യു.എസ് - ഇറാൻ സംഘർഷങ്ങൾക്ക് അറുതി; നിർണായക കരാർ വെള്ളിയാഴ്ച ഒപ്പിടും, ഹോർമുസ് കടലിടുക്ക് ഉടൻ തുറന്നേക്കും

ജനീവ: മാസങ്ങളായി നിലനിന്നിരുന്ന യു.എസ് - ഇറാൻ സൈനിക സംഘർഷങ്ങൾക്ക് താൽക്കാലിക ശമനം. ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക നീക്കങ്ങൾ അവസാനിപ്പിക്കാൻ ധാരണയായതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതുസംബന്ധിച്ച ഔദ്യോഗിക സമാധാന കരാർ വരും ദിവസങ്ങളിൽ സ്വിറ്റ്‌സർലൻഡിലെ ജനീവയിൽ വെച്ച് ഇരുരാജ്യങ്ങളും ഒപ്പിടും.
കരാർ ഒപ്പിടുന്നതിനായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ജനീവയിൽ തുടരുമെന്നാണ് വിവരം. സമാധാന ചർച്ചകൾക്ക് മുന്നോടിയായി ഇറാന് മേലുള്ള നാവിക ഉപരോധം അവസാനിപ്പിക്കാൻ യുഎസ് നാവികസേനയ്ക്ക് പ്രസിഡന്റ് ട്രംപ് നിർദ്ദേശം നൽകിക്കഴിഞ്ഞു. "ഇനി എണ്ണയൊഴുക്ക് പുനഃസ്ഥാപിക്കാം" എന്ന് ട്രംപ് പ്രഖ്യാപിച്ചതോടെ അന്താരാഷ്ട്ര വിപണിയിലും വലിയ ആശ്വാസമാണ് പ്രകടമാകുന്നത്.
യു.എസ് - ഇറാൻ ധാരണയുടെ പശ്ചാത്തലത്തിൽ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ആഗോള കപ്പൽ ഗതാഗതം യുദ്ധത്തിന് മുൻപുള്ള സാധാരണ നിലയിലേക്ക് മടങ്ങാൻ സമയമെടുക്കുമെന്നാണ് വിലയിരുത്തൽ.
ഫെബ്രുവരി അവസാനം ഇരുരാജ്യങ്ങളും തമ്മിൽ യുദ്ധം ആരംഭിച്ചതു മുതൽ പേർഷ്യൻ ഗൾഫ് മേഖലയിൽ ഏകദേശം 2,000 കപ്പലുകളും ഇരുപതിനായിരത്തോളം നാവികരും കുടുങ്ങിക്കിടക്കുകയാണ്. സമാധാന കരാർ പ്രാവർത്തികമാകുന്നുണ്ടോ എന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ സർവീസുകൾ പൂർണതോതിൽ പുനഃസ്ഥാപിക്കൂ എന്ന് പ്രമുഖ ആഗോള ഷിപ്പിംഗ് കമ്പനികൾ വ്യക്തമാക്കിയിട്ടുണ്ട്. ജീവനക്കാരുടെയും കപ്പലുകളുടെയും സുരക്ഷയ്ക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്ന് അവർ അറിയിച്ചു.










0 comments