ad
Deshabhimani

സമാധാന ചർച്ചകൾ തുടങ്ങാനിരിക്കെ അനിശ്ചിതത്വം; ഇസ്ലാമാബാദിൽ പ്രതിനിധികൾ എത്തിയില്ല, ലബനനിൽ ആക്രമണം തുടരുന്നു

Lebanon.jpg

വെടിനിർത്തൽ പ്രഖ്യാപിച്ചശേഷം ഇസ്രയേൽ ലെബനനിൽ നടത്തിയ ആക്രമണം

വെബ് ഡെസ്ക്

Published on Apr 10, 2026, 10:36 AM | 1 min read

ഇസ്ലാമാബാദ്: അമേരിക്കയും ഇറാനും തമ്മിലുള്ള നിർണ്ണായക സമാധാന ചർച്ചകൾ ഇന്ന് പാകിസ്ഥാനിൽ ആരംഭിക്കാനിരിക്കെ അനിശ്ചിതത്വം മുറുകുന്നു. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പ്രഖ്യാപിച്ചതനുസരിച്ച് ഏപ്രിൽ 10 ആയ ഇന്ന് ചർച്ചകൾ തുടങ്ങേണ്ടതുണ്ടെങ്കിലും, ഇരുഭാഗത്തുനിന്നുമുള്ള പ്രതിനിധികൾ എത്തിയതായി ഔദ്യോഗിക സ്ഥിരീകരണമില്ല.


ചർച്ചകൾക്കായി എത്തുന്ന ഉദ്യോഗസ്ഥർക്കും മാധ്യമപ്രവർത്തകർക്കും പാകിസ്ഥാൻ വിസ ചട്ടങ്ങളിൽ ഇളവ് നൽകിയിട്ടുണ്ട്. ബുധനാഴ്ച രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച വേളയിലാണ് ഇസ്ലാമാബാദിൽ ഏപ്രിൽ 10-ന് ചർച്ചകൾ നടക്കുമെന്ന് ഷെഹ്ബാസ് ഷെരീഫ് അറിയിച്ചത്. എന്നാൽ ലബനനിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളും ഹോർമുസ് കടലിടുക്കിലെ തർക്കങ്ങളും ചർച്ചകൾക്ക് കരിനിഴൽ വീഴ്ത്തുന്നു.


ഇറാന്റെ പത്തംഗ ഉദ്യോഗസ്ഥ സംഘം വ്യാഴാഴ്ച രാത്രിയോടെ ഇസ്ലാമാബാദിൽ എത്തുമെന്ന് പാകിസ്ഥാനിലെ ഇറാൻ അംബാസഡർ റെസ അമീർ മുഖദ്ദം അറിയിച്ചിരുന്നു. ഇസ്രയേലിന്റെ വെടിനിർത്തൽ ലംഘനങ്ങളിൽ ഇറാനിയൻ ജനതയ്ക്ക് ആശങ്കയുണ്ടെങ്കിലും ചർച്ചകളുമായി സഹകരിക്കുമെന്നാണ് ഇറാൻ നിലപാട്.


ചർച്ചകൾ തുടങ്ങാനിരിക്കെ വെള്ളിയാഴ്ച പുലർച്ചെയും ഇസ്രയേലിൽ വ്യോമാക്രമണ സൈറണുകൾ മുഴങ്ങി. ലബനനിൽ നിന്നുള്ള റോക്കറ്റ് ആക്രമണത്തെത്തുടർന്ന് ടെൽ അവീവ്, അഷ്‌ദോദ എന്നിവിടങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകി. വ്യാഴാഴ്ചയും ഇസ്രയേലും ഹിസ്ബുള്ളയും തമ്മിൽ കനത്ത ഏറ്റുമുട്ടൽ നടന്നു.


വെടിനിർത്തലിന്റെ ഫലപ്രാപ്തിയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സംശയം പ്രകടിപ്പിച്ചു. ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ നീക്കം സുഗമമാക്കുന്നതിൽ ഇറാൻ മാന്യതയില്ലാത്ത സമീപനമാണ് സ്വീകരിക്കുന്നതെന്ന് ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇറാൻ മുന്നോട്ടുവെച്ച പത്ത് നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ചർച്ചകൾ നടക്കേണ്ടത്.


എന്നാൽ ലബനനിലെ സംഘർഷം ചർച്ചയുടെ ഭാഗമാണോ എന്ന കാര്യത്തിൽ അമേരിക്കയും ഇറാനും തമ്മിൽ ഭിന്നത നിലനിൽക്കുന്നു. ഇസ്രയേൽ ആക്രമണം തുടരുന്നത് ചർച്ചകളെ അട്ടിമറിക്കാനുള്ള നീക്കമാണെന്ന് ഇറാൻ പറഞ്ഞു. ലോകം ഉറ്റുനോക്കുന്ന ഇസ്ലാമാബാദ് ചർച്ചകൾ ഇന്ന് വൈകുന്നേരത്തോടെയെങ്കിലും ആരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പാകിസ്ഥാൻ.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home