ad
Deshabhimani

print edition യുഎസിന് തിരിച്ചടി

Jordan.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jul 20, 2026, 12:03 AM | 2 min read

ദുബായ്: ഹോർമുസ് കടലിടുക്ക് പിടിക്കാൻ ഒരാഴ്‌ചയായി ഇറാനിൽ അതിതീവ്ര ബോംബാക്രമണം നടത്തുന്ന അമേരിക്കൻ സൈന്യത്തിൻ വൻതിരിച്ചടി. ജോർദാനിൽ ഇറാന്റെ മിന്നലാക്രമണത്തിൽ രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു. ഒരാളെ കാണാതായി. നാലുപേർ പരിക്കേറ്റ് ചികിത്സയിൽ. ഇതോടെ പശ്ചിമേഷ്യൻ യുദ്ധത്തിൽ കൊല്ലപ്പെട്ട അമേരിക്കൻ സൈനികരുടെ എണ്ണം 16 ആയി.


430ലധികം പേർക്ക് പരിക്കേറ്റു. ആൾനാശം സ്ഥിരീകരിച്ചതിന് പിന്നാലെ ഞായറാഴ്‌ച യുഎസ് സൈന്യം ഇറാന്റെ അർധസൈനിക വിഭാഗമായ റെവല്യൂഷണറി ഗാർഡിനെ ലക്ഷ്യമാക്കി ശക്തമായ വ്യോമാക്രമണം നടത്തി. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ശേഖരം ലക്ഷ്യമിട്ടായിരുന്നു പ്രധാന ആക്രമണം. നിർമാണത്തിലിരുന്ന ആണവനിലയ മേഖലയിലും ബോംബാക്രമണമുണ്ടായെന്ന് ഇറാൻ സ്ഥിരീകരിച്ചു. സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെ തെക്കൻ നഗരമായ അഖാബയിലെ അന്താരാഷ്‌ട്ര വിമാനത്താവളവും തുറമുഖവും ജോർദാൻ അധികൃതർ ഒഴിപ്പിച്ചതായി യുഎസ് എംബസി അറിയിച്ചു.


കുവൈത്തിലെ ഊർജ, ജല ശുദ്ധീകരണ നിലയങ്ങൾ ആക്രമിച്ചാണ് ഇറാൻ മറുപടി നല‍്കിയത്. എണ്ണസമ്പന്നമായ കുവൈത്തിൽ തുടർച്ചയായി ആക്രമണങ്ങളുണ്ടാകുന്നത് ദൈനംദിന ജനജീവിതത്തിന് ഭീഷണിയായി. ആക്രമണത്തെ ശക്തമായി അപലപിച്ച് കുവൈത്ത് പ്രസ്‌താവന ഇറക്കി.

ബഹ്റൈനിലും സൗദി അറേബ്യയിലും ആക്രമണ മുന്നറിയിപ്പുകളുണ്ടായി. അമേരിക്കൻ സഖ്യകക്ഷികളായ മിക്ക ഗൾഫ് അറബ് രാജ്യങ്ങളിലും ഇറാൻ പ്രത്യാക്രമണം നടത്തുകയാണ്.


യുഎഇയിലേക്കും ഉടൻ ആക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പ് ഇറാൻ നേതാക്കൾ നൽകുന്നു. ഇറാനിയൻ സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയുള്ള തുടർച്ചയായ ആക്രമണങ്ങൾ അർഥമാക്കുന്നത് "ദുബായ്, അബുദാബി വിമാനത്താവളങ്ങളും ഫുജൈറ, ജബൽ അലി തുറമുഖങ്ങളും ഉടൻ ഒഴിപ്പിക്കണം’ എന്നാണെന്ന് ഇറാനിയൻ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്‌തു.


"അപകടകരമായ പ്രത്യാഘാതം ഒഴിവാക്കുന്നതിനും പ്രദേശം അക്രമത്തിലേക്ക് വലിച്ചിഴക്കപ്പെടാതിരിക്കുന്നതിനും പരമാവധി സംയമനം പാലിക്കണം" എന്ന് യുഎഇ പ്രസ്‌താവന ഇറക്കി. അടിസ്ഥാന സൗകര്യങ്ങളും സിവിലിയൻ സൗകര്യങ്ങളും തർക്കുന്നതിന് ഇറാനെതിരെ യുദ്ധക്കുറ്റം ചുമത്തണമെന്ന് ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ജാസെം മുഹമ്മദ് അൽ- ബുദൈവി പ്രതികരിച്ചു.


"മറക്കാനാകാത്ത 
പാഠം" പഠിപ്പിക്കും


ഇറാനെ തുടർന്നും ആക്രമിച്ചാൽ അമേരിക്കയെ "മറക്കാനാവാത്ത പാഠങ്ങൾ" പഠിപ്പിക്കുമെന്ന് ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമനേയി പ്രതികരിച്ചു. യുഎസ് സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പ്രതികരണം. ഒരു മാസം മുമ്പ് ഒപ്പുവെച്ചതും പോരാട്ടം ശാശ്വതമായി അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതുമായ ഇടക്കാല കരാറിന്റെ ഭാഗമായുള്ള തുടർചർച്ചകൾ നിർത്തിവയ്‌ക്കുകയാണെന്ന് ഇറാൻ മധ്യസ്ഥൻ പ്രതികരിച്ചു. സമാധനക്കരാ‍ർ പാലിക്കണമെന്ന് അമേരിക്കയോടും ഇറാനോടും പാകിസ്ഥാനും കുവൈത്തും വീണ്ടും അഭ്യർഥിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home