ad
Deshabhimani

print edition ആശങ്കയൊഴിഞ്ഞ്‌ പശ്ചിമേഷ്യ

iran america
വെബ് ഡെസ്ക്

Published on Jul 28, 2026, 12:35 AM | 1 min read

തെഹ്‌റാൻ/വാഷിങ്‌ടൺ: അമേരിക്കയും ഇറാനും താൽക്കാലികമായി ആക്രമണം അവസാനിപ്പിച്ചതോടെ ആശങ്കയൊഴിഞ്ഞ്‌ പശ്ചിമേഷ്യ. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ഒരിടത്തും വ്യോമാക്രണങ്ങളുണ്ടായില്ല. ചർച്ചകൾക്ക്‌ ഇടം നൽകാനാണ്‌ ആക്രമണം അവസാനിപ്പിച്ചതെന്ന്‌ അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ പ്രതിനിധി അറിയിച്ചെങ്കിലും താൽപര്യമില്ലെന്ന നിലപാടിലാണ്‌ ഇറാൻ. ഹോർമുസ്‌ ഇപ്പോഴും തങ്ങളുടെ അധീനതയിലാണെന്നും ഇറാൻ അവകാശപ്പെട്ടു.


ഏപ്രിലിൽ സമാധാന കരാർ ഒപ്പിട്ടശേഷം ജൂലൈ എട്ടിനാണ്‌ അമേരിക്ക വീണ്ടും ഇറാനെ ആക്രമിച്ചത്‌. അമേരിക്കയുമായി ഒത്തുതീർപ്പ്‌ ചർച്ചകൾ നടക്കുന്നില്ലെന്ന്‌ ഇറാൻ വിദേശ മന്ത്രാലയ പ്രതിനിധി ഇസ്‌മായിൽ ബഖേയി പറഞ്ഞു. അതേസമയം, ഒമാനുമായി നടക്കുന്ന ചർച്ചകൾ തീർത്തും നയതന്ത്രപരമാണെന്നും അതിന്‌ മറ്റു മാനങ്ങളില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഇറാൻ ചർച്ച ആവശ്യപ്പെട്ടന്ന ട്രംപിന്റെ പ്രസ്‌താവനയും അദ്ദേഹം തള്ളി.


അതേസമയം അതിർത്തി കടന്നെത്തിയ രണ്ട്‌ ഡ്രോണുകൾ വെടിവച്ചിട്ടതായി ജോർദാനും ഇറാഖിൽനിന്നെത്തിയ ഡ്രോണുകൾ വെടിവച്ചിട്ടതായി സ‍ൗദിയും അറിയിച്ചു. ബദൽ സഞ്ചാര പാതയിലൂടെ കടന്നുപോയ ആറു കപ്പൽ തടഞ്ഞതായി ഇറാൻ നാവികസേന പറഞ്ഞു. മുന്നറിയിപ്പ്‌ മറികടന്ന്‌ പോകാൻ ശ്രമിച്ച കപ്പലുകളെയാണ്‌ തടഞ്ഞത്‌. ബാബ്‌ അൽ മന്ദിൽ ഹൂതികളുടെ മിസൈൽ ആക്രമണ ഭീഷണിയുള്ളതിനാൽ ഞായറാഴ്ച 11 കപ്പൽ മാത്രമാണ്‌ കടന്നുപോയത്‌.


അതേസമയം, ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു ചൊവ്വാഴ്‌ച അമേരിക്കയിലെത്തും. അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപുമായി ചർച്ച നടത്തും. അമേരിക്ക സ‍ൗദിയുമായുള്ള ആണവ കരാറിൽ നിന്ന്‌ പിൻവലിയണമെന്ന ആവശ്യം മുന്നോട്ടുവയ്‌ക്കും.

അതേസമയം സംഘർഷത്തിന്‌ അയവ്‌ വന്നതോടെ എണ്ണവില ഏഴു ശതമാനത്തിലധികം ഇടിഞ്ഞു. ബ്രെന്റ്‌ ക്രൂഡ്‌ ഓയിൽ വില 7.5ശതമാനം ഇടിഞ്ഞ്‌ ബാരലിന്‌ 88.90 ഡോളറായി. ഓഹരി വിപണിയും കുതിച്ചുയർന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home