും പാശ്ചാത്യ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടുചെയ്യുന്നു.
ലെബനനിൽ ഹിസ്ബുള്ളയ്ക്കെതിരെയുള്ള ഇസ്രയേലിന്റെ സൈനിക നീക്കങ്ങൾ അവസാനിപ്പിക്കണമെന്ന ആവശ്യവും ഇറാൻ മുന്നോട്ടുവെക്കുന്നുണ്ട്. അതേസമയം, കരാർ ചർച്ചകൾ പുരോഗമിക്കുമ്പോഴും മേഖലയിൽ സംഘർഷങ്ങൾ തുടരുകയാണ്. കഴിഞ്ഞ ദിവസം ഇറാനിൽ നിന്നുള്ള മിസൈലുകളും ഡ്രോണുകളും കുവൈത്ത് പ്രതിരോധ സംവിധാനം തകർത്തതായി റിപ്പോർട്ടുകളുണ്ട്. ഇതിന് പിന്നാലെ തങ്ങളുടെ വ്യോമാതിർത്തിയിൽ വെച്ച് ശത്രുവിമാനം വെടിവെച്ചിട്ടതായി ഇറാൻ സ്ഥിരീകരിച്ചു.










0 comments