Deshabhimani

ലണ്ടനിലെ 'ഇന്ത്യൻ അറോമ' റെസ്റ്റോറന്റിന് തീയിട്ട കേസ്; 17 കാരായ രണ്ട് പേർക്ക് 10 വർഷം തടവ്

indian aroma resaurant

2025 ഓഗസ്റ്റിലെ തീപിടിത്ത ആക്രമണത്തെ തുടർന്ന് ഇന്ത്യൻ അറോമ റെസ്റ്റോറന്റ് സ്ഥിരമായി അടച്ചുപൂട്ടിയിരുന്നു

വെബ് ഡെസ്ക്

Published on Oct 05, 2026, 11:51 AM | 1 min read

ലണ്ടൻ: ലണ്ടനിലെ ഇന്ത്യൻ അറോമ റെസ്റ്റോറന്റിൽ പെട്രോൾ ഒഴിച്ച് തീപിടിപ്പിച്ച കേസിൽ 17 കാരായ രണ്ട് കൗമാരക്കാർക്ക് 10 വർഷം വീതം തടവ്. 2025 ഓഗസ്റ്റ് 22 ന് നടന്ന ആക്രമണത്തിൽ അഞ്ച് ഉപഭോക്താക്കൾക്ക് ഗുരുതര പൊള്ളലേറ്റിരുന്നു.


വാളുകളും കത്തികളുമായി കൗമാരക്കാർ റെസ്റ്റോറന്റിന്റെ പ്രവേശനകവാടം നിയന്ത്രിച്ചുനിൽക്കുന്നതിനിടെ, മൂന്നാമതൊരാൾ റെസ്റ്റോറന്റിന്റെ പിൻഭാഗത്തേക്ക് നീങ്ങി തറയിലും മേശകളിലും പെട്രോൾ ഒഴിച്ചു. തുടർന്ന് സംഘം പുറത്തേക്ക് മാറിയ ശേഷം കത്തിച്ച കടലാസ് അകത്തേക്ക് എറിഞ്ഞതോടെ റെസ്റ്റോറന്റിൽ തീപിടിക്കുകയും പൊട്ടിത്തെറിയുണ്ടാകുകയും ചെയ്തു.


ആക്രമണം നടക്കുമ്പോൾ എട്ട് ഉപഭോക്താക്കളാണ് റെസ്റ്റോറന്റിലുണ്ടായിരുന്നത്. ആക്രമണം കൃത്യമായ ആസൂത്രണത്തോടെ നടത്തിയ “സങ്കീർണവും പ്രൊഫഷണലുമായ” നടപടിയാണെന്ന് ഓൾഡ് ബെയ്‌ലി കോടതി ജഡ്ജി വിലയിരുത്തി. ആക്രമണം ഗുരുതര പരിക്കിനും മരണത്തിനും കാരണമാകുമെന്ന് പ്രതികൾക്ക് അറിയാമായിരുന്നുവെന്നും കോടതി പറഞ്ഞു.


ഒരു വനിതയുടെ ശരീരത്തിന്റെ 45 ശതമാനത്തോളം ഭാഗത്ത് ഗുരുതര പൊള്ളലേറ്റു. ഭർത്താവിനും ശരീരത്തിന്റെ 51 ശതമാനത്തോളം ഭാഗത്ത് പൊള്ളലേറ്റു. തീപിടിച്ച നിലയിൽ റെസ്റ്റോറന്റിൽനിന്ന് പുറത്തേക്ക് ഓടിയ ഇയാൾ 45 ദിവസത്തിന് ശേഷമാണ് ബോധം വീണ്ടെടുത്തത്.


ജീവന് അപകടമുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെ തീവെച്ചതിനും ആയുധം കൈവശംവച്ചതിനുമാണ് കൗമാരക്കാർ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. 10 വർഷത്തെ തടവിന് പുറമെ മൂന്ന് വർഷത്തെ അധിക കാലയളവും വിധിച്ചു. സംഭവത്തിന് പിന്നാലെ ‘ഇന്ത്യൻ അറോമ’ റെസ്റ്റോറന്റ് സ്ഥിരമായി അടച്ചുപൂട്ടിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home