Deshabhimani

print edition ഒടുവിൽ യുഎസ്–ഇറാൻ ചർച്ച

US

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Sep 24, 2026, 12:11 AM | 1 min read

ന്യൂയോർക്ക് : പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കുന്നതിൽ നിർണായക പുരോഗതി ലക്ഷ്യമിട്ട് മാസങ്ങൾക്കു ശേഷം ആദ്യമായി അമേരിക്കയും ഇറാനും തമ്മിൽ പരോക്ഷ ചർച്ച ആരംഭിച്ചു. ഐക്യരാഷ്ട്ര പൊതുസഭയുടെ പശ്ചാത്തലത്തിൽ ബുധനാഴ്ച ഖത്തറിന്റെ മധ്യസ്ഥതയിലാണ് ഇരുവിഭാഗവും ‘ഷട്ടിൽ ചർച്ചകൾ' നടത്തിയത്.


ജൂലൈയിൽ താൽക്കാലിക വെടിനിർത്തൽ കരാർ തകർന്നതിനുശേഷം ഇരുരാജ്യങ്ങളും തമ്മിൽ നടക്കുന്ന ആദ്യ നയതന്ത്ര നീക്കമാണിത്. ഇറാൻ വിദേശമന്ത്രി അബ്ബാസ് അരാഗ്‌ചിയും യുഎസ് പ്രതിനിധികളായ സ്റ്റീവ് വിറ്റ്‌കോഫ്, ജെറാഡ് കുഷ്‌നർ എന്നിവരുമാണ് ചർച്ചയിൽ പങ്കെടുത്ത്‌.


മൂന്ന് മണിക്കൂർ നീണ്ട രഹസ്യ ചർച്ച ഫലപ്രദമായിരുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്ഥിരീകരിച്ചു. ഇരുപക്ഷവും ഔദ്യോഗിക നിലപാടുകളിൽ കാര്യമായ മാറ്റം വരുത്തിയിട്ടില്ലെങ്കിലും കരാറിലെത്താനുള്ള സാഹചര്യം നിലവിലുണ്ടെന്ന് ട്രംപ് പറഞ്ഞു. ചർച്ചകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നതിന് തൊട്ടുമുമ്പ് യുഎൻ പൊതുസഭയിൽ കടുത്ത യുദ്ധവറി പ്രതിഫലിക്കുന്ന പ്രസംഗമാണ് ട്രംപ് നടത്തിയത്.


ഇറാനുമായി കരാറിലെത്തുക, അല്ലെങ്കിൽ "ഉന്മൂലനംചെയ്യുക’ എന്നീ രണ്ട് വഴികളാണ് തന്റെ മുന്നിലുള്ളതെന്നായിരുന്നു ട്രംപിന്റെ ഭീഷണി. വേദിയിൽ നാശത്തിന്റെ ഭാഷ ഉപയോഗിക്കുമ്പോഴും, യുഎൻ സമ്മേളനത്തിനിടെ ഇറാനുമായി ചർച്ചക്ക്‌ അമേരിക്ക എല്ലാ സ്വാധീനവും ഉപയോഗിച്ചിരുന്നു.


ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ നേരിട്ട് കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് ഇറാൻ വിദേശ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് വ്യക്തമാക്കി. എല്ലാ മുന്നണികളിലെയും യുദ്ധം അവസാനിപ്പിക്കണമെന്നും അമേരിക്കയുടെ സാമ്രാജ്യത്വ കടന്നുകയറ്റം നിർത്തലാക്കണമെന്നും അടക്കമുള്ള വ്യവസ്ഥകൾ ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനി വഴി ഇറാൻ യുഎസിനെ അറിയിച്ചു. ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനും സമാധാനത്തിനുമായി തങ്ങളുടെ മരവിപ്പിച്ച ബാങ്കിങ്‌ ആസ്തികൾ തിരികെനൽകണമെന്ന ആവശ്യത്തിലും ഇറാൻ ഉറച്ചുനിന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home