print edition യുഎസ്– ഇറാൻ സമാധാന നീക്കം; നെതന്യാഹു വൻ രാഷ്ട്രീയ പ്രതിസന്ധിയിൽ

ടെൽ അവീവ്: തന്ത്രങ്ങൾ പരാജയപ്പെട്ടതോടെ, സഖ്യകക്ഷിയായ അമേരിക്കയോട് ഏറ്റുമുട്ടേണ്ടി വരുന്ന അവസ്ഥയിലാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. യുഎസ്– ഇറാൻ വെടിനിർത്തൽ കരാർ നെതന്യാഹുവിന്റെ രാഷ്ട്രീയ ജീവിതത്തിൽ വൻ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.
യുഎസിൽ വലിയ സ്വാധീനമുണ്ടെന്ന നെതന്യാഹുവിന്റെ വാദങ്ങളെ പൂർണമായി തള്ളിയ ട്രംപിന്റെ ശക്തമായ പ്രതികരണം ഇസ്രയേലിൽ വലിയ രാഷ്ട്രീയ കൊടുങ്കാറ്റായി.
ഇറാനെ തകർക്കുമെന്ന പ്രഖ്യാപനവുമായി യുദ്ധത്തിനിറങ്ങിയ നെതന്യാഹുവിന്, യുദ്ധം അവസാനിക്കുമ്പോൾ ഇറാൻ കൂടുതൽ ശക്തമായ നിലയിലെത്തുന്നത് വ്യക്തിപരമായ പരാജയമാണ്.
ഇസ്രയേലിൽ പൊതുതെരഞ്ഞെടുപ്പ് അടുത്തുനിൽക്കെ, ലെബനനിലെ ഹിസ്ബുള്ളയ്ക്കെതിരെയുള്ള ആക്രമണങ്ങൾ നിർത്തണമെന്ന അമേരിക്കയുടെയും ഇറാന്റെയും കടുത്ത സമ്മർദ്ദം നെതന്യാഹുവിന്റെ ‘മിസ്റ്റർ സെക്യൂരിറ്റി’ പ്രതിച്ഛായയെ പൂർണമായി തകർത്തു.
ഒന്നുകിൽ അമേരിക്കയുമായി നേരിട്ടുള്ള ഏറ്റുമുട്ടൽ, അല്ലെങ്കിൽ ഇസ്രയേലിന്റെ താൽപ്പര്യങ്ങൾ പൂർണമായി ബലികഴിച്ചുള്ള കീഴടങ്ങൽ, ഇതിലൊന്ന് തിരഞ്ഞെടുക്കാൻ നെതന്യാഹു നിർബന്ധിതനായിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് യെയർ ലാപിഡ് പാർലമെന്റിൽ പറഞ്ഞു.
സ്വന്തം പാർടിയായ ലിക്കുഡിൽ നിന്നും സഖ്യ സർക്കാരിലെ തീവ്രവലതുപക്ഷ മന്ത്രിമാരിൽ നിന്നും കടുത്ത അതൃപ്തിയാണ് നെതന്യാഹു നേരിടുന്നത്. ട്രംപിന്റെ കരാർ തങ്ങൾക്ക് ബാധകമല്ലെന്നും ഇസ്രയേലിന്റെ സുരക്ഷ ഉറപ്പാക്കാത്ത ഒരു നീക്കത്തിലും പങ്കാളികളാകില്ലെന്നും തീവ്രവലതുപക്ഷ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വീർ പരസ്യമായി പ്രഖ്യാപിച്ചു .










0 comments