ad
Deshabhimani

print edition പുലരുമോ സമാധാനം? ഇസ്ലാമാബാദ്‌ ചർച്ച ഇന്ന്‌

trump
വെബ് ഡെസ്ക്

Published on Apr 11, 2026, 07:06 AM | 2 min read

ഇസ്ലാമാബാദ്/ബെയ്റൂത്ത്‌ : ഇസ്രയേൽ ലെബനനിൽ ബോംബിങ്‌ തുടരവേ യുഎസ്‌– ഇറാൻ സമാധാന ചർച്ചകൾക്ക് ശനിയാഴ്ച പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ തുടക്കമാകും. അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസും ഇറാൻ പാർലമെന്റ് സ്-പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫും തമ്മിലുള്ള നിർണായക കൂടിക്കാഴ്ച ശനിയാഴ്ച രാവിലെ നടക്കും. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ മധ്യസ്ഥതയിലാണ് സംഭാഷണം. ചർച്ച പരാജയപ്പെട്ടാൽ പശ്ചിമേഷ്യ വീണ്ടും യുദ്ധത്തിലേക്ക് നീങ്ങുമെന്ന ആശങ്കയിലാണ് ലോകം.


രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തലിന്‌ അമേരിക്കയും ഇറാനും ധാരണയിലെത്തിയെങ്കിലും ലെബനനിലെ കൂട്ടക്കുരുതി തുടരുന്നത് അംഗീകരിക്കാനാകില്ലെന്ന്‌ ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. വെടിനിർത്തൽ കരാറിനെ അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ ഇസ്രയേൽ ലെബനനിൽ ആക്രമണം രൂക്ഷമാക്കിയത്‌. ഒറ്റദിവസം 303 പേരാണ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഭൂരിഭാഗവും സ്ത്രീകളും കുട്ടികളും. ‘ഓപ്പറേഷൻ എറ്റേണൽ ഡാർക്ക്നസ്' എന്ന് പേരിട്ട ആക്രമണത്തിൽ ബെയ്റൂത്ത്‌ ഉൾപ്പെടെയുള്ള നഗരങ്ങൾ തകർന്നടിഞ്ഞു. പത്തുലക്ഷത്തിലധികം പേർ അഭയാർത്ഥികളായി. അടുത്തയാഴ്ച വാഷിങ്‌ടണിൽ ലെബനനുമായി ചർച്ചകൾക്ക്‌ തയ്യാറെടുക്കുകയാണെന്ന്‌ ഇസ്രയേൽ പ്രഖ്യാപിച്ചു. അതേസമയം, യുദ്ധം അവസാനിപ്പിക്കില്ലെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്‌സ് പ്രതികരിച്ചു. ആക്രമണം നിർത്താതെ ചർച്ചകൾകൊണ്ട് കാര്യമില്ലെന്നാണ്‌ ലെബനന്റെ നിലപാട്‌. ഇസ്രയേലിനോട് വിട്ടുവീഴ്ച ചെയ്യരുതെന്ന് ഹിസ്ബുള്ള ലെബനൻ സർക്കാരിനോട് ആവശ്യപ്പെട്ടു.


ആക്രമണത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് അടച്ചത് ആഗോള വിപണിയെ ഉലച്ചതും ഒന്നരമാസമായിട്ടും മുട്ടുമടക്കാതെ ഇറാൻ തിരിച്ചടി തുടർന്നതുമാണ്‌ അമേരിക്കയെ വെട്ടിലാക്കിയത്‌. ഏതുവിധേനയും കുടുക്കിൽനിന്ന്‌ രക്ഷപ്പെടാനുള്ള അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ നീക്കത്തിന്‌ കുഴിവെട്ടുന്ന സമീപനമാണ്‌ ഇസ്രയേൽ സ്വീകരിച്ചിരിക്കുന്നത്‌. ലെബനനിലെ വെടിനിർത്തലും ഉടന്പടിയുടെ ഭാഗമാണെന്നാണ്‌ ഇറാന്റെ നിലപാട്‌. അമേരിക്കക്ക്‌ ഇതിൽ എതിർപ്പില്ലെങ്കിലും ഇസ്രയേൽ അംഗീകരിക്കുന്നില്ല. ഇറാൻ പത്തിന നിർദ്ദേശങ്ങളും അമേരിക്ക 15 ആവശ്യങ്ങളും മുന്നോട്ടുവച്ചിട്ടുണ്ട്‌.


ഇറാന്റെ ആവശ്യങ്ങൾ


ഇറാനുമേൽ യുഎസ്‌ ചുമത്തിയിട്ടുള്ള എല്ലാ സാമ്പത്തിക ഉപരോധങ്ങളും പൂർണമായും നീക്കണം, പശ്ചിമേഷ്യയിയിൽനിന്ന് യുഎസ്‌ സൈനികവിഭാഗങ്ങളെ പിൻവലിക്കണം, ഹോർമുസിലൂടെയുള്ള കപ്പൽഗതാഗതത്തിന് സുരക്ഷ ഉറപ്പാക്കുന്നതിന് പകരം യുദ്ധനഷ്‌ടപരിഹാരമായി ടോൾ ഈടാക്കും, ഇറാന്റെ ആഭ്യന്തര കാര്യങ്ങളിൽ യുഎസ്‌ ഇടപെടില്ലെന്നും സഖ്യകക്ഷികളെ ഉപയോഗിച്ച് ഇറാനെ ആക്രമിക്കില്ലെന്നും രേഖാമൂലം ഉറപ്പ് വേണം, സമാധാനപരമായ ആവശ്യങ്ങൾക്കായി യുറേനിയം സമ്പുഷ്ടീകരിക്കാനുള്ള അവകാശം അംഗീകരിക്കണം.


അമേരിക്കയുടെ ഉപാധികൾ


സമ്പുഷ്ടീകരിച്ച മുഴുവൻ യുറേനിയവും ഇറാൻ പുറത്തേക്ക് മാറ്റണം, എല്ലാ ആണവനിലയങ്ങളിലും അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിക്ക് പരിശോധനക്ക്‌ അനുമതി നൽകണം, ദീർഘദൂര ബാലിസ്റ്റിക് മിസൈലുകളുടെ വികസനവും പരീക്ഷണവും നിർത്തണം, ഹിസ്ബുള്ളയും ഹൂതിയും പോലുള്ള സായുധസംഘടനകൾക്ക് സഹായം നൽകരുത്‌, ഹോർമുസ് കടലിടുക്കിൽ ടോൾനീക്കം ഉപേക്ഷിച്ച്‌ ഗതാഗതം തടസ്സമില്ലാതെ ഉറപ്പാക്കണം, ഇറാനിൽ തടവിലുള്ള യുഎസ്‌ പൗരന്മാരെ മോചിപ്പിക്കണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home