യുഎസ്-ഇറാൻ സമാധാന ചർച്ചകൾ സ്വിറ്റ്‌സർലൻഡിൽ സമാപിച്ചു; 60 ദിവസത്തിനുള്ളിൽ അന്തിമ കരാർ ?

യുഎസ്-ഇറാൻ സമാധാന ചർച്ചയിൽ നിന്ന് |Photo:Reuters
ബർഗൻസ്റ്റോക്ക് : പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി സ്വിറ്റ്‌സർലൻഡിലെ ബർഗൻസ്റ്റോക്കിൽ നടന്ന യുഎസ്-ഇറാൻ ഉന്നതതല ചർച്ചകൾ സമാപിച്ചു. ഖത്തറിന്റെയും പാകിസ്ഥാന്റെയും മധ്യസ്ഥതയിൽ നടന്ന ചർച്ചകളിൽ, 60 ദിവസത്തിനുള്ളിൽ അന്തിമ കരാറിലെത്താൻ ഇരുരാജ്യങ്ങളും ധാരണയായി.
സാങ്കേതികതലത്തിലുള്ള ചർച്ചകൾ ഈ ആഴ്ച മുഴുവൻ ബർഗൻസ്റ്റോക്കിൽ തുടരും. ലെബനനിലെ സൈനിക നീക്കങ്ങൾ അവസാനിപ്പിക്കാനും, ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പലുകളുടെ സുരക്ഷിതയാത്ര ഉറപ്പാക്കാൻ ഇരുരാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള ആശയവിനിമയ സംവിധാനം നിലവിൽ കൊണ്ടുവരാനും ധാരണയായി.
ചർച്ചകളിൽ വലിയ പുരോഗതി ഉണ്ടായതായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പ്രതികരിച്ചു. എണ്ണ കയറ്റുമതിക്കുള്ള ഉപരോധങ്ങളിൽ ഇളവ് ലഭിച്ചതായും, മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകുന്നതുൾപ്പെടെയുള്ള നടപടികൾ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. അതേസമയം, ചർച്ചകൾ പുരോഗമിക്കുമ്പോഴും യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ മുന്നറിയിപ്പുകൾ സമാധാന ചർച്ചകളെ പ്രതിസന്ധിയിലാക്കി.
ലെബനനിലെ പ്രോക്സി ഗ്രൂപ്പുകളെ നിയന്ത്രിക്കാൻ ഇറാൻ തയ്യാറായില്ലെങ്കിൽ കടുത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ഇതിനെതിരെ ഇറാനിയൻ ഉദ്യോഗസ്ഥർ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു. ട്രംപിന്റെ ഭീഷണികൾ അമേരിക്കയുടെ നിസ്സഹായാവസ്ഥയാണ് കാണിക്കുന്നതെന്നും, ഭീഷണികൾക്ക് വഴങ്ങില്ലെന്നും ഇറാൻ വ്യക്തമാക്കി. കടുത്ത തർക്കങ്ങൾക്കിടയിലും ചർച്ചകൾ പൂർണമായി പരാജയപ്പെട്ടിട്ടില്ലെന്നും, പിന്നാമ്പുറ ചർച്ചകളിലൂടെ ഇരുപക്ഷത്തെയും യോജിപ്പിക്കാനുള്ള ശ്രമങ്ങൾ മധ്യസ്ഥർ തുടരുകയാണെന്നും അറിയിച്ചു.










0 comments